| Thursday, 11th June 2020, 11:56 am

'ജനങ്ങളെ ദ്രോഹിച്ച് പദ്ധതിയുമായി മുന്നോട്ട് പോകില്ല'; അതിരപ്പിള്ളി പദ്ധതിയെ തള്ളി കാനം രാജേന്ദ്രന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: അതിരപ്പിള്ളി ജലവൈദ്യുത പദ്ധതിയെ തള്ളി സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. പദ്ധതി ഇടതു മുന്നണി അജണ്ടയില്‍ ഇല്ലെന്ന് കാനം പറഞ്ഞു.

ജനങ്ങളെ ദ്രോഹിച്ച് പദ്ധതിയുമായി മുന്നോട്ട് പോകില്ലെന്നും ഇപ്പോഴുണ്ടായത് സ്വാഭാവിക നടപടിക്രമം മാത്രമെന്നും കാനം പ്രതികരിച്ചതായി ഏഷ്യാനെറ്റ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു.

നേരത്തെ സി.പി.ഐ അഖിലേന്ത്യാ നേതാവും രാജ്യസഭാംഗവുമായ ബിനോയ് വിശ്വവും അതിരിപ്പിള്ളി പദ്ധതിക്കെതിരെ രംഗത്തെത്തിയിരുന്നു.

അതിരപ്പിള്ളി ജലവൈദ്യുത പദ്ധതിയുമായി മുന്നോട്ട് പോകാന്‍ കെ.എസ്.ഇ.ബിക്ക് സര്‍ക്കാര്‍ അനുമതി നല്‍കിയ തീരുമാനം മാറ്റേണ്ടി വരുമെന്നും ഇടതു പക്ഷത്തിന് ഇടതുപക്ഷമായേ മുന്നോട്ട് പോകാന്‍ സാധിക്കൂവെന്നുമാണ് ബിനോയ് വിശ്വം പറഞ്ഞത്.

അതേസമയം, അതിരപ്പിള്ളി പദ്ധതിക്ക് ലഭിച്ച അനുമതികള്‍ പുതുക്കുന്നതിന് അപേക്ഷിക്കുന്നതിനാണ് കെ.എസ്.ഇ.ബിക്ക് എന്‍.ഒ.സി നല്‍കിയതെന്നും ഇപ്പോള്‍ നടക്കുന്ന ചര്‍ച്ചകള്‍ ദുരുദ്ദേശത്തോടെയുള്ളതാണെന്നും വൈദ്യുതമന്ത്രി എം എം മണി പറഞ്ഞിരുന്നു.

അതിരപ്പിള്ളി പദ്ധതി സര്‍ക്കാര്‍ ഉപേക്ഷിച്ചിട്ടില്ലെന്നും അതുകൊണ്ടുതന്നെ പദ്ധതിക്ക് ഇതിനോടകം ലഭിച്ച അനുമതികള്‍ പുതുക്കി നേടേണ്ടത് ആവശ്യമാണെന്നും സമവായം ഉണ്ടായാല്‍ പദ്ധതി നടപ്പാക്കാനാണ് സര്‍ക്കാര്‍ തീരുമാനിച്ചിട്ടുള്ളതെന്നും മന്ത്രി പ്രസ്താവനയില്‍ പറഞ്ഞിരുന്നു.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക 

ഡൂള്‍ന്യൂസിനെ  സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

We use cookies to give you the best possible experience. Learn more