കണ്ണൂര്‍: സി.പി.ഐ സ്ഥാനാര്‍ത്ഥി പട്ടികയില്‍ സ്ത്രീ പ്രാതിനിധ്യം കുറഞ്ഞത് വീഴ്ചയാണെന്ന് തുറന്ന് സമ്മതിച്ച് സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. ഏഷ്യാനെറ്റ് ന്യൂസിനോടായിരുന്നു കാനത്തിന്റെ പ്രതികരണം.
‘ആ പട്ടികയുടെ ഒരു വലിയ കുറവ് തന്നെയാണത്. സാധാരണ മൂന്ന് വനിതാ സ്ഥാനാര്‍ത്ഥികള്‍ സി.പി.ഐക്ക് ഉണ്ടാകാറുണ്ട്. ചില കാരണങ്ങളാല്‍ അതിന് സാധിച്ചില്ല. എന്തായാലും ഒരു സീറ്റില്‍ ഒതുങ്ങില്ല. ഇനിയും നാലു സീറ്റുകളില്‍ കൂടി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിക്കാനുണ്ടല്ലോ. കുറവ് കുറവ് തന്നെയാണ് എന്ന് സമ്മതിക്കുന്നതില്‍ യാതൊരു തെറ്റുമില്ല,’ കാനം രാജേന്ദ്രന്‍ പറഞ്ഞു.
ചടയമംഗലത്ത് ചിഞ്ചു റാണിയെ നിര്‍ത്തിയതിനെ തുടര്‍ന്ന് പ്രാദേശിക നേതൃത്വത്തിനിടയിലുണ്ടായ തര്‍ക്കം കാര്യമായി എടുക്കേണ്ടതില്ല. അത്തരം പ്രശ്‌നങ്ങളെല്ലാം പരിഹരിച്ച് പോകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ചടയമംഗലത്ത് വനിതാ സ്ഥാനാര്‍ത്ഥിയെ നിര്‍ത്തിയാല്‍ ജയിക്കാന്‍ സാധ്യതയില്ലെന്നായിരുന്നു പ്രദേശിക നേതൃത്വം പറഞ്ഞത്. എതിര്‍പ്പു നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ചടയമംഗലത്ത് ഇതുവരെ സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചിട്ടില്ല. 25 സീറ്റുകളിലാണ് ഇത്തവണ സി.പി.ഐ മത്സരിക്കുന്നത്. 21 പേരുടെ പട്ടികയാണ് നിലവില്‍ പുറത്ത് വിട്ടിരിക്കുന്നത്.
ചടയമംഗലം, ഹരിപ്പാട്, പറവൂര്‍, നാട്ടിക എന്നീ മണ്ഡലങ്ങളിലാണ് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിക്കാനുള്ളത്.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക