| Tuesday, 13th December 2016, 1:54 pm

സ്വപ്നം കാണാന്‍ കഴിയുന്നവര്‍ക്കേ കമ്മ്യൂണിസ്റ്റാവാന്‍ കഴിയൂ; പി ജയരാജന് മറുപടിയുമായി കാനം രാജേന്ദ്രന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: ആകാശത്ത് ജിവിക്കുന്ന സ്വപ്ന ജീവികളാണ് മാവോയിസ്റ്റുകളെ പിന്തുണക്കുന്നവരെന്ന സി.പി.ഐ.എം നേതാവ് പി ജയരാജന്റെ പ്രസ്താവനക്ക് മറുപടിയുമായി സി.പി.ഐ നേതാവ് കാനം രാജേന്ദ്രന്‍.

സ്വപ്നം കാണുന്നത് മോശം കാര്യമല്ലെന്നും സ്വപ്നം കാണുന്നത് അശ്ലീലമല്ലെന്നും സ്വപ്നം കാണാന്‍ കഴിയുന്നവര്‍ക്കേ കമ്മ്യൂണിസ്റ്റാവാന്‍ കഴിയൂ എന്നും കാനം രാജേന്ദ്രന്‍ പറഞ്ഞു.


രണ്ട് നൂറ്റാണ്ട് മുമ്പ് കണ്ട സ്വപ്നങ്ങളാണ് പിന്നീട് യാഥാര്‍ത്ഥ്യമായതെന്നും ജയരാജന്‍ നടത്തിയ പ്രസ്താവന മറുപടി അര്‍ഹിക്കുന്ന ഒന്നല്ലെന്നും അതിനാല്‍ തന്നെ അതിനോട് പ്രതികരിക്കാനില്ലെന്നുമായിരുന്നു കാനത്തിന്റെ വാക്കുകള്‍.

നിലമ്പൂര്‍ വനത്തില്‍ മാവോയിസ്റ്റുകളെ പൊലീസ് വെടിവെച്ചു കൊന്ന സംഭവത്തില്‍ കടുത്ത നിലപാടുമായി കാനം രംഗത്തെത്തിയിരുന്നു.

ഇടത് ഭരണ കാലത്ത് ഏറ്റുമുട്ടല്‍ കൊലപാതകങ്ങള്‍ അംഗീകരിക്കാനാവില്ലെന്ന് കാനം വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെ കൊല്ലപ്പെട്ട മാവോയിസ്റ്റ് കുപ്പുദേവരാജിന്റെ മൃതദേഹത്തിന് അന്തിമോപചാരം അര്‍പ്പിക്കാന്‍ സി.പി.ഐ നേതാവായ ബിനോയ് വിശ്വവും എത്തി.

തുടര്‍ന്നായിരുന്നു മാവോയിസ്റ്റ് വിഷയത്തിലെ സി.പി.ഐ നിലപാടിനെതിരെ വിമര്‍ശനുമായി ജയരാജന്‍ ര്ംഗത്തെത്തിയത്.

മാവോയിസം എതിര്‍ക്കപ്പെടേണ്ട ഒന്നാണെന്നും ആകാശത്തിരിക്കുന്ന സ്വപ്നജീവികള്‍ പല പ്രസ്താവനയും നടത്തിയിട്ടുണ്ടെന്നമായിരുന്നു പി. ജയരാജന്‍ പറഞ്ഞത്.

സി.പി.ഐ.എമ്മുകാര്‍ ഭൂമിയില്‍ ജീവിക്കുന്നരവാകണം. അല്ലാതെ സ്വപ്നജീവികളെപ്പോലെ പ്രസ്താവന നടത്തുകയല്ല വേണ്ടത്. മാവോയിസ്റ്റ് വേട്ടയില്‍ ബിനോയ് വിശ്വം നിലപാട് വ്യക്തമാക്കണമെന്നും പി. ജയരാജന്‍ ആവശ്യപ്പെട്ടിരുന്നു.

We use cookies to give you the best possible experience. Learn more