| Wednesday, 27th November 2019, 12:19 pm

കനകമല ഐ.എസ് റിക്രൂട്ട്‌മെന്റില്‍ വിധി; ഒന്നാം പ്രതിക്ക് 14 വര്‍ഷം തടവ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊച്ചി: കണ്ണൂര്‍ കനകമല ഐ.എസ് റിക്രൂട്ട്‌മെന്റ് കേസില്‍ കുറ്റകാരെന്ന് കണ്ടെത്തിയ ആറ് പ്രതികളുടെ ശിക്ഷ വിധിച്ചു. എന്‍.ഐ.എ പ്രത്യേക കോടതിയാണ് ശിക്ഷ വിധിച്ചത്.

ഒന്നാം പ്രതി മന്‍സീദിന് 14 വര്‍ഷം തടവും അന്‍പതിനായിരം രൂപ പിഴയുമാണ് ശിക്ഷ. രണ്ടാം പ്രതി തൃശൂര്‍ സ്വദേശി സ്വാലിഹ് മുഹമ്മദിന് 10 വര്‍ഷം തടവും ലഭിച്ചു. മൂന്നാം പ്രതി കോയമ്പത്തൂര്‍ സ്വദേശി റാഷിദ് അലിക്ക് ഏഴ് വര്‍ഷം തടവും നാലാം പ്രതി കോഴിക്കോട് കുറ്റ്യാടി സ്വദേശി എന്‍.കെ റാഷിദിന് മൂന്ന് വര്‍ഷം തടവും കോടതി ശിക്ഷ വിധിച്ചു.

അഞ്ചാം പ്രതി തിരൂര്‍ സ്വദേശി സഫ്‌വാന് അഞ്ച് വര്‍ഷമാണ് തടവും എട്ടാം പ്രതി കാഞ്ഞങ്ങാട് സ്വദേശി മൊയ്‌നുദ്ദീന് മൂന്ന് വര്‍ഷം തടവുമാണ് ശിക്ഷ.

2016 ഒക്ടോബറില്‍ ഇസ്ലാമിക് സ്റ്റേറ്റുമായി ചേര്‍ന്ന് ഭീകരാക്രമണം നടത്താനുള്ള പദ്ധതി തയ്യാറാക്കുന്നതിനായി കനകമലയില്‍ വെച്ച് ഭീകരവാദികള്‍ രഹസ്യയോഗം ചേര്‍ന്നെന്നാണ് കേസ്. രാജ്യദ്രോഹം, ഗൂഢാലോചന, യു.എ.പി.എയിലെ വിവിധ വകുപ്പുകള്‍ എന്നിവ പ്രകാരമാണ് എന്‍.ഐ.എ കുറ്റപത്രം സമര്‍പ്പിച്ചത്.

ഒമ്പത് പ്രതികളുള്ള കേസില്‍ ഏഴ് പ്രതികളാണ് വിചാരണ നേരിട്ടത്. കേസിലെ ആറാം പ്രതി കുറ്റ്യാടി സ്വദേശി ജാസിമിനെ കോടതി കഴിഞ്ഞ ദിവസം വെറുതെ വിട്ടിരുന്നു. ജാസിമിനെതിരായ കുറ്റം തെളിയിക്കപ്പെട്ടിട്ടില്ലെന്നു വ്യക്തമാക്കിയായിരുന്നു നടപടി.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഏഴാം പ്രതി സജീര്‍ അഫ്ഘാനിസ്ഥാനില്‍ കൊല്ലപ്പെട്ടിരുന്നു. ഒന്‍പതാം പ്രതി സുബ്ഹാനി ഹാജ മൊയ്തീന്റെ വിചാരണ പൂര്‍ത്തിയായിട്ടില്ല.

എല്ലാ പ്രതികള്‍ക്കുമെതിരെ ഗൂഡാലോചന കുറ്റവും നിരോധിത സംഘടനയെ അനുകൂലിച്ചുവെന്ന കുറ്റവും കണ്ടെത്തി. ഒന്നും രണ്ടും മൂന്നും പ്രതികള്‍ ഭീകര പ്രവര്‍ത്തനത്തിനു പണം കണ്ടെത്തിയെന്നും ഭീകര സംഘടനയിലേക്ക് ആളുകളെ റിക്രൂട്ട് ചെയ്തുവെന്നും ഭീകരസംഘടനയില്‍ അംഗമാണെന്നും കണ്ടെത്തിയതായി ഉത്തരവില്‍ പറയുന്നു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

We use cookies to give you the best possible experience. Learn more