| Wednesday, 15th February 2017, 7:52 pm

ലോ അക്കാദമി സമരം നീണ്ടുപോയത് സര്‍ക്കാരിന്റെ ധാര്‍ഷ്ട്യം കാരണം; സി.പി.ഐ.എമ്മിനും സര്‍ക്കാരിനുമെതിരെ രൂക്ഷ വിമര്‍ശനങ്ങളുമായി കാനം

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവവനന്തപുരം: ലോ അക്കാദമി സമരത്തില്‍ സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. സമരം നീണ്ടു പോകാന്‍ കാരണം സര്‍ക്കാരിന്റെ ധാര്‍ഷ്ട്യമാണെന്ന് കാനം കുറ്റപ്പെടുത്തി. സമരം വിജയിപ്പിച്ച ക്രെഡിറ്റ് ബി.ജ.പി കൊണ്ടു പോകാത്തത് സി.പി.ഐയും എ.ഐ.എസ്.എഫും സമരത്തില്‍ ഉറച്ച് നിന്നതിനാലാണെന്നും ലോ അക്കാദമി വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കിയ സ്വീകരണത്തില്‍ കാനം രാജേന്ദ്രന്‍ പറഞ്ഞു.


Also raed ലവ് ജിഹാദ് ഗ്രൂപ്പില്‍ തന്നെ ഉള്‍പ്പെടുത്തിയത് അനുവാദമില്ലാതെ; ഗ്രൂപ്പിലംഗമായത് താനറിഞ്ഞിരുന്നില്ല: ധന്യാ രാമന്‍ 


നേരത്തെ അക്കാദമിയില്‍ നടക്കുന്നത് രാഷ്ട്രീയ പ്രശ്‌നമല്ലെന്ന നിലപാടായിരുന്നു കാനം സ്വീകരിച്ചിരുന്നത്. വിഷയത്തില്‍ സര്‍ക്കാര്‍ ഇടപെടണമെന്ന് ആവശ്യപ്പെടുമ്പോഴും രാഷ്ട്രീയ വല്‍ക്കരിക്കേണ്ടെന്ന നിലപാട് സ്വീകരിച്ച കാനം ഇന്ന് സി.പി.ഐ.എമ്മിനെതിരെ ശക്തമായ വിമര്‍ശനങ്ങളാണ് ഉന്നയിച്ചത്. അക്കാദമിയിലെ എസ്.എഫ്.ഐ നിലപാടിനെതിരെയും കാനം വിമര്‍ശനങ്ങള്‍ ഉന്നയിച്ചു. ചിലര്‍ സമരത്തില്‍ താമസിച്ച് വരികയും നേരത്തെ പോവുകയും ചെയ്യുകയായിരുന്നു. ഇവരാണ് സി.പി.ഐയേയും എ.ഐ.എസ്.എഫിനേയും കളിയാക്കുന്നത്. സമരംകൊണ്ട് എന്ത് നേടി എന്ന് ഇവര്‍ സ്വയം ചോദിക്കണ്ടതുണ്ടെന്നും കാനം പറഞ്ഞു.

ചര്‍ച്ചയിലൂടെ പരിഹരിക്കാവുന്ന പ്രശ്‌നമേ ആദ്യഘട്ടത്തില്‍ കോളേജിലുണ്ടായിരുന്നുള്ളു. സര്‍ക്കാരിന്റെയും മാനേജ്‌മെന്റിന്റെയും ധാര്‍ഷ്ട്യമാണ് സമരം വഷളാക്കിയത് അതുകൊണ്ട് തന്നെയാണ് കൂടുതല്‍ വിദ്യാര്‍ത്ഥികള്‍ സമരത്തിനിറങ്ങിയതും. വി മുരളീധരനും കെ മുരളീധരനും സമരത്തിനിറങ്ങേണ്ടി വന്നത് സര്‍ക്കാരിന്റെ നിസ്സംഗത മൂലമാണെന്നും കാനം കൂട്ടിച്ചേര്‍ത്തു.

ജനകീയ സമരങ്ങളില്‍ നിന്ന് സര്‍ക്കാര്‍ മുഖം തിരിച്ചാല്‍ അത് അപകടം ക്ഷണിച്ച് വരുത്തലാകും. ഫാസിസത്തിനെതിരെ ലേഖനം എഴുതിയത് കൊണ്ട് കാര്യമില്ല. ഞങ്ങള്‍ ശരി മറ്റുള്ളവര്‍ തെറ്റ് എന്നത് കമ്മ്യൂണിസ്റ്റ് നിലപാടല്ല. യോജിച്ച പോരാട്ടങ്ങളില്‍ രാഷ്ട്രീയ വേര്‍തിരിവ് എന്തിനെന്ന് മനസ്സിലാകുന്നില്ലെന്നും കാനം യോഗത്തില്‍ പറഞ്ഞു.

We use cookies to give you the best possible experience. Learn more