| Tuesday, 17th January 2017, 11:20 am

വിജിലന്‍സ് അന്വേഷണം ഒച്ചിഴയുന്ന പോലെ: സര്‍ക്കാരിനെതിരെ കടുത്ത വിമര്‍ശനവുമായി കാനം

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം:  വിജിലന്‍സ് വകുപ്പിനെതിരെ കടുത്ത വിമര്‍ശനവുമായി സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്തെ കേസുകളില്‍ വിജിലന്‍സ് അന്വേഷണം ഒച്ചിഴയുന്ന പോലെയാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.

വിജിലന്‍സിനെ സ്വതന്ത്രമാക്കുമെന്ന വാഗ്ദാനം പാലിക്കാന്‍ തയാറാകണം. വിജിലന്‍സിന് വേഗത പോര. വിജിലന്‍സ് എന്നാല്‍ ഏകാംഗ സംവിധാനമല്ല ഉദ്ദേശിക്കുന്നത്. ഇപ്പോള്‍ വിജിലന്‍സ് എന്നാല്‍ വിജിലന്‍സ് ഡയറക് ടറിലേക്ക് മാത്രമായി കേന്ദ്രീകരിക്കുകയാണ്. ഒരു ടീമായി വേണം പ്രവര്‍ത്തിക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു.

അധികാരത്തിലെത്തിയാല്‍ മൂന്നുമാസത്തിനകം വിജിലന്‍സിന്റെ പരിഷ്‌കരണത്തിന് കമ്മീഷനെ നിയോഗിക്കുമെന്നായിരുന്നു പ്രകടനപത്രികയിലെ പ്രഖ്യാപനം. എന്നാല്‍ ഇത് ഇതുവരെ നടപ്പിലായിട്ടില്ല. വിജിലന്‍സ് സംവിധാനം പരിഷ്‌കരിക്കാന്‍ കമ്മീഷനെ വെക്കണം.

കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്തെ അഴിമതിക്കേസുകള്‍ ചൂണ്ടിക്കാട്ടിയാണ് അധികാരത്തില്‍ വന്നത്. അതിനാല്‍ ആ കേസുകളിലെ കുറ്റക്കാരെ കണ്ടെത്തി സമൂഹത്തിന് മുന്നില്‍ കൊണ്ടുവരണമെന്നും കാനം ആവശ്യപ്പെട്ടു.


കെ.എം മാണിക്കെതിരായ സൗന്ദര്യവര്‍ധക വസ്തുക്കളുടെ നികുതി കുറച്ചതും ബാര്‍കോഴ കേസും കോഴിനികുതി കുറച്ചതും അടക്കമുള്ള കേസുകളിലെ അന്വേഷണം ഇഴയുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

വിജിലന്‍സ് ഡയറക്ടര്‍ വൈരനിര്യാതന ബുദ്ധിയോടെ പവര്‍ത്തിക്കുന്നുവെന്ന വിമര്‍ശനങ്ങള്‍ അന്വേഷണം  നേരിടുന്നവരാണ് ഉന്നയിച്ചിട്ടുളളത്. അത്തരം വിവാദങ്ങളില്‍ അഭിപ്രായം പറയുന്നില്ലെന്ന് കാനം രാജേന്ദ്രന്‍ പറഞ്ഞു.

വിജിലന്‍സിന്റെ പ്രവര്‍ത്തനം വസ്തുനിഷ്ടമാകണം, ആത്മിനിഷ്ടമായിക്കൂടാ എന്നതാണ് സമാന്യതത്വം. അന്വേഷണങ്ങള്‍ ഫലപ്രദമായി നടക്കുകയും വേണമെന്നും കാനം വിശദീകരിച്ചു.

നിലമ്പൂരിലെ മാവോയിസ്റ്റ് വേട്ടയിലും യു.എ.പി.എ ചുമത്തലിനെതിരെയും മുഖ്യമന്ത്രിക്കും സര്‍ക്കാരിനും എതിരെ കാനം നേരത്തെയും  വിമര്‍ശനവുമായി എത്തിയിരുന്നു.

We use cookies to give you the best possible experience. Learn more