കോഴിക്കോട്: ശബരിമലയില്‍ യുവതികള്‍ പ്രവേശിച്ചതിന് പിന്നാലെ നടയടച്ച തന്ത്രിയുടെ നടപടിയില്‍ പ്രതികരണവുമായി സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍.
ആചാര ലംഘനത്തിന് പരിഹാര ക്രിയ കാണുമെന്നും എന്നാല്‍ നിയമത്തിന് പരിഹാരക്രിയയില്ലെന്ന് കാനം രാജേന്ദ്രന്‍ പ്രതികരിച്ചു.
യുവതികളെ ശബരിമലയില്‍ കയറ്റുകയെന്നത് സര്‍ക്കാരിന്റെ അജണ്ടയല്ല. സുപ്രീം കോടതി വിധി നടപ്പിലാക്കുകയാണ് ചെയ്തത്. ബി.ജെ.പിയുടെ സമരം പരിഹാസ്യമാണെന്നും കാനം പറഞ്ഞു.
സുപ്രീം കോടതി വിധിയുടെ അടിസ്ഥാനത്തില്‍ ശബരിമലയില്‍ യുവതികള്‍ പ്രവേശനം നടത്തിയതിനു പിന്നാലെ നട അടച്ചിട്ട തന്ത്രിയുടെ നടപടി കോടതി വിധിയോടുള്ള വെല്ലുവിളിയാണെന്ന് സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും പ്രതികരിച്ചിരുന്നു.
“സുപ്രീം കോടതി വിധി നടപ്പിലാക്കേണ്ട ആള്‍ തന്നെ സുപ്രീം കോടതി വിധി ലംഘിച്ചിരിക്കുകയാണ്. അത് ആരുടെ നിര്‍ദേശ പ്രകാരം ചെയ്താലും അത് സുപ്രീം കോടതിയെ വെല്ലുവിളിക്കലാണ്.” എന്നായിരുന്നു കോടിയേരി പറഞ്ഞത്.
പരിഹാരക്രിയയുടെ പ്രശ്നമൊന്നും ഇവിടെയില്ല. സുപ്രീം കോടതി വിധി പ്രകാരം ഏതു പ്രായത്തില്‍പ്പെട്ട സ്ത്രീകള്‍ക്കും അവിടെ പ്രവേശിക്കാന്‍ അധികാരമുണ്ട്. അതിന്റെ ഭാഗമായിട്ടുള്ള കാര്യം മാത്രമാണ് ചെയ്തിട്ടുള്ളതെന്നും അദ്ദേഹം പറഞ്ഞു.
ഏതെങ്കിലും സ്ത്രീകള്‍ അവിടെ വരാന്‍ ഉദ്ദേശിക്കുന്നുണ്ടെങ്കില്‍ അങ്ങനെയുള്ള ആളുകള്‍ വരട്ടേയെന്ന് തീരുമാനിക്കുകയാണ് ഇനി വേണ്ടത്. അതിനുപകരം നടയടച്ചില്‍ പോലെ പ്രകോപനപരമായ നിലപാട് തന്ത്രിയുടെ ഭാഗത്തുനിന്നും ഉണ്ടായത് അങ്ങേയറ്റം തെറ്റായിട്ടുള്ള നടപടിയാണ്. അത് എന്തിന്റെ പേരിലാണ് തന്ത്രി ചെയ്തത് എന്നുള്ളത് പരിശോധനകള്‍ക്ക് വിധേയമാക്കണം. സുപ്രീം കോടതി തന്നെ ഇതു പരിശോധിക്കണമെന്നും അദ്ദേഹം പറഞ്ഞു.
ശബരിമലയിലെത്തുന്ന ഭക്തര്‍ക്ക് സംരക്ഷണം ഒരുക്കുകയെന്നത് പൊലീസിന്റെ ഉത്തരവാദിത്തമാണെന്നും അവിടെ സ്ത്രീകളുടെ പ്രായമൊന്നും പ്രശ്‌നമല്ലെന്നായിരുന്നു ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റ പ്രതികരിച്ചത്.