കോഴിക്കോട്: മന്ത്രിസഭാ തീരുമാനങ്ങള്‍ വിവരാവകാശ നിയമപ്രകാരം നല്‍കണമെന്ന നിലപാടില്‍ ഉറച്ച് കാനം രാജേന്ദ്രന്‍. നല്‍കാനാകാത്ത കാര്യങ്ങള്‍ നല്‍കാന്‍ കഴിയില്ലെന്ന് നേരത്തെ മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് കാനത്തിന്റെ പ്രസ്താവന.
മന്ത്രിസഭാ തീരുമാനം വിവരാകാശ പ്രകാരം നല്‍കേണ്ടതാണ്. മന്ത്രിസഭ കൂടി തീരുമാനമെടുത്താല്‍ അത് പരസ്യമാണെന്നും വിവരങ്ങള്‍ അറിയാനുള്ള പൗരന്റെ അവകാശത്തെ സംരക്ഷിക്കാന്‍ സര്‍ക്കാരിന് ബാധ്യതയുണ്ടെന്നും കാനം പറഞ്ഞു.
വിവരാവകാശ നിയമത്തിന്റെ ചിറകരിയാനുള്ള ശ്രമത്തെ ചെറുക്കുമെന്ന് അഭിപ്രായപ്പെട്ട കാനം സംസ്ഥാന സര്‍ക്കാരിന്റെ നിലപാടിന് സാധ്യതയില്ലെന്നും എന്നാല്‍ നമ്മുടെ ഭരണാധികാരികള്‍ക്ക് അത് മനസ്സിലാക്കാന്‍ സാധിക്കുന്നില്ലെന്നും പറഞ്ഞു. വിവരാവകാശ നിയമവുമായി ബന്ധപ്പെട്ട് സി.പി.ഐ നേരത്തേയും സര്‍ക്കാരിനെതിരെ രംഗത്ത് വന്നിരുന്നു.
സര്‍ക്കാര്‍ വിവരാവകാശ നിയമത്തിന് എതിരല്ലെന്നും ചിലര്‍ അത്തരത്തില്‍ തെറ്റിദ്ധാരണ സൃഷ്ടിക്കാന്‍ ശ്രമിക്കുകയാണെന്നുമായിരുന്നു മുഖ്യമന്ത്രിയുടെ പ്രസ്താവന. മന്ത്രിസഭാ തീരുമാനങ്ങള്‍ വെബ്ബ് സൈറ്റിലിടുന്ന എക സംസ്ഥാനമാണ് കേരളമെന്നും വിവാദങ്ങള്‍ ഒഴിവാക്കണം എന്ന് കരുതിയാണ് മിണ്ടാതിരിക്കുന്നത് എന്നുമായിരുന്നു മുഖ്യമന്ത്രി പറഞ്ഞത്.