| Wednesday, 22nd March 2017, 6:37 pm

ഉമിനീരില്‍ നിന്നും വൈദ്യൂതി ഉത്പാദിപ്പിക്കാനാകില്ല; മണിയ്ക്ക് മറുപടിയുമായി കാനം രാജേന്ദ്രന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ആലപ്പുഴ: അതിരപ്പിളളിയില്‍ വൈദ്യുതി ഉത്പാദിപ്പിക്കാനാവശ്യമായ വെളളമില്ലെന്നും ഉമിനീരില്‍ നിന്നും വൈദ്യുതി ഉത്പാദിപ്പിക്കാനാവില്ലെന്നും സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. അതിരപ്പിളളി പദ്ധതി നടപ്പിലാക്കുമെന്ന് വൈദ്യുതി മന്ത്രി എം.എം മണിയുടെ പ്രസ്താവനയ്ക്ക് മറുപടിയായാണ് കാനം അതിരപ്പിള്ളിയില്‍ വൈദ്യുതി പദ്ധതി നടപ്പിലാക്കാനാവശ്യമായ വെള്ളമില്ലെന്നും ഉമിനീരില്‍ നിന്ന് വൈദ്യുതി ഉത്പാദിപ്പിക്കാന്‍ കഴിയുകയില്ലെന്നും പറഞ്ഞത്.


Also read സര്‍ക്കാര്‍ നിയോഗിച്ചത് സദാചാര പോലീസിനെയോ? ; യു.പിയിലെ ‘പൂവാല വിരുദ്ധ സ്‌ക്വാഡിനെതിരെ’ പരാതികള്‍ 


പരിസ്ഥിതി സംരക്ഷണം ഭരണാധികാരികള്‍ക്ക് തമാശയായി മാറിയിരിക്കുകയാണെന്ന് വിമര്‍ശിച്ച കാനം അതിരപ്പിളളി പദ്ധതി പ്രായോഗികമല്ലെന്നും ആലപ്പുഴയില്‍ പറഞ്ഞു. “163 മെഗാവാട്ട് വൈദ്യുതി അതിരപ്പിള്ളിയില്‍ നിന്നും ഉത്പാദിപ്പിക്കുമെന്ന നിര്‍ദേശം പ്രായോഗികമല്ല. ചാലക്കുടി പുഴയില്‍ അതിനുള്ള വെളളമില്ല. ഉമിനീരില്‍ നിന്നും വൈദ്യുതി ഉത്പാദിപ്പിക്കാനാവില്ല. അതിരപ്പിള്ളിയുടെ യഥാര്‍ത്ഥ ഉടമസ്ഥാവകാശം ആദിവാസികള്‍ക്കാണ്. ഇതിന്മേളുള്ള കേസ് കോടതി പരിഗണനയിലാണ്. അദേഹം പറഞ്ഞു.

അതിരിപ്പിള്ളി പദ്ധതി എല്‍.ഡി.എഫിന്റെ പ്രകടന പത്രികയില്ലാത്തതാണെന്ന് കാനം നേരത്തെ വ്യക്തമാക്കിയിരുന്നു. “മുന്‍ എല്‍.ഡി.എഫ് സര്‍ക്കാര്‍ തള്ളികളഞ്ഞതും എല്‍.ഡി.എഫ് പ്രകടനപത്രികയില്‍ ഇല്ലാത്തതുമാണ് ഇപ്പോഴത്തെ നിര്‍ദേശം. വന സംരക്ഷണശ്രമങ്ങളില്‍ നിന്നും വഴിതിരിച്ചുവിടാനുള്ള ശ്രമമാണ് നടക്കുന്നത്. ഇത്തരത്തിലുള്ള അപ്രായോഗിക നിര്‍ദേശങ്ങള്‍ക്ക് പിന്നാലെ സംസ്ഥാനം പോകരുത്. വിനാശകരമായ ഇത്തരം നിലപാടുകളില്‍ ഇടതുപക്ഷ മനോഭാവമുള്ളവര്‍ ഒപ്പം ചേരരുത്”കാനം കൂട്ടിച്ചേര്‍ത്തു.

മൂന്നാറില്‍ സി.പി.ഐ.എമ്മും സി.പി.ഐയും തമ്മില്‍ തര്‍ക്കമില്ലെന്നും സര്‍ക്കാരും മറ്റു ചിലരുമായാണ് അവിടെ തര്‍ക്കം നിലനില്‍ക്കുന്നതെന്നും കാനംവ്യക്തമാക്കി. മൂന്നാര്‍ വിഷയത്തില്‍ സര്‍ക്കാര്‍ നിലപാട് റവന്യു മന്ത്രിയും മുഖ്യമന്ത്രിയും വ്യക്തമാക്കിയിട്ടുള്ളതാണെന്നും കാനം പറഞ്ഞു.

We use cookies to give you the best possible experience. Learn more