കോഴിക്കോട്: പി മോഹനന്റെ പ്രസ്താവനക്കെതിരെ രൂക്ഷ വിമര്‍ശനവുമായി സി.പി.ഐ. സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. എഴുന്നേറ്റ് നില്‍ക്കാനാകാത്തവരെ കൊടും ഭീകരരായി ചിത്രീകരിക്കുന്നുവെന്ന് കാനം രാജേന്ദ്രന്‍ പറഞ്ഞു.
രാഷ്ട്രീയ അഭിപ്രായ വ്യത്യാസമുള്ളവരെ വെടിയുണ്ട കൊണ്ടല്ല നേരിടേണ്ടത്. പശ്ചിമഘട്ടമേഖലയില്‍ കാര്യമായ മാവോയിസ്റ്റ് ഭീഷണി ഇല്ല. ഭീഷണിയെന്ന് വരുത്തിത്തീര്‍ക്കുന്നത് പൊലീസിന്റെ താല്‍പര്യമാണെന്നും കാനം രാജേന്ദ്രന്‍ പറഞ്ഞു.
‘ചീഫ് സെക്രട്ടറിയും ഇതേ വാദമാണ് ഏറ്റെടുത്തത്. പുസ്തകങ്ങള്‍ വായിക്കുന്നത് എങ്ങനെ കുറ്റമാകും. ഇത് നിശ്ചയമായും ചെറുക്കപ്പെടേണ്ടതാണ്.പൊലീസ് നടപടി രാജ്യമാകെ ഇടത് പോരാട്ടങ്ങളെ ദുര്‍ബലമാക്കും’. കാനം രാജേന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു.
മാവോയിസ്റ്റുകളെ പ്രോത്സാഹിപ്പിക്കുന്നത് കോഴിക്കോട് കേന്ദ്രമായുള്ള മുസ്ലിം തീവ്രസംഘടനകളാണെന്ന സി.പി.ഐ.എം കോഴിക്കോട് ജില്ലാ സെക്രട്ടറി പി. മോഹനന്റെ പ്രസ്താവനക്കെതിരെ സി.പി.ഐ.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി രംഗത്തു വന്നിരുന്നു.
പി. മോഹനന്റെ പ്രസ്താവനയ്ക്ക് എതിരെ വിമര്‍ശനവുമായി വി.ടി ബല്‍റാം എം.എല്‍.എയും രംഗത്ത് വന്നിരുന്നു.
മാവോയിസത്തിന് പിന്തുണ നല്‍കുന്നത് കോഴിക്കോട്ടെ മുസ്ലിം തീവ്രവാദ പ്രസ്ഥാനങ്ങളാണെന്ന ഏതെങ്കിലും ആധികാരിക തെളിവ് ഉണ്ടെങ്കില്‍ അത് വെളിപ്പെടുത്തേണ്ടത് സി.പി.ഐ.എം ജില്ലാ സെക്രട്ടറിയല്ലെന്നും, സംസ്ഥാന ആഭ്യന്തര വകുപ്പ് മന്ത്രിയാണെന്നും വി.ടി ബല്‍റാം പറഞ്ഞു.