തിരുവനന്തപുരം: സി.പി.ഐ സംസ്ഥാന സെക്രട്ടറിയായി കാനം രാജേന്ദ്രനെ തെരഞ്ഞെടുത്തു. മൂന്നാം തവണയാണ് കാനം സംസ്ഥാന സെക്രട്ടറിയാകുന്നത്. സംസ്ഥാന സമ്മേളനത്തില്‍ മത്സരം ഇല്ലാതെ ഏകകണ്‌ഠേനയാണ് കാനം വീണ്ടും സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടത്.
സെക്രട്ടറി സ്ഥാനത്തേക്ക് സംസ്ഥാന കൗണ്‍സിലില്‍ മത്സരം ഉണ്ടാകുമെന്ന് സൂചനയുണ്ടായിരുന്നെങ്കിലും കേന്ദ്ര നേതൃത്വം ഇടപെട്ട് ഒഴിവാക്കുകയായിരുന്നു.
മുതിര്‍ന്ന നേതാക്കളായ സി. ദിവാകരനും, കെ.ഇ. ഇസ്മായിലിനെയും പ്രായ പരിധിയുടെ അടിസ്ഥാനത്തില്‍ ഒഴിവാക്കി. 75 വയസ് പ്രായപരിധി നിര്‍ദേശം നടപ്പിലാക്കാന്‍ ജില്ലാ കമ്മിറ്റി തീരുമാനിച്ചതോടെയായിരുന്നു ഇരുവരും പുറത്തായത്.
തിരുവനന്തപുരത്ത് നിന്നുള്ള സംസ്ഥാന കൗണ്‍സിലില്‍ നിന്നാണ് ഇസ്മയില്‍ പുറത്തായത്. സി.പി.ഐ സംസ്ഥാന കൗണ്‍സിലിലേക്കുള്ള തെരഞ്ഞെടുപ്പിലും പ്രമുഖര്‍ക്ക് തോല്‍വി നേരിടേണ്ടിവന്നു.
മുന്‍ ജില്ലാ സെക്രട്ടറി പി രാജു, എ എന്‍ സുഗതന്‍, എം ടി നിക്സണ്‍, ടി സി സഞ്ജിത്ത് എന്നിവര്‍ക്കാണ് തോല്‍വി സംഭവിച്ചത്. കൊല്ലം ജില്ലയില്‍ നിന്നുള്ള സംസ്ഥാന കൗണ്‍സില്‍ അംഗ പട്ടികയില്‍ ജി.എസ്. ജയലാലിനെ ഉള്‍പ്പെടുത്തിയിരുന്നില്ല.
ഇ എസ്. ബിജിമോളെ സംസ്ഥാന കൗണ്‍സിലില്‍ നിന്ന് ഒഴിവാക്കി. പാര്‍ട്ടി കോണ്‍ഗ്രസ് പ്രതിനിധി പട്ടികയില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. ഇടുക്കി ജില്ലാ പ്രതിനിധി യോഗത്തിലായിരുന്നു തീരുമാനം.
അതേസമയം, സെക്രട്ടറിയായി തെരഞ്ഞെടുത്ത കാനം രാജേന്ദ്രന് എല്ലാ ഭാവുകങ്ങളും, പിന്തുണയും നേരുന്നുവെന്ന് സി. ദിവാകരന്‍ പറഞ്ഞു.
സംസ്ഥാന കൗണ്‍സില്‍ പ്രതിനിധികളായി 101 പേരെ തെരഞ്ഞെടുക്കാനാണ് സമ്മേളനം തീരുമാനിച്ചിരിക്കുന്നത്. മുമ്പത്തെ സംസ്ഥാന കൗണ്‍സിലിനെ അപേക്ഷിച്ച് അഞ്ച് അംഗങ്ങള്‍ ഇക്കുറി അധികമുണ്ട്.
അതേസമയം, വിജയവാഡയില്‍ വെച്ച് നടക്കുന്ന സി.പി.ഐ 24ാം പാര്‍ട്ടി കോണ്‍ഗ്രസിന് മുന്നോടിയായി നടക്കുന്ന പാര്‍ട്ടി സംസ്ഥാന സമ്മേളനം ഇന്ന് സമാപിക്കും.
Content Highlight: Kanam Rajendran again Elected as CPI state secretary