ഷര്‍ജീല്‍ ഇമാമുമായി ആശയപരമായി വിയോജിപ്പുണ്ട്; രാജ്യദ്രോഹ നിയമം ദുരുപയോഗം ചെയ്താല്‍ അത് ചോദ്യം ചെയ്യപ്പെടണമെന്നും കനയ്യ കുമാര്‍
പട്‌ന: അക്രമങ്ങള്‍ അഴിച്ചുവിടാന്‍ സര്‍ക്കാര്‍ സംവിധാനങ്ങള്‍ ദുരുപയോഗം ചെയ്യുന്നുണ്ടെങ്കില്‍ അത് ചോദ്യം ചെയ്യപ്പെടണമെന്ന് സി.പി.ഐ നേതാവും ജെ.എന്‍.യു മുന്‍ സ്റ്റുഡന്‍സ് യൂണിയന്‍ പ്രസിഡന്റുമായ കനയ്യ കുമാര്‍. ജെ.എന്‍.യു വിദ്യാര്‍ത്ഥി ഷര്‍ജീല്‍ ഇമാമിനെ രാജ്യദ്രോഹ കുറ്റം ചുമത്തി അറസ്റ്റു ചെയ്തത വിഷയത്തില്‍ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
ഷര്‍ജീല്‍ ഇമാമുമായി ആശയപരമായി വിയോജിപ്പുണ്ടെങ്കിലും നമ്മള്‍ നിയമത്തെക്കുറിച്ച് സംസാരിക്കുമ്പോള്‍ അവകാശങ്ങളെക്കുറിച്ചും സംസാരിക്കേണ്ടിയിരിക്കുന്നു എന്നാണ് കനയ്യ കുമാര്‍ പറഞ്ഞത്. പട്‌നയില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു കനയ്യ കുമാര്‍.
‘ഷര്‍ജീല്‍ ഇമാമിന്റെ ആശയങ്ങളുമായി എനിക്ക് വിയോജിപ്പുകളുണ്ട്. പക്ഷെ നമ്മള്‍ നിയമത്തെക്കുറിച്ച് സംസാരിക്കുമ്പോള്‍ ഉറപ്പായും എന്താണ് അവകാശം എന്നതിനെക്കുറിച്ചും സംസാരിക്കേണ്ടിയിരിക്കുന്നു. രാജ്യത്താര്‍ക്കും അക്രമങ്ങള്‍ അഴിച്ചുവിടാന്‍ അവകാശമില്ല. എന്നാല്‍ സര്‍ക്കാര്‍ സംവിധാനങ്ങള്‍ അതിനായി ദുരുപയോഗം ചെയ്താല്‍ ഉറപ്പായും അത് ചോദ്യം ചെയ്യപ്പെടണം,’ കനയ്യ പറഞ്ഞു.
ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ
ആരെങ്കിലും വിവാദ പ്രസംഗം പറയുകയാണെങ്കില്‍ വിവിധ വകുപ്പുകള്‍ വെച്ച് അയാള്‍ക്കുമേല്‍ കേസെടുക്കാം. പക്ഷെ രാജ്യദ്രോഹ നിയമം ദുരുപയോഗം ചെയ്യപ്പെടുന്ന സ്ഥിതിയുണ്ടായാല്‍ അത് രാജ്യത്തിന്റെ ഐക്യത്തിനും സുരക്ഷയ്ക്കും ഭീഷണിയായി മാറുമെന്നും കനയ്യ പറഞ്ഞു.
വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ജനുവരി 28നാണ് പൗരത്വ നിയമവിരുദ്ധ പ്രക്ഷോഭ നേതാവും ജെ.എന്‍.യു വിദ്യാര്‍ത്ഥിയുമായ ഷര്‍ജീല്‍ ഇമാമിനെ രാജ്യദ്രോഹ കുറ്റം ചുമത്തി പൊലീസ് അറസ്റ്റുചെയ്തത്.
ജനുവരി 16 ന് അലിഗണ്ഡ് മുസ്ലിം സര്‍വ്വകലാശാലയില്‍ പൗരത്വഭേദഗതി നിയമത്തിനെതിരെ പ്രസംഗം നടത്തിയതിനാണ് അസമിലും യുപിയിലും ഷര്‍ജില്‍ ഇമാമിനെതിരെ രാജ്യദ്രോഹകുറ്റം ചുമത്തി കേസെടുത്തത്.