| Friday, 17th November 2023, 4:34 pm

കോഹ്‌ലിയുടെ 50 സെഞ്ച്വറികള്‍ മറികടക്കാന്‍ അവരെകൊണ്ട് സാധിക്കും; പാക് മുന്‍ താരം

സ്പോര്‍ട്സ് ഡെസ്‌ക്

ഐ.സി.സി ഏകദിന ലോകകപ്പില്‍ ആദ്യ സെമി ഫൈനലില്‍ ന്യൂസിലാന്‍ഡിനെ 70
റണ്‍സിന് പരാജയപ്പെടുത്തി ഇന്ത്യ സെമിഫൈനലിലേക്ക് മുന്നേറിയിരുന്നു. മത്സരത്തില്‍ ഇന്ത്യന്‍ സ്റ്റാര്‍ ബാറ്റര്‍ വിരാട് കോഹ്‌ലി അവിസ്മരണീയമായ സെഞ്ച്വറി നേടിയിരുന്നു.

ഈ മികച്ച ഇന്നിങ്‌സിലൂടെ ചരിത്രനേട്ടത്തിലേക്കാണ് കോഹ്‌ലി സ്വന്തമാക്കിയത്.
വിരാടിന്റെ ഏകദിനത്തിലെ 50 സെഞ്ച്വറിയായിരുന്നു ഇത്. ഇതോടെ ക്രിക്കറ്റ് ചരിത്രത്തില്‍ ഏകദിനത്തില്‍ ഏറ്റവും കൂടുതല്‍ സെഞ്ച്വറി നേടുന്ന താരമായി മാറാനും കോഹ്‌ലിക്ക് സാധിച്ചിരുന്നു. ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കറിന്റെ നേട്ടമായിരുന്നു കോഹ്‌ലി മറികടന്നത്.

ഇപ്പോഴിതാ കോഹ്‌ലിയുടെ ഈ 50 സെഞ്ച്വറികളുടെ നേട്ടം തകര്‍ക്കാന്‍ പാകിസ്ഥാന്‍ ബാറ്റര്‍ ബാബര്‍ അസമിനും ഇന്ത്യന്‍ യുവബാറ്റര്‍ ശുഭ്മന്‍ ഗില്ലിനും സാധിക്കുമെന്ന് പറഞ്ഞിരിക്കുകയാണ് പാക് മുന്‍ താരം കമ്രാന്‍ അക്മല്‍.

‘ഒരു ടോപ്പ് ഓര്‍ഡറിന് മാത്രമേ കോഹ്‌ലിയുടെ റെക്കോഡ് തകര്‍ക്കാന്‍ കഴിയൂ. എന്നാല്‍ ഒരു മദ്യനിര ബാറ്റര്‍ക്ക് അതിന് സാധിക്കില്ല. ഞങ്ങളുടെ ബാബര്‍ അസത്തിനും ഇന്ത്യയുടെ ശുഭ്മന്‍ ഗില്ലിനും അത് തകര്‍ക്കാന്‍ സാധിക്കും,’ കമ്രാന്‍ അക്മല്‍ പാക് ടി.വി ഷോയില്‍ പറഞ്ഞു.

പാകിസ്ഥാന്റെ ബാബര്‍ അസം ഏകദിനത്തില്‍ 19 സെഞ്ച്വറികള്‍ മാത്രമാണ് നേടിയിട്ടുള്ളത്. ബാബറിന് വിരാടിന് മുന്നിലെത്താന്‍ ഇനി 31 സെഞ്ച്വറികള്‍ കൂടി ആവശ്യമാണ്. 29 വയസുള്ള ബാബറിന് ഇത് എത്രത്തോളം സാധിക്കുമെന്ന് കണ്ടു തന്നെ അറിയണം. അതേസമയം ബാബറിന്റെ കീഴില്‍ പാകിസ്ഥാന്‍ നിരാശാജനകമായ പ്രകടനമാണ് ലോകകപ്പില്‍ നടത്തിയത്. ടൂര്‍ണമെന്റില്‍ 9 മത്സരങ്ങളില്‍ നിന്നും നാലു വിജയങ്ങള്‍ മാത്രമാണ് ബാബറിന്റെ നേതൃത്വത്തില്‍ പാകിസ്ഥാന്‍ സ്വന്തമാക്കിയത്. ലോകകപ്പില്‍ നിന്നും പാകിസ്ഥാന്‍ പുറത്തായതിന് പിന്നാലെ ബാബര്‍ ക്യാപ്റ്റന്‍ സ്ഥാനം രാജിവെക്കുകയും ചെയ്തിരുന്നു.

ഇന്ത്യന്‍ യുവ ഓപ്പണര്‍ ശുഭ്മന്‍ ഗില്‍ ഏകദിനത്തില്‍ ആറ് സെഞ്ച്വറികളുമാണ് നേടിയത്. ഗില്ലിന് നീണ്ട ഒരു കരിയര്‍ മുന്നില്‍ ഉണ്ടായതുകൊണ്ട് തന്നെ ഗില്‍ കോഹ്ലിയുടെ ഈ നേട്ടം മറികടക്കുമോ എന്ന് കണ്ടറിയണം.

ലോകകപ്പിന്റെ ആവേശം അവസാനത്തോട് അടുക്കുമ്പോള്‍ ഇന്ത്യയും ഓസ്‌ട്രേലിയയും ആണ് കിരീട പോരാട്ടത്തിൽ അണിനിരക്കുന്നത്. നവംബര്‍ 19ന് അഹമ്മദാബാദില്‍ ആണ് മത്സരം നടക്കുക.

Content Highlight: Kamran Akmal talks Babar Azam and Shubman Gill can break Virat Kohli’s record of 50 ODI century record.

We use cookies to give you the best possible experience. Learn more