Film News
ബ്രഹ്മാസ്ത്ര ദുരന്തം, കരണ്‍ ജോഹര്‍ ഹിന്ദുവിസത്തെ മുതലാക്കുന്നുവെന്ന് കങ്കണ, പ്രശംസിച്ച് അക്ഷയ് കുമാര്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2022 Sep 10, 03:15 am
Saturday, 10th September 2022, 8:45 am

രണ്‍ബീര്‍ കപൂര്‍, ആലിയ ഭട്ട് എന്നിവര്‍ കേന്ദ്രകഥാപാത്രങ്ങളായ ബ്രഹ്മാസ്ത്ര തിയേറ്ററുകളിലെത്തിയിരിക്കുകയാണ്. അയാന്‍ മുഖര്‍ജിയുടെ സംവിധാനത്തിലെത്തിയ ചിത്രത്തിന് ആദ്യദിനത്തില്‍ സമ്മിശ്ര പ്രതികരണമാണ് ലഭിച്ചത്. അതേസമയം ചിത്രത്തില്‍ അഭിപ്രായങ്ങള്‍ പങ്കുവെക്കുകയാണ് ബോളിവുഡ് താരങ്ങള്‍. ബ്രഹ്മാസ്ത്ര ദുരന്തമാണെന്നാണ് കങ്കണ റണാവത്ത് അഭിപ്രായപ്പെട്ടത്.

‘കരണ്‍ ജോഹറിനെ പോലെയുള്ള ആളുകളുടെ പ്രൊഡക്റ്റുകള്‍ ചോദ്യം ചെയ്യപ്പെടേണ്ടതാണ്. അദ്ദേഹം തന്റെ സിനിമ സ്‌ക്രിപ്റ്റുകളെക്കാളും മറ്റുള്ളവരുടെ ലൈംഗിക ജീവിതത്തില്‍ താല്‍പര്യം കാണിക്കുന്നു.

നിരൂപകരേയും താരങ്ങളേയും ഫേക്ക് കളക്ഷനുകളേയും താന്‍ സ്വയം വാങ്ങുന്നതാണെന്ന് അയാള്‍ തന്നെ സമ്മതിക്കുന്നുണ്ട്. ഇത്തവണ ഹിന്ദുവിസത്തേയും തെന്നിന്ത്യന്‍ വേവിനേയും മുതലാക്കുകയാണ് കരണ്‍ ജോഹര്‍,’ കങ്കണ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു. കരണ്‍ ജോഹര്‍ ബ്രഹ്മാസ്ത്ര പ്രൊമോട്ട് ചെയ്യാന്‍ തെന്നിന്ത്യന്‍ താരങ്ങളോട് യാചിക്കുകയാണെന്നും അവര്‍ ആരോപിച്ചു.

അതേസമയം ബ്രഹ്മാസ്ത്രയെ പ്രശംസിച്ച് അക്ഷയ് കുമാര്‍ രംഗത്തെത്തി. ചിത്രത്തിലെ മൗനി റോയിയുടെ പ്രകടനത്തെയാണ് അക്ഷയ് എടുത്ത് പറഞ്ഞത്. ‘നന്ദി മൗനി റോയ്, ബ്രഹ്മാസ്ത്രയെ പറ്റി മികച്ച അഭിപ്രായങ്ങള്‍ കേള്‍ക്കുന്നു, ഇനിയും കൂടുതല്‍ തിളങ്ങൂ,’ എന്നാണ് അക്ഷയ് സോഷ്യല്‍ മീഡിയയില്‍ കുറിച്ചത്. മികച്ച സിനിമ അനുഭവം നല്‍കിയതിന് അയാന്‍ മുഖര്‍ജിക്ക് നന്ദിയെന്ന് ഷനായ കപൂര്‍ കുറിച്ചു.

ബ്രഹ്മാസ്ത്രയുടെ വി.എഫ്.എക്‌സ് ഗംഭീരമായിരുന്നുവെന്നും അടുത്തുള്ള തിയേറ്ററുകളില്‍ പോയി ചിത്രം കാണണമെന്നും കുബ്ര സെയ്ത് പറയുന്നു. ഷാരൂഖ് ഖാന്‍, അമിതാഭ് ബച്ചന്‍, നാഗാര്‍ജുന എന്നിവരും ചിത്രത്തില്‍ പ്രധാനകഥാപാത്രങ്ങളായി എത്തിയിരുന്നു.

മൂന്ന് ഭാഗങ്ങളായി എത്തുന്ന ചിത്രത്തിന്റെ ഒന്നാം ഭാഗമാണ് സെപ്റ്റംബര്‍ ഒമ്പതിന് റിലീസ് ചെയ്തത്. മിത്തുകളും അമാനുഷിക ശക്തികളും കൂടികലര്‍ന്ന ചിത്രത്തിന്റെ കഥയിലൂടെ പുതിയൊരു അസ്ത്രാവേഴ്‌സിന് തുടക്കം കുറിച്ചിരിക്കുകയാണ് അയാന്‍ മുഖര്‍ജി.

Content Highlight: kanakana ranaut says brahmastra is a disaster, akshay kumar praises the film