| Sunday, 3rd May 2020, 1:30 pm

'പ്രതിപക്ഷം നടത്തുന്നത് ജീവിച്ചിരിപ്പുണ്ടെന്ന് തെളിയിക്കാനുള്ള ശ്രമം'; കേന്ദ്രം ഉപദേശമല്ലാതെ മറ്റൊന്നും നല്‍കുന്നില്ലെന്നും കാനം

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: കൊവിഡിനിടെ ഇടതുസര്‍ക്കാര്‍ ധൂര്‍ത്ത് നടത്തുകയാണെന്ന പ്രതിപക്ഷ ആരോപണത്തിന് മറുപടിയുമായി സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍.

പ്രതിപക്ഷം നടത്തുന്നത് ജീവിച്ചിരിപ്പുണ്ടെന്ന് തെളിയിക്കാനുള്ള ശ്രമമാണെന്നും ജനങ്ങള്‍ എല്ലാം കാണുന്നുണ്ടെന്നും കാനം പറഞ്ഞു. പ്രതിപക്ഷ നിലപാട് ദൗര്‍ഭാഗ്യകരമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കൊവിഡില്‍ സാമ്പത്തിക സഹായം നല്‍കാത്ത കേന്ദ്രനടപടിയേയും കാനം വിമര്‍ശിച്ചു. കേന്ദ്രം ഉപദേശം ആവശ്യം പോലെ നല്‍കുന്നുണ്ടെന്നും എന്നാല്‍ ജനങ്ങള്‍ക്ക് വേണ്ടതൊന്നും ചെയ്യുന്നില്ലെന്നുമായിരുന്നു കാനം പറഞ്ഞത്.

പ്രതിപക്ഷത്തെ നേരിടുന്നതില്‍ എല്‍.ഡി.എഫില്‍ ഭിന്നതയില്ലെന്നും രാഷ്ട്രീയപരമായ എന്തെങ്കിലും അഭിപ്രായ വ്യത്യാസമുണ്ടെങ്കില്‍ തന്നെ അത് എല്‍.ഡി.എഫില്‍ ചര്‍ച്ച ചെയ്ത് പരിഹരിക്കുമെന്നും കാനം പറഞ്ഞു.

സംസ്ഥാനത്തിന്റെ ചെലവ് കുറച്ച് കൊവിഡ് പ്രതിരോധനത്തിനായി കൂടുതല്‍ ഫണ്ട് കണ്ടെത്താന്‍ സര്‍ക്കാര്‍ ധൂര്‍ത്ത് ഒഴിവാക്കണമെന്നും അതിനായി ആദ്യം മുഖ്യമന്ത്രിക്ക് വേണ്ടി നിയമിക്കപ്പെട്ട മുഴുവന്‍ ഉദ്യോഗസ്ഥരേയും ഒഴിവാക്കുകയാണ് വേണ്ടതെന്നുമുള്ള പ്രതിപക്ഷത്തിന്റെ ആരോപണത്തിന് മറുപടിയുമായി നേരത്തെ മുഖ്യമന്ത്രി പിണറായി വിജയന്‍ രംഗത്തെത്തിയിരുന്നു.

ഒരു മുതിര്‍ന്ന ഉദ്യോഗസ്ഥന് നല്‍കുന്ന ശമ്പളമോ ആനുകൂല്യങ്ങളോ തന്റെ ഉപദേഷ്ടാക്കള്‍ക്ക് എല്ലാം കൂടി നല്‍കുന്നില്ലെന്നായിരുന്നു മുഖ്യമന്ത്രി പറഞ്ഞത്.

പവന്‍ഹാന്‍സില്‍ നിന്നും മാസവാടകയ്ക്ക് എടുത്ത ഹെലികോപ്റ്റര്‍ സര്‍വ്വീസ് അവസാനിപ്പിക്കണമെന്നും ഇത് അനാവശ്യ ചെലവാണെന്നുമുള്ള പ്രതിപക്ഷത്തിന്റെ വിമര്‍ശനത്തിനും മുഖ്യമന്ത്രി മറുപടി നല്‍കിയിരുന്നു.

ഹെലികോപ്റ്റര്‍ വാടകയ്ക്ക് എടുത്തത് സുരക്ഷാ കാര്യങ്ങള്‍ക്കും ദുരന്ത നിവാരണ പ്രവര്‍ത്തനങ്ങള്‍ക്കും ആയാണെന്നും രാജ്യത്തെ മിക്കവാറും സംസ്ഥാനങ്ങള്‍ ഹെലികോപ്റ്ററുകളോ വിമാനങ്ങളോ വാങ്ങിയിട്ടുണ്ടെന്നും പിണറായി വിജയന്‍ പറഞ്ഞു.

ജീവനക്കാരുടെ ശമ്പളം മാറ്റിവെക്കാനുള്ള തീരുമാനത്തെ എതിര്‍ക്കുന്നവര്‍ ജനങ്ങളുടെ മുന്നില്‍ പരിഹാസ്യരാകുമെന്നും കേന്ദ്രസര്‍ക്കാര്‍ ഡി.എ മരവിപ്പിച്ചതിലൂടെ ഒരു ജീവനക്കാരന്റെ ഒന്നര മാസത്തെ ശമ്പളത്തിന് തുല്യമായ തുക നഷ്ടപ്പെടുമെന്നും അദ്ദേഹം വ്യക്തമാക്കി.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക.

We use cookies to give you the best possible experience. Learn more