ഐ.സി.സി ടി-20 ലോകകപ്പില്‍ ഇന്ന് നടക്കുന്ന വാശിയേറിയ പോരാട്ടത്തില്‍ ഇന്ത്യയും പാകിസ്ഥാനുമാണ് ഏറ്റുമുട്ടുന്നത്. മേജര്‍ ടൂര്‍ണമെന്റുകളില്‍ ഇരു ടീമുകളും നേര്‍ക്കുനേര്‍ വരുന്നതിന്റെ ആവേശത്തിലാണ് ക്രിക്കറ്റ് ലോകം.
ലോകകപ്പിലെ ആദ്യ മത്സരത്തില്‍ ഇന്ത്യ അയര്‍ലാന്‍ഡിനെ എട്ട് വിക്കറ്റുകള്‍ക്ക് തകര്‍ത്ത ആത്മവിശ്വാസവുമായാണ് ഇന്ത്യ കളത്തിലിറങ്ങുന്നത്. മറുഭാഗത്ത് ടൂര്‍ണമെന്റിലെ ആദ്യ മത്സരത്തിലെ സൂപ്പര്‍ ഓവറില്‍ യു.എസ്.എയോട് ഞെട്ടിക്കുന്ന തോല്‍വിയാണ് പാകിസ്ഥാന്‍ ഏറ്റുവാങ്ങിയത്.
ഇപ്പോള്‍ ഈ മത്സരത്തിന് മുന്നോടിയായി ഇന്ത്യന്‍ സ്റ്റാര്‍ ബാറ്റര്‍ സൂര്യകുമാർ യാദവിനെ കുറിച്ച് സംസാരിച്ചു രംഗത്ത് വന്നിരിക്കുകയാണ് മുന്‍ പാക്കിസ്ഥാന്‍ താരം കമ്രാന്‍ അക്മല്‍. ടി-20യില്‍ മികച്ച റാങ്ക് ഉണ്ടായിട്ടും സൂര്യകുമാര്‍ യാദവ് പാകിസ്ഥാനെതിരെ ഇതുവരെ മികച്ച പ്രകടനം നടത്തിയിട്ടില്ലെന്നാണ് മുന്‍ പാക് താരം പറഞ്ഞത്.
‘വിരാട് കോഹ്‌ലി മികച്ച താരമാണ്. വലിയ ടൂര്‍ണമെന്റുകളില്‍ രോഹിത് ശര്‍മയും കഴിവ് തെളിയിച്ചിട്ടുണ്ട്. എന്നാല്‍ സൂര്യകുമാര്‍ യാദവ് എന്നത് ടി-20യില്‍ ഒരു വലിയ പേരാണ്. ഇതുവരെ അദ്ദേഹം പാകിസ്ഥാനെതിരെ മികച്ച പ്രകടനം നടത്തിയിട്ടില്ല. സൂര്യകുമാര്‍ ഒന്നാമനാണെങ്കില്‍ പാകിസ്ഥാനെതിരെ റണ്‍സ് സ്‌കോര്‍ ചെയ്യണം. എന്നിരുന്നാലും അവന്‍ അതിവേഗത്തില്‍ റണ്‍സ് നേടുന്ന ഒരു താരം തന്നെയാണ് മറ്റു ടീമുകള്‍ക്കെതിരെ അവന്‍ നന്നായി കളിക്കുന്നുണ്ട്,’ കമ്രാന്‍ അക്മല്‍ ടൈംസ് ഓഫ് ഇന്ത്യക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.
പാകിസ്ഥാനെതിരെ നാല് തവണ മാത്രമാണ് സൂര്യകുമാര്‍ യാദവ് കളിച്ചിട്ടുള്ളത്. ഏഷ്യാകപ്പിലും ടി-20 ലോകകപ്പിലുമാണ് പാകിസ്ഥാനെതിരെ കളിച്ച സൂര്യകുമാറിന് 57 റണ്‍സ് മാത്രമാണ് നേടാന്‍ സാധിച്ചിട്ടുള്ളത്.
Content Highlight: Kamran Akmal talks about Suryakumar yadav