| Tuesday, 11th June 2019, 4:43 pm

ഗിരീഷ് കര്‍ണാടിന്റെ ശാല്‍മാലി

കനക ഹ മ

ധര്‍വാദിലെ സന്ന സോമശേഖര ക്ഷേത്രത്തിനരികിലാണ് ശ്യാല്‍മാലി നദി പുഷ്‌കരണിയുമായി കൂടിച്ചേരുന്നത്. ധര്‍വാദിലായിരുന്ന സമയത്ത് ക്ഷേത്രം സന്ദര്‍ക്കാറുണ്ടായിരുന്ന ഗിരീഷ് കര്‍ണാട് സ്ഥിരമായി ഇരിക്കാറുള്ളത് ഈ സംഗമസ്ഥാനത്താണ്. അദ്ദേഹത്തിന് മകള്‍ ജനിച്ചപ്പോള്‍ രാജ്യത്തേയോ, കര്‍ണാടകയിലേയോ ഏതെങ്കിലും പ്രധാന നദിയുടെ പേര് നല്‍കാന്‍ അദ്ദേഹത്തിന്റെ ഭാര്യ താല്‍പര്യപ്പെട്ടിരുന്നു. അതിനോട് അദ്ദേഹം പ്രതികരിച്ചിതങ്ങിനെയാണ്. ‘ശാല്‍മാലി നമ്മുടെ ജീവിതമാണ്. അവള്‍ നമ്മുടെ ഗംഗയും, തുംഗയും, യമുനയും, ഗോദാവരിയും, കാവേരിയും എല്ലാമാണ്. നമുക്ക് മകളെ ശാല്‍മാലി എന്ന് വിളിക്കാം’.

കന്നഡ കവി ഡി.ആര്‍ ബെന്ദ്രെ, നിരൂപകന്‍ കുര്‍ത്തകൊടി എന്നിവരും, സ്വന്തം നാടായ ധര്‍വാദും തന്നില്‍ എത്രത്തോളം സ്വാധീനം ചെലുത്തിയെന്ന് ഗിരീഷ് കര്‍ണാട് തന്റെ ആത്മകഥയില്‍ എഴുതുന്നുണ്ട്. ധര്‍വാദിലെ സന്ന സോമശേഖര ക്ഷേത്രത്തെപ്പറ്റി ഡി.ആര്‍.ബെന്ദ്രെ എഴുതിയ കവിതയെക്കുറിച്ച് അവിടെ താമസിച്ച സമയത്ത് ഗിരീഷ് എഴുയിട്ടുണ്ട്.

ഗിരീഷിന്റെ എഴുത്തുകളുടെ രൂപകമായിട്ടാണ് എനിക്കീ സംഭവത്തെ ഓര്‍ക്കാന്‍ കഴിയുന്നത്. ഇംഗ്ലീഷ് എളുപ്പം വഴങ്ങുമായിരുന്നിട്ടും ഗിരീഷ് തന്റെ മാധ്യമമായി തെരഞ്ഞെടുത്തത് കന്നഡയാണ്. ഒരു പക്ഷെ ഇംഗ്ലീഷില്‍ എഴുതിയിരുന്നെങ്കില്‍ അദ്ദേഹത്തിന് കൂടുതല്‍ പ്രശ്തിയും പണവും സമ്പാദിക്കാമായിരുന്നു. എത്രയെത്ര നാടകങ്ങളാണ് അദ്ദേഹം കന്നഡയ്ക്കും അരങ്ങുകളുടെ ലോകത്തിനും നല്‍കിയിരിക്കുന്നത്. യയാതി, തുഗ്ലക്ക്, ഹയാവദന, തലേദന്ദ, അഗ്നി മാട്ടു മലെ (അഗ്നിയും മഴയും) നാഗമണ്ഡലസ, ഒടകലും ബിംബ ( തകര്‍ന്ന ചിത്രങ്ങള്‍) തുടങ്ങിയവ അതില്‍ ചിലത് മാത്രം.

അദ്ദേഹം എഴുതിയത് ഒരോന്നും തീക്ഷണവും, സമാനതകളില്ലാത്തതും, സങ്കീര്‍ണവുമായിരുന്നു. എഴുതുന്ന എല്ലാ നാടകങ്ങളും അരങ്ങിന് അനുയോജ്യമാവണമെന്നില്ല. എന്നാല്‍ ഗിരീഷ് കര്‍ണാടിന്റെ ഓരോ നാടകങ്ങളും നാടക സംവിധാകയര്‍ക്ക് ഉത്സവം പോലെയായിരുന്നു. സംഭാഷണങ്ങള്‍, സീനുകള്‍, കഥാപാത്രങ്ങള്‍, കഥാന്തു, എല്ലാം അത്രമേല്‍ അരങ്ങിന് അനുയോജ്യമായിരിക്കും. ജ്ഞാന പീഠം ലഭിക്കുന്ന ആദ്യത്തെ നാടക രചയിതാവ് കൂടിയാണ് ഗിരീഷ് കര്‍ണാട്. ആവിഷ്‌കാര സ്വാതന്ത്ര്യത്തിനായി അവസാനം വരെ പോരാടിയ വ്യക്തി.

മതാന്ധരുടെ ഭീഷണികള്‍ ഉയര്‍ന്നെങ്കിലും ഫാസിസത്തിനെതിരായി അദ്ദേഹം ശബ്ദമുയര്‍ത്തിക്കൊണ്ടിരുന്നു. ആരോഗ്യം നശിച്ചു കൊണ്ടിരുന്ന സാഹചര്യത്തില്‍ പോലും അദ്ദേഹം ഇതില്‍ നിന്ന് പിന്മാറാന്‍ തയ്യാറായില്ല. ജീവിച്ചിരിപ്പുണ്ടെങ്കില്‍ കൂടുതല്‍ കഥകള്‍ കൊണ്ട് നാടകവും സാഹിത്യവും അദ്ദേഹം സമ്പന്നമാക്കുമായിരുന്നു.

കനക ഹ മ

കന്നഡ എഴുത്തുകാരിയും, നാടക പ്രവര്‍ത്തകയുമാണ് ലേഖിക

We use cookies to give you the best possible experience. Learn more