| Thursday, 26th October 2023, 1:08 pm

ലോകകപ്പിലെ ഇനിയുള്ള എല്ലാ മത്സരങ്ങളും പാകിസ്ഥാന്‍ തോല്‍ക്കണം: പാക് മുന്‍ താരം

സ്പോര്‍ട്സ് ഡെസ്‌ക്

ഏകദിന ലോകകപ്പില്‍ ആദ്യ രണ്ട് മത്സരങ്ങളും ജയിച്ച പാകിസ്ഥാന്‍ തുടര്‍ച്ചയായ മൂന്ന് മത്സരങ്ങളും പരാജയപ്പെടുകയായിരുന്നു. അവസാനമത്സരത്തില്‍ അഫ്ഗാനിസ്ഥാനോട് എട്ട് വിക്കറ്റിന് ഞെട്ടിക്കുന്ന തോല്‍വി പാകിസ്ഥാന്‍ നേരിട്ടിരുന്നു. ഇതിന് പിന്നാലെ ഒരുപാട് വിമര്‍ശനങ്ങള്‍ പാകിസ്ഥാന്‍ ടീമിനെതിരെ ഉയര്‍ന്നുവന്നിരുന്നു.

ഈ സാഹചര്യത്തില്‍ പാക് ടീമിനെതിരെ രൂക്ഷമായ പരാമര്‍ശവുമായി മുന്നോട്ട് വന്നിരിക്കുകയാണ് മുന്‍ പാക് താരം കമ്രാന്‍ അക്മല്‍. പാകിസ്ഥാന്‍ ടീം മെച്ചപ്പെടണമെങ്കില്‍ വരാനിരിക്കുന്ന മത്സരങ്ങളെല്ലാം പാകിസ്ഥാന്‍ പരാജയപ്പെടണമെന്നുമാണ് അക്മല്‍ പറഞ്ഞത്.

‘പാകിസ്ഥാന്‍ ക്രിക്കറ്റ് മെച്ചപ്പെടണമെങ്കില്‍ അടുത്ത അടുത്ത മത്സരങ്ങള്‍ അവര്‍ ജയിക്കരുത്. എന്നാല്‍ മാത്രമേ അവര്‍ ഫോം വീണ്ടെടുക്കൂ. ടീം തോല്‍ക്കുന്നത് പ്രശ്‌നമല്ല അവരുടെ അഹന്തക്ക് അറുതിവരണം,’ അക്മല്‍ ആരി ന്യൂസിലെ സംവാദത്തില്‍ പറഞ്ഞു.

പാകിസ്ഥാന്‍ ടീമിനെതിരെ ഒരുപാട് ക്രിക്കറ്റ് വിദഗ്ധരും ആരാധകരും വിമര്‍ശനങ്ങള്‍ ഉന്നയിച്ചിട്ടുണ്ട്. ബാബര്‍ അസം ക്യാപ്റ്റന്‍ സ്ഥാനം നഷ്ടമാവുമെന്നും താരങ്ങളുടെ ഫിറ്റ്‌നസിന്റെ നിലവാരത്തെകുറിച്ചും റിപ്പോര്‍ട്ടുകള്‍ വരുന്നുണ്ട്.

നിലവില്‍ രണ്ട് വിജയവും മൂന്ന് തോല്‍വിയും അടക്കം നാല് പോയിന്റുമായി അഞ്ചാം സ്ഥാനത്താണ് പാകിസ്ഥാന്‍. വരാനിരിക്കുന്ന മത്സരങ്ങളിലെല്ലാം വിജയിച്ചാല്‍ മാത്രമേ പാകിസ്ഥാന് സെമി സാധ്യതകള്‍ നിലനിര്‍ത്താന്‍ സാധിക്കൂ.

ഒക്ടോബര്‍ 27ന് ചെന്നൈ ചിദംബരം സ്റ്റേഡിയത്തില്‍ സൗത്ത് ആഫ്രിക്കക്കെതിരെയാണ് പാകിസ്ഥാന്റെ അടുത്ത മത്സരം. ഈ മത്സരത്തില്‍ ജയത്തില്‍ കുറഞ്ഞതൊന്നും പാക് ടീം ലക്ഷ്യംവെക്കില്ല.

Content Highlight: kamran Akmal criticize Pakisthan team poor performance in Worldcup.

We use cookies to give you the best possible experience. Learn more