കനകമല തീവ്രവാദി കേസ്; പിടികിട്ടാപുള്ളിയായ മലയാളി എന്‍.ഐ.എ പിടിയില്‍
Kerala News
കനകമല തീവ്രവാദി കേസ്; പിടികിട്ടാപുള്ളിയായ മലയാളി എന്‍.ഐ.എ പിടിയില്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 19th September 2020, 7:59 pm

കൊച്ചി: കനകമല തീവ്രവാദികേസില്‍ പിടികിട്ടാപുള്ളിയായ മലയാളി എന്‍.ഐ.എ പിടിയില്‍. പ്രധാനപ്രതിയായ മുഹമ്മദ് പോളക്കാനിയെ ആണ് എന്‍.ഐ.എ അറസ്റ്റ് ചെയ്തത്.

ജോര്‍ജിയയിലായിരുന്ന ഇയാളെ ഇന്ത്യയിലെത്തിച്ചാണ് എന്‍.ഐ.എ അറസ്റ്റ് ചെയ്തത്. ഇയാളെയും ഇന്ന് പെരുമ്പാവൂരില്‍ നിന്ന് പിടികൂടിയവരെയും ഇന്ന് മജിസ്‌ട്രേറ്റിന് മുന്നില്‍ ഹാജരാക്കി.

ഇവരെ ദല്‍ഹിയില്‍ എത്തിച്ച് ചോദ്യം ചെയ്യും. നേരത്തെ കനകമല ഐ.എസ് റിക്രൂട്ട്മെന്റ് കേസില്‍ ആറ് പ്രതികള്‍ക്ക് എന്‍.ഐ.എ പ്രത്യേക കോടതി ശിക്ഷ വിധിച്ചിരുന്നു.

ഒന്നാം പ്രതി മന്‍സീദിന് 14 വര്‍ഷം തടവും അന്‍പതിനായിരം രൂപ പിഴയുമാണ് ശിക്ഷ. രണ്ടാം പ്രതി തൃശൂര്‍ സ്വദേശി സ്വാലിഹ് മുഹമ്മദിന് 10 വര്‍ഷം തടവും ലഭിച്ചു. മൂന്നാം പ്രതി കോയമ്പത്തൂര്‍ സ്വദേശി റാഷിദ് അലിക്ക് ഏഴ് വര്‍ഷം തടവും നാലാം പ്രതി കോഴിക്കോട് കുറ്റ്യാടി സ്വദേശി എന്‍.കെ റാഷിദിന് മൂന്ന് വര്‍ഷം തടവും കോടതി ശിക്ഷ വിധിച്ചത്.

അഞ്ചാം പ്രതി തിരൂര്‍ സ്വദേശി സഫ്വാന് അഞ്ച് വര്‍ഷമാണ് തടവും എട്ടാം പ്രതി കാഞ്ഞങ്ങാട് സ്വദേശി മൊയ്നുദ്ദീന് മൂന്ന് വര്‍ഷം തടവുമാണ് ശിക്ഷ.

2016 ഒക്ടോബറില്‍ ഇസ്ലാമിക് സ്റ്റേറ്റുമായി ചേര്‍ന്ന് ഭീകരാക്രമണം നടത്താനുള്ള പദ്ധതി തയ്യാറാക്കുന്നതിനായി കനകമലയില്‍ വെച്ച് ഭീകരവാദികള്‍ രഹസ്യയോഗം ചേര്‍ന്നെന്നാണ് കേസ്. രാജ്യദ്രോഹം, ഗൂഢാലോചന, യു.എ.പി.എയിലെ വിവിധ വകുപ്പുകള്‍ എന്നിവ പ്രകാരമാണ് എന്‍.ഐ.എ കുറ്റപത്രം സമര്‍പ്പിച്ചത്.

ഒമ്പത് പ്രതികളുള്ള കേസില്‍ ഏഴ് പ്രതികളാണ് വിചാരണ നേരിട്ടത്. കേസിലെ ആറാം പ്രതി കുറ്റ്യാടി സ്വദേശി ജാസിമിനെ കോടതി വെറുതെ വിട്ടിരുന്നു. ജാസിമിനെതിരായ കുറ്റം തെളിയിക്കപ്പെട്ടിട്ടില്ലെന്നു വ്യക്തമാക്കിയായിരുന്നു നടപടി.

ഷെഫിനുമായി ബന്ധപ്പെട്ടത് പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകന്‍ എന്ന നിലയില്‍ മാത്രമെന്ന് കനകമല കേസ് പ്രതികളുടെ മൊഴി. ഏഴാം പ്രതി സജീര്‍ അഫ്ഘാനിസ്ഥാനില്‍ കൊല്ലപ്പെട്ടിരുന്നു.

എല്ലാ പ്രതികള്‍ക്കുമെതിരെ ഗൂഡാലോചന കുറ്റവും നിരോധിത സംഘടനയെ അനുകൂലിച്ചുവെന്ന കുറ്റവും കണ്ടെത്തിയിരുന്നു. ഒന്നും രണ്ടും മൂന്നും പ്രതികള്‍ ഭീകര പ്രവര്‍ത്തനത്തിനു പണം കണ്ടെത്തിയെന്നും ഭീകര സംഘടനയിലേക്ക് ആളുകളെ റിക്രൂട്ട് ചെയ്തുവെന്നും ഭീകരസംഘടനയില്‍ അംഗമാണെന്നും കണ്ടെത്തിയതായി ഉത്തരവില്‍ പറഞ്ഞിരുന്നു.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlights: Kanakamala terrorist case; NIA arrested Main accused