കേന്ദ്ര വിവരാവകാശ നിയമത്തില്‍ വെള്ളം ചേര്‍ക്കുന്നത് അംഗീകരിക്കാനാവില്ല: മുഖ്യമന്ത്രിയുടെ നിലപാടിനെതിരെ കാനം
Daily News
കേന്ദ്ര വിവരാവകാശ നിയമത്തില്‍ വെള്ളം ചേര്‍ക്കുന്നത് അംഗീകരിക്കാനാവില്ല: മുഖ്യമന്ത്രിയുടെ നിലപാടിനെതിരെ കാനം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 22nd January 2017, 1:44 pm

pinarayi kanam

തിരുവനന്തപുരം: കണ്ണൂര്‍ കൊലപാതകത്തിലും വിവരാവകാശ നിയമ വിഷയത്തിലും സി.പി.ഐ.എമ്മിനെതിരെ വിമര്‍ശനവുമായി സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍.

കേന്ദ്ര വിവരാവകാശ നിയമത്തില്‍ വെള്ളം ചേര്‍ക്കുന്നത് ഒരു കാരണവശാലും അംഗീകരിക്കാനാവില്ലെന്ന് കാനം പറഞ്ഞു.

ജനങ്ങളുടെ അവകാശം സംരക്ഷിക്കാനുള്ള ബാധ്യത ഇടതുമുന്നണിക്കുണ്ട്. ചില മന്ത്രിസഭാ തീരുമാനങ്ങള്‍ നടപ്പിലാക്കിയ ശേഷമേ പുറത്തറിയിക്കേണ്ടതുള്ളൂ എന്ന വ്യാഖ്യാനം കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് ഉമ്മന്‍ ചാണ്ടിയാണ് ആദ്യം നല്‍കിയതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

കണ്ണൂരില്‍ ബിജെപി പ്രവര്‍ത്തകന്‍ കൊലചെയ്യപ്പെട്ട സംഭവത്തില്‍ രണ്ടു പാര്‍ട്ടികള്‍ക്കും ഒരുപോലെ ഉത്തരവാദിത്തമുണ്ടെന്ന് കാനം പറഞ്ഞു.  ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാനുള്ള ജാഗ്രത മുഖ്യധാരാ രാഷ്ട്രീയ പാര്‍ട്ടികള്‍ പുലര്‍ത്തണം


കണ്ണൂരില്‍ കൊലപാതക രാഷ്ട്രീയം അവസാനിപ്പിക്കുന്നതിന് മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന സര്‍വകക്ഷി യോഗം കൈക്കൊണ്ട തീരുമാനങ്ങള്‍ സി.പി.ഐ.എമ്മും ബിജെപിയും അട്ടിമറിക്കുകയാണ്.

നരേന്ദ്ര മോദിയുടെയും കോണ്‍ഗ്രസിന്റെയും നയങ്ങള്‍ സ്വന്തം നയമാക്കേണ്ടവരല്ല ഇടതുമുന്നണിയെന്നും അദ്ദേഹം വ്യക്തമാക്കി.

വിവരാവകാശ നിയമപ്രകാരം എല്ലാ വിവരങ്ങളും വെളിപ്പെടുത്താനാവില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. നല്‍കാനാനാത്തതും നല്‍കിക്കൂടാത്തത്തുമായ വിവരങ്ങള്‍ ഉണ്ട്.  മന്ത്രിസഭാ തീരുമാനങ്ങളില്‍ ചിലത് പുറത്തായാല്‍ നടപ്പിലാക്കാന്‍ കഴിയാതെ വരും. ചില കാര്യങ്ങള്‍ നടപ്പിലാക്കിയശേഷമേ പുറത്തറിയിക്കാന്‍ കഴിയൂ. അതുകൊണ്ട് വെളിപ്പെടുത്താന്‍ പറയുന്ന വിവരങ്ങള്‍ക്ക് വിവേചനം വേണമെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു.