T20 world cup
ഇന്ത്യയോ പാകിസ്ഥാനോ, ആര് ജയിക്കും? സംശയമെന്ത് ഇന്ത്യ തന്നെ ജയിക്കുമെന്ന് കമ്രാന്‍ അക്മല്‍
സ്പോര്‍ട്സ് ഡെസ്‌ക്
2024 May 29, 05:27 pm
Wednesday, 29th May 2024, 10:57 pm

 

വരാനിരിക്കുന്ന ടി-20 ലോകകപ്പില്‍ ക്രിക്കറ്റ് ലോകം ഒന്നടങ്കം കാത്തിരിക്കുന്നത് ഇന്ത്യ-പാകിസ്ഥാന്‍ മത്സരത്തിനാണ്. ജൂണ്‍ ഒമ്പതിന് ന്യൂയോര്‍ക്കിലാണ് ക്ലാസിക് പോരാട്ടം അരങ്ങേറുന്നത്.

കഴിഞ്ഞ ടി-20 ലോകകപ്പില്‍ ഇരുടീമുകളുമേറ്റുമട്ടിയപ്പോള്‍ ഇന്ത്യ വിജയിച്ചിരുന്നു. വിരാട് കോഹ്‌ലിയുടെ അസാമാന്യ ചെറുത്തുനില്‍പിനൊപ്പം ആര്‍. അശ്വിന്റെ ക്രിക്കറ്റ് ബ്രില്യന്‍സുമാണ് അവസാന പന്ത് വരെ നീണ്ടുനിന്ന മത്സരത്തില്‍ ഇന്ത്യക്ക് ത്രില്ലിങ് വിജയം സമ്മാനിച്ചത്.

 

 

ഇത്തവണത്തെ ഇന്ത്യ – പാക് മത്സരത്തില്‍ ആര് വിജയിക്കുമെന്ന് പ്രവചിക്കുകയാണ് മുന്‍ പാകിസ്ഥാന്‍ വിക്കറ്റ് കീപ്പര്‍ കമ്രാന്‍ അക്മല്‍. ഇന്‍സ്റ്റഗ്രാമിലെ ക്യു-എ സെഷനിലാണ് താരം ലോകകപ്പിലെ തന്റെ വിജയികളെ പ്രഖ്യാപിച്ചത്.

ഈ മത്സരത്തില്‍ ഉറപ്പായും ഇന്ത്യ തന്നെ വിജയിക്കുമെന്നാണ് അക്മല്‍ പറഞ്ഞത്.

ഇന്ത്യ ഉറപ്പായും വിജയം കൊയ്യുമെന്നാണ് അക്മല്‍ പ്രവചിക്കുന്നതെങ്കിലും ഇത് ഒരിക്കലുമൊരു വണ്‍ സൈഡഡ് മാച്ചാകില്ല. കഴിഞ്ഞ തവണത്തേതെന്ന പോലെ ഒരു നെയ്ല്‍ ബൈറ്റിങ് ത്രില്ലറിന് തന്നെയായിരിക്കും ക്രിക്കറ്റ് ലോകം സാക്ഷ്യം വഹിക്കുക എന്ന് ഉറപ്പാണ്.

പതിവുപോലെ ബാറ്റിങ് നിരയാണ് ഇന്ത്യയുടെ കരുത്തെങ്കില്‍ വേഗവും കൃത്യയുമാര്‍ന്ന ബൗളിങ് നിരയാണ് പാകിസ്ഥാന്റെ കൈമുതല്‍. ശക്തമായ പേസ് ബൗളിങ് നിരയെയാണ് പാക് പട അണിനിരത്തുന്നത്.

വിരമിക്കല്‍ പിന്‍വലിച്ച് മടങ്ങിയെത്തിയ സ്റ്റാര്‍ പേസര്‍ മുഹമ്മദ് ആമിറിന്റെ ഇന്‍ക്ലൂഷന്‍ പാക് പേസ് ബൗളിങിന്റെ മൂര്‍ച്ച ഇരട്ടിയാക്കിയിരിക്കുകയാണ്. ആമിറിനൊപ്പം ഷഹീന്‍ ഷാ അഫ്രിദി, നസീം ഷാ, ഹാരിസ് റൗഫ് എന്നിവര്‍ കൂടി ചേരുമ്പോള്‍ അതൊരു ഡെഡ്‌ലി കോംബിനേഷന്‍ തന്നെയായി മാറുകയാണ്.

ഇന്ത്യന്‍ സ്‌ക്വാഡ്

രോഹിത് ശര്‍മ (ക്യാപ്റ്റന്‍), ഹാര്‍ദിക് പാണ്ഡ്യ (വൈസ് ക്യാപ്റ്റന്‍), യശസ്വി ജെയ്സ്വാള്‍, വിരാട് കോഹ്‌ലി, സൂര്യകുമാര്‍ യാദവ്, റിഷബ് പന്ത് (വിക്കറ്റ് കീപ്പര്‍), സഞ്ജു സാംസണ്‍ (വിക്കറ്റ് കീപ്പര്‍), ശിവം ദുബെ, രവീന്ദ്ര ജഡേജ, അക്സര്‍ പട്ടേല്‍, കുല്‍ദീപ് യാദവ്, യൂസ്വേന്ദ്ര ചഹല്‍, അര്‍ഷ്ദീപ് സിങ്, ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാജ്.

ട്രാവലിങ് റിസര്‍വ് താരങ്ങള്‍

ശുഭ്മന്‍ ഗില്‍, റിങ്കു സിങ്, ഖലീല്‍ അഹമ്മദ്, ആവേശ് ഖാന്‍.

പാകിസ്ഥാന്‍ സ്‌ക്വാഡ്

ബാബര്‍ അസം (ക്യാപ്റ്റന്‍), അബ്രാര്‍ അഹമ്മദ്, അസം ഖാന്‍, ഫഖര്‍ സമാന്‍, ഹാരിസ് റൗഫ്, ഇഫ്തിഖര്‍ അഹമ്മദ്, ഇമാദ് വസീം, മുഹമ്മദ് അബ്ബാസ് അഫ്രിദി, മുഹമ്മദ് ആമിര്‍, മുഹമ്മദ് റിസ്വാന്‍, നസീം ഷാ, സയിം അയ്യൂബ്, ഷദാബ് ഖാന്‍, ഷഹീന്‍ ഷാ അഫ്രിദി, ഉസ്മാന്‍ ഖാന്‍.

 

Content Highlight: Kamran Akmal predicts winner India vs Pakistan match at T20 World Cup