| Monday, 20th August 2018, 12:37 pm

മന്ത്രി കെ. രാജുവിനെതിരെ നടപടിയെടുക്കുന്നത് പാര്‍ട്ടി ചര്‍ച്ച ചെയ്യും: കാനം രാജേന്ദ്രന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: പ്രളയക്കെടുതിക്കിടെ ജര്‍മ്മനിയിലേക്ക് പോയ മന്ത്രി കെ. രാജുവിന്റെ നടപടി ശരിയായില്ലെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. മന്ത്രിക്കെതിരെ നടപടി എടുക്കണമോയെന്ന് പാര്‍ട്ടി ചര്‍ച്ച ചെയ്ത് തീരുമാനിക്കും. പാര്‍ട്ടി ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് കെ. രാജു തിങ്കളാഴ്ച എത്തുമെന്നും കാനം പറഞ്ഞു.

വിദേശയാത്രയുമായി ബന്ധപ്പെട്ട വിഷയത്തില്‍ വിവാദത്തിന്റെ ആവശ്യമില്ല. നടപടിയുണ്ടാകുമെന്ന കാര്യത്തില്‍ പാര്‍ട്ടി ഇതുവരെ തീരുമാനമെടുത്തിട്ടില്ല. കെ രാജു തിരിച്ചെത്തിയതിന് ശേഷം ഇക്കാര്യത്തില്‍ തീരുമാനമുണ്ടാകും. ഇത് സി.പി.ഐയുടെ അഭ്യന്തര പ്രശ്‌നമാണെന്നും അതു പുറത്തു പറയേണ്ട കാര്യമില്ലെന്നും കാനം പറഞ്ഞു.

കോട്ടയത്തിന്റെ ചുമതല ഉണ്ടായിരിക്കെയാണ് കെ. രാജു ഓഗസ്റ്റ് 16ന് വേള്‍ഡ് മലയാളി കൗണ്‍സിലിന്റെ പരിപാടിയില്‍ പങ്കെടുക്കുന്നതിനായി ജര്‍മ്മനിയിലേക്ക് പോയിരുന്നത്. മൂന്നു ദിവസത്തെ സമ്മേളനത്തിനു പുറമേ 22നു നടത്തുന്ന ഓണാഘോഷത്തിനും ശേഷം മടങ്ങാനായിരുന്നു തീരുമാനം.

യാത്ര വിവാദമായപ്പോള്‍ സി.പി.ഐ അദ്ദേഹത്തെ തിരിച്ചു വിളിച്ചിരുന്നെങ്കിലും മടക്ക യാത്രയ്ക്കുള്ള ടിക്കറ്റ് ലഭിക്കാത്തതിനാല്‍ കഴിഞ്ഞ ദിവസം തിരിച്ചെത്താന്‍ സാധിച്ചിരുന്നില്ല.

കെ. രാജു ജര്‍മ്മനിയില്‍ പോയത് അറിഞ്ഞിരുന്നില്ലെന്നാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രതികരിച്ചിരുന്നത്. ഇ.ടി മുഹമ്മദ് ബഷീര്‍ എം.പിയും കെ. രാജുവിനൊപ്പം ജര്‍മ്മനിയിലേക്ക് പോയിരുന്നു.

We use cookies to give you the best possible experience. Learn more