Kerala News
മീശ നോവലിന് മാത്രമല്ല ആവിഷ്‌കാര സ്വാതന്ത്ര്യം; കാര്‍ട്ടൂണ്‍ വിവാദത്തില്‍ മന്ത്രി ബാലനെതിരെ വിമര്‍ശനവുമായി കാനം രാജേന്ദ്രന്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
2019 Jun 23, 03:11 am
Sunday, 23rd June 2019, 8:41 am

കൊല്ലം: കാര്‍ട്ടൂണ്‍ വിവാദത്തില്‍ മന്ത്രി എ.കെ ബാലന്റെ നിലപാടിനെതിരെ വിമര്‍ശനവുമായി സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. മന്ത്രിയുടെ പ്രതികരണങ്ങള്‍ ഇടതുപക്ഷ സമീപനമല്ലെന്നും മീശ നോവല്‍ പ്രസിദ്ധീകരിക്കുമ്പോള്‍ മാത്രമല്ല ആവിഷ്‌ക്കാര സ്വാതന്ത്ര്യം വേണ്ടതെന്നും അദ്ദേഹം പറഞ്ഞു.

അംശവടിയെന്നത് മതചിഹ്നമല്ല, അധികാര ചിഹ്നമാണ്. ഇതിനെ വിമര്‍ശിക്കാന്‍ പാടില്ലെന്ന മന്ത്രിയുടെ സമീപനം ശരിയല്ലെന്നും കാനം കൊല്ലത്ത് പറഞ്ഞു.

കന്യാസ്ത്രീയെ ലൈംഗികമായി പീഡിപ്പിച്ച കേസിലെ പ്രതി ബിഷപ് ഫ്രാങ്കോ മുളയ്ക്കലിനെ ചിത്രീകരിച്ച കെ.കെ സുഭാഷിന്റെ കാര്‍ട്ടൂണിന് അക്കാദമി പുരസ്‌കാരം ലഭിച്ചതാണ് വിവാദമായത്. മതവികാരം വ്രണപ്പെടുന്ന തരത്തിലാണ് കാര്‍ട്ടൂണിലെ ചിത്രീകരണം എന്നാരോപിച്ച് വിവിധ സംഘടനകള്‍ രംഗത്ത് വന്നതോടെയാണ് അവാര്‍ഡ് പുനഃപരിശോധിക്കാന്‍ മന്ത്രി എ.കെ ബാലന്‍ നിര്‍ദേശിച്ചിരുന്നു. ഇതാണ് വിമര്‍ശനത്തിന് ഇടയാക്കിയത്.

തുടര്‍ന്ന് ലളിതകലാ അക്കാദമി കാര്‍ട്ടൂണ്‍ പുരസ്‌കാരത്തില്‍ മാറ്റമില്ലെന്ന് അക്കാദമി ചെയര്‍മാന്‍ നേമം പുഷ്പരാജ് പറഞ്ഞിരുന്നു. ജൂറി തീരുമാനം അന്തിമമാണ്. തീരുമാനത്തില്‍ ഉറച്ചുനില്‍ക്കുന്നെന്നും നേമം പുഷ്പരാജ് പറഞ്ഞു. പുരസ്‌കാരം പുനഃപരിശോധിക്കണമെന്ന സര്‍ക്കാര്‍ ആവശ്യം തള്ളിയാണ് അക്കാദമി തീരുമാനം.

തുടര്‍ന്ന് ലളിത കലാ അക്കാദമിയുടെ കാര്‍ട്ടൂണ്‍ വിവാദത്തില്‍ വ്യക്തമായ നിലപാട് പറയാനാവാതെ സാസ്‌ക്കാരിക മന്ത്രിയുടെ വാര്‍ത്താസമ്മേളനം കഴിഞ്ഞ ദിവസം നടന്നിരുന്നു.

ആവിഷ്‌കാര സ്വാതന്ത്ര്യം പരിപൂര്‍ണമായി അംഗീകരിക്കുന്ന ഗവര്‍മെന്റാണ് കേരളത്തിലേതെന്നും സഹിഷ്ണുതയുടെ ഏറ്റവും ഉന്നതമായ തലം ഗവര്‍മെന്റിന്റെ ഭാഗത്ത് നിന്ന് തന്നെ കാണിച്ചുകൊടുത്തിട്ടുണ്ടെന്നുമായിരുന്നു എ.കെ ബാലന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞത്.

അവാര്‍ഡ് പുനപരിശോധിക്കില്ലെന്ന അക്കാദമിയുടെ തീരുമാനം സര്‍ക്കാരിനെ അറിയിച്ചിട്ടില്ലെന്നും അതിന് മുന്‍പ് തന്നെ അക്കാദമി വാര്‍ത്താസമ്മേളം നടത്തുകയായിരുന്നെന്നും എ.കെ ബാലന്‍ പറഞ്ഞിരുന്നു.

അക്കാദമി നിലപാട് തെറ്റാണെന്നോ ശരിയാണെന്നോ പറയാതെയും സര്‍ക്കാര്‍ നിലപാട് എന്താകുമെന്നും വ്യക്തമാക്കാതെയാണ് എ.കെ ബാലന്‍ വാര്‍ത്താ സമ്മേളനം അവസാനിപ്പിച്ചത്.

DoolNews Video