|

പാകിസ്ഥാനിൽ ആ ഇന്ത്യൻ താരത്തേക്കാൾ പോപ്പുലറായ മറ്റൊരു ക്രിക്കറ്റ് താരമില്ല: കമ്രാൻ അക്മൽ

സ്പോര്‍ട്സ് ഡെസ്‌ക്

ഇന്ത്യന്‍ സൂപ്പര്‍താരം വിരാട് കോഹ്‌ലിയെ പ്രശംസിച്ചുകൊണ്ട് മുന്നോട്ട് വന്നിരിക്കുകയാണ് മുന്‍ പാകിസ്ഥാന്‍ താരം കമ്രാന്‍ അക്മല്‍. പാകിസ്ഥാനില്‍ കോഹ്‌ലിയുടെ സ്വാധീനത്തെക്കുറിച്ചാണ് കമ്രാന്‍ സംസാരിച്ചത്. ടൈംസ് ഓഫ് ഇന്ത്യക്ക് നല്‍കിയ ആഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു മുന്‍ പാക് താരം.

‘പാകിസ്ഥാനില്‍ വിരാട് കോഹ്‌ലിയേക്കാള്‍ ജനപ്രിയനായ മറ്റൊരു ക്രിക്കറ്റ് താരവുമില്ല,’ കമ്രാന്‍ അക്മല്‍ പറഞ്ഞു.

ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന് ഒരുപിടി മികച്ച സംഭാവനകള്‍ നല്‍കിയ താരമാണ് വിരാട്. ഇതിനോടകം തന്നെ 295 ടെസ്റ്റ് മത്സരങ്ങളില്‍ 283 ഇന്നിങ്സുകളില്‍ നിന്നും 13906 റണ്‍സാണ് കോഹ്‌ലി നേടിയത്. 50 സെഞ്ച്വറികളും 72 അര്‍ധസെഞ്ച്വറികളുമാണ് വിരാടിന്റെ അക്കൗണ്ടിലുള്ളത്.

ഏകദിനത്തില്‍ 113 മത്സരങ്ങളില്‍ 191 ഇന്നിങ്സുകളില്‍ നിന്നും 8848 റണ്‍സും കോഹ്ലി നേടി. റെഡ് ബോള്‍ ക്രിക്കറ്റില്‍ 29 തവണ വിരാട് 100 കടന്നപ്പോള്‍ 30 തവണ ഫിഫ്റ്റിയും സ്വന്തമാക്കി. കുട്ടി ക്രിക്കറ്റില്‍ 125 മത്സരങ്ങളില്‍ നിന്നും ഒരു സെഞ്ച്വറിയും 38 അര്‍ധസെഞ്ച്വറികളും ഉള്‍പ്പെടെ 4188 റണ്‍സാണ് കോഹ്‌ലി നേടിയത്.

കോഹ്‌ലിക്ക് പുറമെ രോഹിത് ശര്‍മ, ജസ്പ്രീത് ബുംറ എന്നി താരങ്ങളോടുള്ള പാകിസ്ഥാന്‍ ക്രിക്കറ്റ് ആരാധകരുടെ സ്‌നേഹത്തെക്കുറിച്ചും കമ്രാന്‍ സംസാരിച്ചു.

‘വിരാടും രോഹിത്തും ലോകോത്തര താരങ്ങളാണ്. ഓരോ ആരാധകനും അവരെ സ്‌നേഹിക്കുന്നുണ്ട്. അവര്‍ പാകിസ്ഥാന്‍ സന്ദര്‍ശിക്കണം. അവര്‍ക്ക് പാകിസ്ഥാനില്‍ ഒരു ഒരുപാട് ആരാധകരുണ്ട്. എല്ലാ പാകിസ്ഥാന്‍ ആരാധകരും കോഹ്‌ലിയെയും രോഹിത്തിനെയും ബുംറയെയും സ്‌നേഹിക്കുന്നു,’ മുന്‍ പാക് താരം കൂട്ടിച്ചേര്‍ത്തു.

നീണ്ട 17 വര്‍ഷത്തെ ഇന്ത്യന്‍ ക്രിക്കറ്റ് ആരാധകരുടെ കാത്തിരിപ്പ് അവസാനിപ്പിച്ചുകൊണ്ട് ഇന്ത്യ ടി-20 ലോകകപ്പ് നേടിയിരുന്നു. ലോകകപ്പില്‍ ഒരു മത്സരം പോലും പരാജയപ്പെടാതെയായിരുന്നു രോഹിത് ശര്‍മയുടെ കീഴില്‍ ഇന്ത്യ വീണ്ടും കുട്ടി ക്രിക്കറ്റിന്റെ രാജാക്കന്മാരായി മാറിയത്.

ലോകകപ്പില്‍ ബാറ്റിങ്ങില്‍ മിന്നും പ്രകടനമായിരുന്നു രോഹിത് നടത്തിയത്. എട്ട് ഇന്നിങ്സുകളില്‍ നിന്നും മൂന്ന് അര്‍ധസെഞ്ച്വറികള്‍ ഉള്‍പ്പെടെ 281 റണ്‍സാണ് രോഹിത് നേടിയത്. 35.12 ആവറേജിലും 124.33 സ്ട്രൈക്ക് റേറ്റിലുമാണ് ഇന്ത്യന്‍ നായകന്‍ ബാറ്റ് വീശിയത്.

ലോകകപ്പില്‍ ഇന്ത്യയുടെ വിജയത്തില്‍ ബുംറ വഹിച്ച പങ്കും വളരെ വലുതായിരുന്നു. ഈ ടൂര്‍ണമെന്റില്‍ എട്ടു മത്സരങ്ങളില്‍ നിന്നും എതിരാളികളുടെ 15 വിക്കറ്റുകള്‍ ആണ് ഇന്ത്യന്‍ സ്റ്റാര്‍ പേസര്‍ വീഴ്ത്തിയത്.

ലോകകപ്പിലെ പ്ലെയര്‍ ഓഫ് ദി ടൂര്‍ണമെന്റ് അവാര്‍ഡും താരം സ്വന്തമാക്കിയിരുന്നു. ബാറ്റിങ്ങില്‍ ഒരു റണ്‍സ് പോലും നേടാതെയാണ് ബുംറ ഈ നേട്ടം സ്വന്തമാക്കിയത്. ഇതോടെ ടി-20 ലോകകപ്പിന്റെ ചരിത്രത്തില്‍ ഒരു റണ്‍സ് പോലും നേടാതെ ആദ്യമായി പ്ലെയര്‍ ഓഫ് ദി ടൂര്‍ണമെന്റ് അവാര്‍ഡ് നേടുന്ന ആദ്യ താരമായിമാറാനും ബുംറക്ക് സാധിച്ചിരുന്നു.

Content Highlight: Kamran Akmal Talks About Virat Kohli