നീണ്ട 27 വര്‍ഷങ്ങള്‍ക്ക് ശേഷം ഇന്ത്യയെ ഒരു ഏകദിന സീരീസില്‍ പരാജയപ്പെടുത്തിരിക്കുകയാണ് ശ്രീലങ്ക. ഇരുവരും തമ്മില്‍ നടന്ന ഏകദിന പരമ്പരയിലെ അവസാന മത്സരത്തില്‍ 110 റണ്‍സിന്റെ വമ്പന്‍ തോല്‍വിയായിരുന്നു ഇന്ത്യ ഏറ്റുവാങ്ങിയത്. ആര്‍. പ്രേമദാസ സ്റ്റേഡിയത്തില്‍ ലങ്ക ഉയര്‍ത്തിയ 248 റണ്‍സ് മറികടക്കാനാകാതെ ഇന്ത്യ 26.1 ഓവറില്‍ 138 റണ്‍സിന് ഓള്‍ ഔട്ട് ആവുകയായിരുന്നു.
ആദ്യ രണ്ട് മത്സരത്തിലും ഇന്ത്യയുടെ പ്ലേയിങ് ഇലവനില്‍ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ റോളില്‍ കളിച്ചത് കെ.എല്‍. രാഹുലായിരുന്നു. എന്നാല്‍ രണ്ട് മത്സരങ്ങളിലും താരത്തിന് തിളങ്ങാന്‍ സാധിച്ചില്ല. ഇതോടെ അവസാന മത്സരത്തില്‍ ഇന്ത്യ വിക്കറ്റ് കീപ്പര്‍ സ്ഥാനത്തേക്ക് രാഹുലിനെ മാറ്റി റിഷബ് പന്തിനെയാണ് കൊണ്ടുവന്നത്. എന്നാല്‍ മത്സരത്തില്‍ പന്ത് വെറും ആറ് റണ്‍സിന് പുറത്തായിരുന്നു.
ഇതോടെ രാഹുലിനെ ഒഴിവാക്കിയത് ചോദ്യം ചെയ്ത് നിരവധിപേര്‍ രംഗത്ത് വന്നിരുന്നു. ഇപ്പോള്‍ മുന്‍ പാകിസ്ഥാന്‍ താരം കമ്രാന്‍ അക്മലും രാഹുലിനെ ഒഴുവാക്കിയത് തന്നെ അമ്പരപ്പിച്ചെന്ന് പറഞ്ഞ് രംഗത്ത് വന്നിരിക്കുകയാണ്. ഇന്ത്യയുടെ മികച്ച ഓപ്പണറായ താരത്തെ എന്തുകൊണ്ടാണ് എട്ടാം സ്ഥാനത്തേക്ക് കൊണ്ടുവന്നതെന്ന ആശങ്കയും താരം പ്രകടിപ്പിച്ചു.
‘ കെ.എല്‍. രാഹുലിനെ പുറത്ത് ബെഞ്ചിലിരുപ്പിച്ചത് എന്നെ അമ്പരപ്പിച്ചു, അവന്‍ ഒരു ഓപ്പണറാണ്, നിങ്ങള്‍ അവന് എട്ടാം സ്ഥാനത്ത് കളിക്കാനാണ് അവസരം കൊടുത്തത്. അവനെ ഒഴിവാക്കിയത് ഒരു സെന്‍സിബിളായ ഡിസിഷനായി എനിക്ക് തോന്നുന്നില്ല,’ കമ്രാന്‍ അക്മല്‍ തന്റെ യൂറ്റിയൂബ് ചാനലില്‍ പറഞ്ഞു.
Content Highlight: Kamran Akmal Talking About K.L. Rahul