ഏറ്റുമുട്ടലുകളിലൂടെ തീര്‍ക്കാനായിരുന്നുവെങ്കില്‍ 1948നെ അതിജീവിക്കാന്‍ ഇന്ത്യയിലെ ഇടതുപക്ഷ പ്രസ്ഥാനങ്ങള്‍ക്ക് സാധിക്കുമായിരുന്നോ എന്ന് ചിന്തിക്കണമെന്നും കാനം പറഞ്ഞു.
തിരുവനന്തപുരം: യു.എ.പി.എ പോലുള്ള നരേന്ദ്രമോദി സര്‍ക്കാരിന്റെ കരിനിയമങ്ങളെ പിന്തുടരേണ്ട ബാധ്യത സംസ്ഥാന സര്‍ക്കാരിനില്ലെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. തീവ്രവാദം ക്രസമാധാന പ്രശ്‌നമല്ല. സാമൂഹിക പ്രശ്‌നങ്ങളില്‍ നിന്നുണ്ടാകുന്ന പ്രതിഷേധമാണ്. അത്തരക്കാരെ ഉന്‍മൂലനം ചെയ്യുന്ന ഭരണകൂട നയങ്ങളെ പിന്തുണയ്ക്കാന്‍ സി.പി.ഐ തയ്യാറല്ലെന്നും കാനം പറഞ്ഞു.
കണ്ണൂര്‍ പറശ്ശിനിക്കടവില്‍ സി.പി.ഐ നേതാവ് കെ വി മൂസാന്‍കുട്ടി മാസ്റ്ററുടെ 25-ാം ചരമവാര്‍ഷികാചരണ പരിപാടികള്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഭരണകൂടം സമരങ്ങളെയും പ്രക്ഷോഭങ്ങളെയും അടിച്ചമര്‍ത്താന്‍ കരിനിയമങ്ങള്‍ ഉപയോഗിക്കരുത്. ഇതിനെതിരെ ശബ്ദമുയര്‍ത്തിയതാണു കമ്യൂണിസ്റ്റ് പ്രസ്ഥാനമെന്നും അദ്ദേഹം പറഞ്ഞു.
സി.പി.ഐ (എം.എല്‍) ലിബറേഷന്‍ പോലുള്ള പ്രസ്ഥാനങ്ങള്‍ മാറി ചിന്തിച്ച് ജനാധിപത്യ പാത തെരഞ്ഞടുത്തവരാണ്. ഏറ്റുമുട്ടലുകളിലൂടെ തീര്‍ക്കാനായിരുന്നുവെങ്കില്‍ 1948നെ അതിജീവിക്കാന്‍ ഇന്ത്യയിലെ ഇടതുപക്ഷ പ്രസ്ഥാനങ്ങള്‍ക്ക് സാധിക്കുമായിരുന്നോ എന്ന് ചിന്തിക്കണമെന്നും കാനം പറഞ്ഞു.
കേരളത്തിലെ യു.എ.പി.എ കേസുകളില്‍ പുനപരിശോധന നടത്തുമെന്ന് ഡി.ജി.പി പറയുന്നു. നല്ലത് തന്നെ, പക്ഷെ ജില്ലാ പൊലീസ് ചീഫ് അറിയാതെയാണ് ഈ കേസുകള്‍ എടുത്തതെന്ന് വിശ്വസിക്കാന്‍ ബുദ്ധിമുട്ടുണ്ടെന്നും കാനം പറഞ്ഞു.
യു.എ.പി.എ പോലുള്ള കരിനിയമങ്ങള്‍ പ്രയോഗിക്കുന്നതിനെ സി.പി.ഐ അനുകൂലിക്കുന്നില്ലെന്നും ഇന്ത്യയിലെല്ലായിടത്തും പാര്‍ട്ടിക്ക് ഇതേ നയം തന്നെയാണെന്നും അദ്ദേഹം പറഞ്ഞു.