'അന്ത്യകൂദാശ കാത്തുകിടക്കുന്നവരുടെ വെന്റിലേറ്ററല്ല ഇടതുമുന്നണി'; മാണിക്കെതിരെ വീണ്ടും കാനം രാജേന്ദ്രന്‍
Kerala
'അന്ത്യകൂദാശ കാത്തുകിടക്കുന്നവരുടെ വെന്റിലേറ്ററല്ല ഇടതുമുന്നണി'; മാണിക്കെതിരെ വീണ്ടും കാനം രാജേന്ദ്രന്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 19th January 2018, 12:30 pm

കോഴിക്കോട്: കേരള കോണ്‍ഗ്രസ് എമ്മിനെ ഇടതുമുന്നണിയിലെടുക്കാനുള്ള നീക്കത്തിന് എതിര്‍പ്പുമായി വീണ്ടും സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. വിഘടിച്ച് നില്‍ക്കുന്ന ഇടത് പാര്‍ട്ടികളുടെ ഐക്യമാണ് വേണ്ടതെന്നും മാണിയടക്കമുള്ളവര്‍ക്കെതിരെ ഉന്നയിച്ച ആരോപണങ്ങളില്‍ നിന്ന് പിന്നോട്ടില്ലെന്നും കാനം വ്യക്തമാക്കി.

” അന്ത്യകൂദാശ കാത്തുകിടക്കുന്നവരുടെ വെന്റിലേറ്ററായി ഇടതുമുന്നണി മാറേണ്ടതില്ല. വിഘടിച്ച് നില്‍ക്കുന്ന ഇടത് പാര്‍ട്ടികളുടെ ഐക്യത്തിനു വേണ്ടിയാണ് എല്‍.ഡി.എഫ് വാതില്‍ തുറന്നിട്ടിരിക്കുന്നത്.”

ബാര്‍ കോഴ കേസുമായി ബന്ധപ്പെട്ട് ഇപ്പോള്‍ നടക്കുന്നത് പൊലീസിന്റെ നടപടിക്രമങ്ങള്‍ മാത്രമാണ്. അന്തിമവിധി പറയേണ്ടത് കോടതിയാണെന്നും കാനം രാജേന്ദ്രന്‍ പറഞ്ഞു.കേസില്‍ വിശദമായി അന്വേഷനം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് സി.പി.ഐ നിര്‍വാഹക സമിതി നേരത്തെ ആവശ്യപ്പെട്ടിരുന്നു.

കെ.എം മാണിയും കെ.ബാബുവും കുറ്റക്കാര്‍ തന്നെയാണെന്നുതന്നെയാണ് സി.പി.ഐ നിലപാടെന്നും അദ്ദേഹം പറഞ്ഞു. കേന്ദ്ര സര്‍ക്കാരിന്റെ നയങ്ങള്‍ പിന്തുടരാതെ ജനകീയ സര്‍ക്കാരായി ഇടതുസര്‍ക്കാര്‍ ഉയര്‍ന്നുവരേണ്ടതുണ്ടെന്നും കാനം കൂട്ടിച്ചേര്‍ത്തു.