ലോകം മുഴുവന്‍ പാകിസ്ഥാനെ നോക്കി ചിരിക്കുകയാണ്; കടുത്ത വിമര്‍ശനവുമായി കമ്രാന്‍ അക്മല്‍
Sports News
ലോകം മുഴുവന്‍ പാകിസ്ഥാനെ നോക്കി ചിരിക്കുകയാണ്; കടുത്ത വിമര്‍ശനവുമായി കമ്രാന്‍ അക്മല്‍
സ്പോര്‍ട്സ് ഡെസ്‌ക്
Saturday, 12th October 2024, 6:05 pm

പാകിസ്ഥാനെതിരെ നടന്ന ആദ്യ ടെസ്റ്റ് മത്സരത്തില്‍ ഇംഗ്ലണ്ട് ഐതിഹാസികമായ വിജയമാണ് സ്വന്തമാക്കിയത്. ഇന്നിങ്സിനും 47 റണ്‍സിനുമാണ് ഇംഗ്ലണ്ട് ആതിഥേയരെ തകര്‍ത്തത്. മുള്‍ട്ടാനില്‍ നടന്ന മത്സരത്തില്‍ ടോസ് നേടിയ പാകിസ്ഥാന്‍ ആദ്യ ഇന്നിങ്സില്‍ 556 റണ്‍സ് നേടിയപ്പോള്‍ തുടര്‍ ബാറ്റിങ്ങിന് ഇറങ്ങിയ ഇംഗ്ലണ്ട് അമ്പരപ്പിക്കുന്ന പ്രകടനമാണ് കാഴ്ചവെച്ചത്.

ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 823 റണ്‍സ് നേടി ഡിക്ലയര്‍ ചെയ്താണ് ത്രീ ലയണ്‍സ് ബാറ്റിങ് അവസാനിപ്പിച്ചത്. എന്നാല്‍ രണ്ടാം ഇന്നിങ്സില്‍ ബാറ്റിങ്ങിനിറങ്ങിയ പാകിസ്ഥാന്‍ വെറും 220 റണ്‍സിന് ഓള്‍ ഔട്ട് ആവുകയായിരുന്നു.

ഷാന്‍ മസൂദിന്റെ നായകത്വത്തില്‍ തുടര്‍ച്ചയായി ആറ് ടെസ്റ്റുകളിലാണ് ആതിഥേയ ടീം തോല്‍വി വഴങ്ങുന്നത്. ഇതോടെ പല താരങ്ങളും പാകിസ്ഥാനെ വിമര്‍ശിച്ച് രംഗത്ത് വന്നിരുന്നു. മുന്‍ പാകിസ്ഥാന്‍ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ കമ്രാന്‍ അക്മലും ടീമിനെ വിമര്‍ശിച്ച് സംസാരിക്കുകയാണ് ഇപ്പോള്‍.

‘ഇംഗ്ലണ്ടിനെതിരെ പാകിസ്ഥാന്‍ തോറ്റത് ലോകത്തെ അത്ഭുതപ്പെടുത്തുന്നു. ഒരു പ്രാദേശിക ടീമിനെ പോലെയാണ് പാകിസ്ഥാന്‍ ടീം കളിക്കുന്നത്. ക്ലബ്ബുകള്‍ പോലും ഇത്തരത്തില്‍ പ്രകടനം നടത്താറില്ല. ചെറിയ ടീമുകള്‍ക്കെതിരെ നമുക്ക് ജയിക്കാനാകും, പക്ഷേ വലിയ ടീമുകളോട് മത്സരിക്കാന്‍ പോലും കഴിയില്ല. നിലവിലെ പാകിസ്ഥാന്‍ ടീമിനെ കണ്ട് ലോകം മുഴുവന്‍ ചിരിക്കുകയാണ്,’ കമ്രാന്‍ അക്മല്‍ പറഞ്ഞു.

മൂന്ന് വര്‍ഷത്തിലേറെയായി സ്വന്തം നാട്ടില്‍ പാകിസ്ഥാന് ഒരു ടെസ്റ്റ് മത്സരവും വിജയിക്കാന്‍ സാധിച്ചിട്ടില്ല. 2021 ഫെബ്രുവരിയില്‍ സൗത്ത് ആഫ്രിക്കയ്‌ക്കെതിരെയായിരുന്നു ടീമിന്റെ അവസാന ഹോം വിജയം. അതിന് ശേഷം ഇംഗ്ലണ്ടും ഓസ്ട്രേലിയയും ബംഗ്ലാദേശും പാകിസ്ഥാനെതിരെ അവരുടെ തട്ടകത്തില്‍ ടെസ്റ്റ് പരമ്പര സ്വന്തമാക്കി. ന്യൂസിലന്‍ഡിനെതിരായ പരമ്പരയില്‍ അവര്‍ സമനിലയില്‍ അവസാനിച്ചു.

ഇംഗ്ലണ്ടിന്റെ മികച്ച പ്രകടനം

ഇംഗ്ലണ്ടിന് വേണ്ടി ആദ്യ ഇന്നിങ്സില്‍ ഐതിഹാസികമായ പ്രകടനം കാഴ്ചവെച്ചത് ദി ക്ലാസിക് മാന്‍ ജോ റൂട്ടും ഹാരി ബ്രൂക്കുമാണ്. റൂട്ട് 375 പന്തില്‍ നിന്ന് 262 റണ്‍സാണ് നേടിയത്. 17 ഫോറുകള്‍ അടക്കമാണ് താരം റണ്‍സ് മുന്നോട്ട് കൊണ്ട് പോകുന്നത്. താരത്തിന്റെ ടെസ്റ്റ് ക്രിക്കറ്റ് കരിയറിലെ ആറാം ഡബിള്‍ സെഞ്ച്വറിയാണ് ഇപ്പോള്‍ സ്വന്തമാക്കിയിരിക്കുന്നത്.

റൂട്ടിന് കൂട്ട് നിന്ന ഹാരി ബ്രൂക്കും ഗംഭീര പ്രകടനമാണ് കാഴ്ചവെച്ചത്. 322 പന്തില്‍ നിന്ന് 29 ഫോറും മൂന്ന് സിക്സും ഉള്‍പ്പെടെ 317 റണ്‍സ് നേടി ട്രിപ്പിള്‍ സെഞ്ച്വറി നേടാനാണ് താരത്തിന് സാധിച്ചത്. ടെസ്റ്റില്‍ ബ്രൂക്കിന്റെ ആദ്യത്തെ ഡബിള്‍ സെഞ്ച്വറി കണ്‍വേര്‍ട്ട് ചെയ്താണ് ട്രിപ്പിള്‍ സെഞ്ച്വറി നേടിയത്.

 

Content Highlight: Kamran Akmal Criticize Pakistan Cricket Team After Big Lose Against England