| Thursday, 4th August 2022, 8:30 am

അദ്ദേഹത്തിന്റെ ഫോം ഇന്ത്യക്ക് പോസിറ്റീവായ കാര്യമാണ്; ഇന്ത്യന്‍ താരത്തിന്റെ തിരിച്ചുവരവിനെക്കുറിച്ച് മുന്‍ പാകിസ്ഥാന്‍ താരം

സ്പോര്‍ട്സ് ഡെസ്‌ക്

ഈ വര്‍ഷം നടക്കുന്ന ട്വന്റി-20 ലോകകപ്പിനുള്ള തയ്യാറെടുപ്പിലാണ് ടീം ഇന്ത്യ. വ്യത്യസ്ത താരങ്ങളെ ഓരോ പരമ്പരയില്‍ ഇന്ത്യന്‍ ടീം പരീക്ഷിക്കുന്നുണ്ട്. യുവ താരങ്ങള്‍ക്കും വെറ്ററന്‍ താരങ്ങള്‍ക്കും ഒരുപോലെ അവസരം കൊടുക്കാന്‍ ഇന്ത്യന്‍ ടീം ശ്രമിക്കുന്നുണ്ട്.

ദിനേഷ് കാര്‍ത്തിക്, ആര്‍. അശ്വിന്‍ എന്നിവരെ ടീമിലേക്ക് തിരിച്ചെത്തിക്കാന്‍ ഇന്ത്യന്‍ ടീമിന് സാധിച്ചിരുന്നു. ഇരുവരും ഇന്ത്യക്കായി മോശമല്ലാത്ത പ്രകടനം കാഴ്ചവെക്കുന്നുണ്ട്. ലോകകപ്പിന് മുന്നേയുള്ള അശ്വിന്റെ ഈ പ്രകടനം ടീമിന് ഗുണം ചെയ്യുന്ന കാര്യമാണെന്നാണ് മുന്‍ പാകിസ്ഥാന്‍ താരമായ കമ്രാന്‍ അക്മല്‍ പറയുന്നത്.

കുറച്ചുനാളായി അശ്വിന്‍ വേരിയേഷനുകള്‍ കൊണ്ട് തന്നെ ആകര്‍ഷിച്ചതായും അക്മല്‍ പറഞ്ഞു. അശ്വിനെ പോലെയുള്ള ഒരാള്‍ ടീമിന്റെ കോണ്‍ഫിഡന്‍സ് കൂട്ടുമെന്നും അദ്ദേഹം പറഞ്ഞു.

‘രവിചന്ദ്രന്‍ അശ്വിന്‍ ഒരു തെളിയിക്കപ്പെട്ട താരമാണ്. ടി20 ലോകകപ്പിന് മുമ്പുള്ള അദ്ദേഹത്തിന്റെ ഫോം ഇന്ത്യന്‍ ക്രിക്കറ്റിന് നല്ല അടയാളമാണ്. തന്റെ ബോളിങ് വേരിയേഷനുകള്‍ കൊണ്ട് അദ്ദേഹം ഒരിക്കല്‍ കൂടി ഇമ്പ്രസ് ചെയ്തിട്ടുണ്ട്,’ അക്മല്‍ പറഞ്ഞു.

ഒരുപാട് കാലം ഇന്ത്യന്‍ ട്വന്റി-20 ടീമില്‍ അശ്വിന്‍ ഉണ്ടായിരുന്നില്ല. എന്നാല്‍ നിലവില്‍ നടക്കുന്ന വിന്‍ഡീസ് ട്വന്റി-20 പരമ്പരയില്‍ ടീമിലിടം നേടാന്‍ അദ്ദേഹത്തിന് സാധിച്ചിരുന്നു.

അശ്വിന്‍ ട്വന്റി-20യില്‍ ഒരുപാട് പരിചയസമ്പത്തുണ്ടെന്നും ഒരു മാച്ച് വിന്നറാണെന്നും അക്മല്‍ പറഞ്ഞിരുന്നു. അശ്വിന്റെ ഓവറുകള്‍ ഇന്ത്യന്‍ ടീമിന് ആത്മവിശ്വാസം വര്‍ധിപ്പിക്കുന്നതാണെന്നും അക്മല്‍ പറയുന്നു. തന്റെ യൂട്യൂബ് ചാനലില്‍ സംസാരിക്കുകയായിരുന്നു അക്മല്‍.

‘അശ്വിന് ടി-20 ക്രിക്കറ്റ് കളിച്ച് ധാരാളം പരിചയമുണ്ട്. പോരാത്തതിന് തെളിയിക്കപ്പെട്ട ഒരു മാച്ച് വിന്നറാണ്. രവിചന്ദ്രന്‍ അശ്വിനെപ്പോലെ ഒരാള്‍ മധ്യ ഓവറുകളില്‍ പന്തെറിയുന്നത് ടീമിന്റെ ആത്മവിശ്വാസം വര്‍ധിപ്പിക്കുന്നു,’ അക്മല്‍ കൂട്ടിച്ചേര്‍ത്തു.

നിലവില്‍ നടക്കുന്ന വെസ്റ്റ് ഇന്‍ഡീസ് പരമ്പരയില്‍ മൂന്ന് മത്സരത്തിലും അശ്വിന്‍ കളിക്കാനിറങ്ങിയിരുന്നു. 6.66 എന്ന എക്കോണമി റേറ്റില്‍ മൂന്ന് വിക്കറ്റാണ് അശ്വിന്‍ നേടിയത്. ട്വന്റി-20 ക്രിക്കറ്റിലേക്ക് തിരിച്ചുവന്നതിന് ശേഷം എട്ട് മത്സരത്തില്‍ നിന്നും 12 വിക്കറ്റ് നേടാന്‍ അദ്ദേഹത്തിന് സാധിച്ചിരുന്നു.

Content Highlights: Kamran Akmal Praises Ravichandran Ashwin after his come back

We use cookies to give you the best possible experience. Learn more