പാകിസ്ഥാന്‍ ആതിഥേയരാകുന്ന ഏഷ്യാ കപ്പിന് ഇന്ത്യന്‍ ടീം എത്തിയില്ലെങ്കില്‍ ഇന്ത്യയില്‍ വെച്ച് നടക്കുന്ന 2023 ഐ.സി.സി ഏകദിന ലോകകപ്പ് ബഹിഷ്‌കരിക്കാന്‍ പാകിസ്ഥാന്‍ തയ്യാറാകണമെന്ന് മുന്‍ പാക് സൂപ്പര്‍ താരം കമ്രാന്‍ അക്മല്‍.
ഇന്ത്യയെ പോലെ തന്നെ പാകിസ്ഥാനും ക്രിക്കറ്റ് ലോകത്ത് അതേ നിലയും വിലയും ഉള്ളവരാണെന്നും തങ്ങളും ലോകകപ്പ് നേടിയവരാണെന്നും അദ്ദേഹം പറഞ്ഞു.
ഏഷ്യാ കപ്പ് വേദിയുമായി ബന്ധപ്പെട്ട് ഇന്ത്യ – പാകിസ്ഥാന്‍ തര്‍ക്കം നടക്കുന്ന സാഹചര്യത്തിലാണ് കമ്രാന്‍ അക്മലിന്റെ പരാമര്‍ശം.
വരാനിരിക്കുന്ന ഏഷ്യാ കപ്പ് പാകിസ്ഥാനില്‍ വെച്ചാണ് നടത്തുന്നതെങ്കില്‍ തങ്ങള്‍ ടീമിനെ അയക്കില്ല എന്ന് ബി.സി.സി.ഐ പ്രഖ്യാപിച്ചിരുന്നു. മത്സരം യു.എ.ഇ പോലുള്ള ഏതെങ്കിലും നിക്ഷ്പക്ഷ രാജ്യത്തെ വേദിയിലേക്ക് മാറ്റണമെന്നും ഇന്ത്യ ആവശ്യപ്പെട്ടിരുന്നു.
ഇതിന് പിന്നാലെ ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സീല്‍ ഈ നീക്കവുമായി മുന്നോട്ട് പോകാനുള്ള തീരുമാനമാണെന്ന റിപ്പോര്‍ട്ടുകളും പുറത്തുവന്നിരുന്നു.
എന്നാല്‍ പാകിസ്ഥാനില്‍ നിന്നും ഏഷ്യാ കപ്പിന്റെ വേദി മാറ്റുകയോ ഇന്ത്യ പാകിസ്ഥാനില്‍ വന്ന് ടൂര്‍ണമെന്റ് കളിക്കാതിരിക്കുകയോ ചെയ്താല്‍ ഇന്ത്യയില്‍ വെച്ച് നടക്കുന്ന ഏകദിന ലോകകപ്പ് ബഹിഷ്‌കരിക്കുമെന്ന് പി.സി.ബി ഭീഷണി മുഴക്കിയിരുന്നു. എന്നാല്‍ പോകെ പോകെ ബോര്‍ഡ് തീരുമാനം മയപ്പെടുത്തുകയായിരുന്നു.
ഇതിനിടെയാണ് കമ്രാന്‍ അക്മല്‍ ഈ വിഷയത്തില്‍ പ്രതികരിച്ചിരിക്കുന്നത്. തന്റെ യൂട്യൂബ് ചാനലിലൂടെയാണ് താരം ഇക്കാര്യം പറഞ്ഞത്.
‘ഇന്ത്യ ഏഷ്യാ കപ്പ് കളിക്കാന്‍ തയ്യാറാവുന്നില്ലെങ്കില്‍ നമ്മളും ഇന്ത്യയില്‍ പോയി 2023 ലോകകപ്പ് കളിക്കരുത്. നമ്മളും അതേനിലയില്‍ തന്നെ ബഹുമാനിക്കപ്പെടുന്നവരാണ്.
ഞങ്ങളും ലോകചാമ്പ്യന്‍മാരായിട്ടുണ്ട്. ക്രിക്കറ്റിലെ എല്ലാ ഫോര്‍മാറ്റിലും ഒന്നാം റാങ്ക് നേടിയവരാണ് പാകിസ്ഥാന്‍. ചാമ്പ്യന്‍സ് ട്രോഫിയും നമ്മള്‍ നേടിയിട്ടുണ്ട്,’ കമ്രാന്‍ അക്മല്‍ പറഞ്ഞു.