| Sunday, 20th August 2023, 9:13 am

ധോണി ഇല്ലായിരുന്നുവെങ്കില്‍ അന്നെനിക്ക് ബാന്‍ കിട്ടിയേനേ, അതുപോലെ പ്രശ്‌നമായിരുന്നു!

സ്പോര്‍ട്സ് ഡെസ്‌ക്

ഇന്ത്യ-പാകിസ്ഥാന്‍ ക്രിക്കറ്റ് മത്സരങ്ങള്‍ എന്നും ആവേശവും വാശിയും നിറഞ്ഞതാണ്. ആരാധകരിലും ടി.വി കോമേഷ്യല്‍സിലും കളിക്കാരിലുമടക്കം അത് പ്രതിഫലിക്കാറുണ്ട്.

മത്സരത്തിനടിയില്‍ ഇന്ത്യ പാക് താരങ്ങള്‍ തമ്മില്‍ വാക്കുതര്‍ക്കങ്ങള്‍ ഉണ്ടാകാറുണ്ട്. അത്തരത്തില്‍ ഒരുപാട് ചര്‍ച്ചയായ വഴക്കായിരുന്നു മുന്‍ പാകിസ്ഥാന്‍ വിക്കറ്റ് കീപ്പര്‍ കമ്രാന്‍ അക്മലും ഇന്ത്യന്‍ പേസ് ബൗളര്‍ ഇഷാന്ത് ശര്‍മയും തമ്മിലുണ്ടായത്. 2012ല്‍ ഇന്ത്യയില്‍ വെച്ച് നടന്ന ടി-20 പരമ്പരക്കിടയിലെ ഒരു മത്സരത്തിലായിരുന്നു ഇരുവരും തമ്മില്‍ വാക്കുതര്‍ക്കത്തില്‍ ഏര്‍പ്പെടുന്നത്.

അന്നുണ്ടായ സംഭവം പങ്കുവെക്കുകയാണ് കമ്രാന്‍ ഇപ്പോള്‍. അന്ന് ഇഷാന്ത് ഒരെണ്ണം പറഞ്ഞപ്പോള്‍ താന്‍ ഇരുപതെണ്ണം തിരിച്ചുപറഞ്ഞെന്ന് പറയുകയാണ് കമ്രാന്‍. ഇന്ത്യന്‍ നായകന്‍ എം.എസ്. ധോണിയാണ് അടി നിര്‍ത്താനായി ഇടപ്പെട്ടതെന്നും താരം പറയുന്നു.

‘ഇഷാന്ത് എന്നെ അധിക്ഷേപിച്ചു. അവന്‍ ഒരു ചീത്ത വാക്ക് പറഞ്ഞു, പകരം കരം അവനെ ഒരു ഇരുപതെണ്ണം പറഞ്ഞിട്ടുണ്ട. ഞാന്‍ ഇവിടെ സത്യസന്ധനാണ്. അടുത്ത ദിവസം ഞങ്ങള്‍ക്ക് അഹമ്മദാബാദിലേക്ക് ഫ്‌ളൈറ്റ് ഉണ്ടായിരുന്നു, ഒരു ടി-20 മത്സരം ബാക്കിയുണ്ടായിരുന്നു. ഞാന്‍, വിരാട് കോഹ്ലി, ഷോയ്ബ് മാലിക്, ഹഫീസ് എന്നിവര്‍ ഇരിക്കുകയായിരുന്നു, ആരോ ചോദിച്ചു, എന്താണ് നിങ്ങള്‍ക്കിടയില്‍ സംഭവിച്ചതെന്ന്.

ബൗളിങ്ങിന് ശേഷം ഇഷാന്ത് പറഞ്ഞു, ഞാന്‍ അദ്ദേഹത്തോട് മോശമായ ഒരു വാക്ക് പറഞ്ഞുവെന്ന്. ഇത് പറഞ്ഞപ്പോള്‍ എല്ലാവരും എന്നോട് പറഞ്ഞു, നിങ്ങള്‍ അത് കേള്‍ക്കാന്‍ അര്‍ഹനായിരുന്നുവെന്ന്.

ആ ഫൈറ്റ് ഒരു ഗുരുതരമായ പ്രശ്‌നത്തിലേക്ക് നീങ്ങുകയായിരുന്നു, ഭാഗ്യമെന്ന് പറയാലോ ക്യാപ്റ്റന്‍ കൂള്‍ ധോണിയും റെയ്‌നയും ഇടപ്പെട്ടു. അവര്‍ക്കറിയാമായിരുന്നു ആരുടെ ഭാഗത്തായിരുന്നു തെറ്റെന്ന്. അതുകൊണ്ട് അവര്‍ അത് പറഞ്ഞൊതുക്കി, അല്ലെങ്കില്‍ മോശമായേനെ. എനിക്ക് വേണമെങ്കില്‍ ഒരു രണ്ട് മത്സരത്തില്‍ ബാനും അഞ്ച് മത്സരത്തിലേക്ക് പിഴയും അടക്കേണ്ടി വന്നേനെ, അത്രയും സീരിയസായിരുന്നു അത്,’ കമ്രാന്‍ പറഞ്ഞു.

ഏഷ്യാ കപ്പിലാണ് അടുത്തതായി ഇന്ത്യ-പാക് മത്സരം വരുന്നത്. കഴിഞ്ഞ മൂന്ന് തവണ ഏറ്റുമുട്ടിയപ്പോള്‍ രണ്ട് വിജയം ഇന്ത്യക്കൊപ്പമായിരുന്നു. ഇത്തവണ ഏഷ്യാ കപ്പില്‍ ഇരു ടീമുകളും തമ്മില്‍ മൂന്ന് മത്സരങ്ങള്‍ കളിക്കാനുള്ള സാധ്യതയുണ്ട്.

Content Highlight: Kamran Akmal Shares his Experience of Fighting With Ishant Sharma

We use cookies to give you the best possible experience. Learn more