തിരുവനന്തപുരം: കേരള സമൂഹത്തില്‍ മാറ്റങ്ങള്‍ കൊണ്ടുവരാന്‍ പരിശ്രമിച്ച രാഷ്ട്രീയ നേതാക്കളിലൊരാളാണ് കെ.ആര്‍ ഗൗരിയമ്മ എന്ന് സി.പി.ഐ സംസ്ഥാന ജനറല്‍ സെക്രട്ടറി കാനം രാജേന്ദ്രന്‍. രാഷ്ട്രീയമണ്ഡലത്തില്‍ ജ്വലിക്കുന്ന ഒരു താരത്തെയാണ് നഷ്ടമായിരിക്കുന്നതെന്ന് കാനം പറഞ്ഞു. ഏഷ്യാനെറ്റ് ന്യൂസിനോടായിരുന്നു കാനത്തിന്റെ പ്രതികരണം.
‘കേരളത്തിലെ കമ്മ്യൂണിസ്റ്റുകളില്‍ പ്രമുഖയായിരുന്നു കെ. ആര്‍ ഗൗരിയമ്മ. നമ്മുടെ കേരള രാഷ്ട്രീയത്തില്‍ വലിയ സ്ത്രീപ്രാതിനിധ്യം ഇല്ലാതിരുന്ന കാലത്ത് കടന്നുവരികയും കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ പ്രവര്‍ത്തനങ്ങളില്‍ സജീവമാകുകയും ചെയ്ത നേതാവായിരുന്നു. നമ്മുടെ സാമൂഹിക ജീവിതത്തെ സ്വാധീനിച്ച നിരവധി നേതാക്കള്‍ നമ്മുടെ ജീവിതകാലത്ത് ഉണ്ടായിട്ടുണ്ട്. എന്നാല്‍ ഇത്രയേറെ സമൂഹത്തെ മാറ്റിമറിച്ച, അടിത്തറ പാകിയ നേതാക്കള്‍ ചുരുക്കമാണ്,’ കാനം പറഞ്ഞു.
ഗൗരിയമ്മയുടെ ജീവിതം പോരാട്ടങ്ങളുടെ ഒരു കാലത്തെ ജ്വലിക്കുന്ന ചരിത്രമാണ് എന്ന് കാണാന്‍ സാധിക്കുമെന്നും പാര്‍ട്ടി വിട്ടപ്പോഴും തുടര്‍ന്ന് സാമൂഹിക പ്രവര്‍ത്തനവും രാഷ്ട്രീയപ്രവര്‍ത്തനവുമായി മുമ്പോട്ട് പോയ സന്ദര്‍ഭങ്ങളിലുമെല്ലാം അവരുമായുള്ള വ്യക്തിബന്ധം നിലനിര്‍ത്താന്‍ ശ്രമിച്ചിട്ടുണ്ടെന്നും കാനം പറഞ്ഞു.
വാര്‍ദ്ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന മുന്‍ മന്ത്രിയും ജെ.എസ്.എസ് നേതാവുമായ കെ. ആര്‍ ഗൗരിയമ്മ രാവിലെ ഏഴു മണിയോടെയാണ് അന്തരിച്ചത്. 102 വയസ്സായിരുന്നു.
1919 ജൂലൈ 14ന് ആലപ്പുഴയിലെ ചേര്‍ത്തലയിലായിരുന്നു ഗൗരിയമ്മയുടെ ജനനം. എറണാകുളം മഹാരാജാസ് കോളേജിലും ലോ കോളേജിലുമായി പഠനം പൂര്‍ത്തിയാക്കി. കേരളത്തിലെ ആദ്യത്തെ കമ്മ്യൂണിസ്റ്റ് മന്ത്രിസഭയില്‍ റവന്യൂ മന്ത്രിയായിരുന്നു. കമ്മ്യൂണിസ്റ്റ് നേതാവ് ടി. വി തോമസ് ആണ് ജീവിത പങ്കാളി.
വിദ്യാര്‍ത്ഥി രാഷ്ട്രീയത്തിലൂടെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിലെത്തിയ ഗൗരിയമ്മ ട്രേഡ് യൂണിയന്‍ പ്രവര്‍ത്തനങ്ങളിലൂടെയും കര്‍ഷക പ്രസ്ഥാനങ്ങളിലൂടെയും കേരള രാഷ്ട്രീയത്തില്‍ സജീവമായി.
പത്ത് തവണ കേരള നിയമസഭാംഗമായി. കൂടുതല്‍ തവണ നിയമസഭാംഗമായ വനിത ഗൗരിയമ്മയാണ്. കൂടുതല്‍ തവണ മന്ത്രിസഭാംഗമായ വനിതയും ഗൗരിയമ്മയായിരുന്നു. ആറ് തവണയാണ് ഗൗരിയമ്മ മന്ത്രിയായത്.
കാര്‍ഷിക പരിഷ്‌കരണ നിയമം പാസാക്കിയത് കെ. ആര്‍ ഗൗരിയമ്മയാണ്. ഭൂപരിഷ്‌കരണ നിയമവും സഭയില്‍ അവതരിപ്പിച്ചു.
1994ല്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ നിന്നും പുറത്താക്കപ്പട്ടു. തുടര്‍ന്ന് ജനാധിപത്യ സംരക്ഷണ സമിതിയെന്ന പേരില്‍ പുതിയ പാര്‍ട്ടി രൂപീകരിച്ചു. 2019 വരെ ജെ.എസ്.എസിന്റെ ജനറല്‍ സെക്രട്ടറിയായിരുന്നു.
1994 മുതല്‍ 2016 വരെ ജെ.എസ്.എസ് യു.ഡി.എഫിനൊപ്പമായിരുന്നു. 2016ല്‍ എല്‍.ഡി.എഫിലേക്ക് തിരികെയെത്തി.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക