കൊച്ചി: അതിരപ്പിള്ളി പദ്ധതിയോടുള്ള സി.പി.ഐയുടെ എതിര്‍പ്പ് കൂടുതല്‍ വ്യക്തമാക്കി കാനം രാജേന്ദ്രന്‍. എല്‍.ഡി.എഫിന്റെ പ്രകടന പത്രികയില്‍ അതിരപ്പിള്ളി പദ്ധതിയെ കുറിച്ച് പറഞ്ഞിട്ടില്ല. പിണറായിക്ക് പദ്ധതിയെ കുറിച്ച് പറയാനുള്ള അവകാശമുണ്ട്. എന്നാല്‍ അതിനെ എതിര്‍ക്കാനുള്ള അവകാശം സി.പി.ഐക്ക് ഉണ്ടെന്നും കാനം പറഞ്ഞു.
പ്രകടന പത്രികയില്ലാത്ത കാര്യങ്ങള്‍ പറയുമ്പോള്‍ മുന്നണിയില്‍ ചര്‍ച്ച നടത്തുന്നതാണ് ശരിയായ രീതി. ഇക്കാര്യം മന്ത്രിമാര്‍ മനസിലാക്കണം. പ്രകൃതിയും മനുഷ്യനും ഒരുമിച്ച് ചേരുന്ന സുസ്തിര വികസനമാണ് സംസ്ഥാനത്ത് നടപ്പിലാക്കേണ്ടത്. മുതലാളിത്ത വികസന പാതയിലല്ല കേരളത്തെ മുന്നോട്ടു കൊണ്ടു പോകേണ്ടതെന്നും കാനം അഭിപ്രായപ്പെട്ടു. മുതലാളിത്ത വികസനത്തിന് മുന്നില്‍ മനുഷ്യനും പ്രകൃതിയും ഒന്നും തന്നെയില്ലെന്നും അദ്ദേഹം പറഞ്ഞു.
പദ്ധതി വിഷയത്തില്‍ സി.പി.ഐ.എമ്മിന്റെയും സി.പി.ഐയുടെയും നേതാക്കള്‍ പരസ്യമായി വിമര്‍ശനമുന്നയിക്കുന്നത്. മനുഷ്യനും പ്രകൃതിയും കേന്ദ്ര ബിന്ദുവാകുന്ന വികസനത്തിന് മാത്രമേ സുസ്ഥിരതയെ സംഭാവന ചെയ്യാനാവുകയുള്ളൂവെന്ന് ഫേസ്ബുക്കിലൂടെ കാനം കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.
എന്നാല്‍ പരിസ്ഥിതി മൗലികവാദത്തെ നിയന്ത്രിക്കണമെന്നാണ് ഫേസ്ബുക്ക് പോസ്റ്റിലൂടെ പിണറായി ഇതിന് മറുപടി പറഞ്ഞത്. പിണറായിയുടെ “പരിസ്ഥിതി മൗലികവാദം” പരാമര്‍ശത്തിനെതിരെ ബിനോയ് വിശ്വവും രംഗത്ത് വന്നിരുന്നു. പരിസ്ഥിതി മൗലികവാദം എന്നത് തെറ്റായ പ്രയോഗമാണെന്നും മുതലാളിത്ത കൊള്ളയുടെ ഭാഗമാകുന്നതല്ല ഇടതുപക്ഷത്തിന്റെ വികസനമെന്നും ബിനോയ് വിശ്വം പറഞ്ഞിരുന്നു.