| Wednesday, 28th August 2024, 8:50 pm

വിരമിക്കുന്നതിന് മുമ്പ് അവര്‍ പാകിസ്ഥാനില്‍ കളിക്കണം; ഇന്ത്യന്‍ താരങ്ങളെക്കുറിച്ച് മുന്‍ പാക് താരം കമ്രാന്‍ അക്മല്‍

സ്പോര്‍ട്സ് ഡെസ്‌ക്

2024 ടി-20 ലോകകപ്പില്‍ സൗത്ത് ആഫ്രിക്കയെ പരാജയപ്പെടുത്തി രോഹിത് ശര്‍മയുടെ ക്യാപ്റ്റന്‍സിയില്‍ ഇന്ത്യ തങ്ങളുടെ രണ്ടാം ടി-20 കിരീടം സ്വന്തമാക്കിയിരുന്നു. എന്നാല്‍ ലോകമെമ്പാടുമുള്ള ആരാധകരെ അമ്പരപ്പിച്ചുകൊണ്ട് വിരാടും രോഹിത്തും ഫോര്‍മാറ്റില്‍ നിന്ന് വിരമിക്കുകയും ചെയ്തിരുന്നു. താരങ്ങളോടൊപ്പം ഇന്ത്യന്‍ സ്റ്റാര്‍ ഓള്‍ റൗണ്ടര്‍ രവീന്ദ്ര ജഡേജയും വിരമിക്കല്‍ പ്രഖ്യാപിച്ചിരുന്നു.

എന്നാല്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിക്കുന്നതിന് മുമ്പ് വിരാട് കോഹ്‌ലിയും രോഹിത് ശര്‍മയും പാകിസ്ഥാനില്‍ കളിക്കണമെന്ന് പറഞ്ഞ് രംഗത്തുവന്നിരിക്കുകയാണ് കമ്രാന്‍ അക്മല്‍.

‘വിരമിക്കുന്നതിനു മുമ്പ് വിരാടും രോഹിത്തും പാകിസ്ഥാനില്‍ കളിക്കണം, ആരാധകര്‍ അവരെ ഒരുപാട് സ്‌നേഹിക്കുന്നുണ്ട്. മാച്ച് വിന്നര്‍മാരായ താരങ്ങള്‍ക്ക് മറ്റെവിടെയുള്ളതിനേക്കാളും വലിയ ആരാധകര്‍ ഇവിടെ ഉണ്ട്. വിരാട് പുതിയ താരങ്ങള്‍ക്ക് വലിയ മാതൃകയാണ്. രോഹിത് ലോകകപ്പ് നേടിയ ക്യാപ്റ്റനാണ്, ബുംറ ലോകത്തിലെ ഏറ്റവും മികച്ച ഫാസ്റ്റ് ബൗളറും, ഇവര്‍ മൂന്നുപേരും പാകിസ്ഥാന്‍ സന്ദര്‍ശിക്കുമ്പോള്‍ അത് രാജ്യത്തിലെ ആരാധകര്‍ക്ക് പ്രത്യേക വികാരം ഉണ്ടാകും,’കമ്രാന്‍ അക്മല്‍ ടൈംസ് ഓഫ് ഇന്ത്യയോട് പറഞ്ഞു.

2012/13 കാലഘട്ടത്തിലാണ് ഇന്ത്യയും പാകിസ്ഥാനും അവസാനമായി ഇന്ത്യയില്‍ ഒരു ഉഭയകക്ഷി പരമ്പര കളിച്ചത്. 2005, 2006 വര്‍ഷങ്ങള്‍ക്ക് ശേഷം ഇന്ത്യ പാകിസ്ഥാനിലേക്ക് യാത്ര ചെയ്തിട്ടില്ല. 2025ലെ ചാമ്പ്യന്‍സ് ട്രോഫി മത്സരം പാകിസ്ഥാനില്‍ നടക്കാനിരിക്കവേ ഇന്ത്യ മത്സരങ്ങള്‍ക്കായി പാകിസ്ഥാനിലേക്ക് പോകില്ലെന്ന് നേരത്തെ അറിയിച്ചിരുന്നു. രാഷ്ട്രീയ കാരണങ്ങളും താരങ്ങളുടെ സുരക്ഷയും കണക്കിലെടുത്താണ് ഇന്ത്യ ഇത്തരത്തില്‍ ഒരു തീരുമാനത്തിലെത്തിയത്.

ഇതോടെ ഇന്ത്യയുടെ മത്സരങ്ങള്‍ മുമ്പ് നടത്തിയതുപോലെ ശ്രീലങ്കയില്‍ നടത്താനായിരിക്കും തീരുമാനിക്കുന്നത്. ചാമ്പ്യന്‍സ് ട്രോഫിക്കായി ഇന്ത്യ പാകിസ്ഥാനിലേക്ക് വരണമെന്ന് നിരവധി പാക് മുന്‍ താരങ്ങള്‍ പറഞ്ഞിരുന്നു.

Content Highlight: Kamran Akmal Talking About Virat Kohli , Rohit Sharma And Jasprit Bumrah

We use cookies to give you the best possible experience. Learn more