| Tuesday, 11th June 2024, 7:04 pm

നിന്റെ വൃത്തികെട്ട വായ തുറക്കും മുമ്പ് ചരിത്രമറിയണം, നിന്റെ അമ്മ പെങ്ങന്‍മാരെ രക്ഷിച്ചത് ഞങ്ങളാണ്; ഹര്‍ഭജന്റെ വാക്കുകളില്‍ ഞെട്ടി പാക് താരം, ഒടുവില്‍ മാപ്പ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഇന്ത്യ – പാകിസ്ഥാന്‍ മത്സരത്തിനിടെ സിഖ് സമൂഹത്തിനെതിരെ വംശീയ പരാമര്‍ശം നടത്തിയതില്‍ ക്ഷമാപണവുമായി മുന്‍ പാക് സൂപ്പര്‍ താരം കമ്രാന്‍ അക്മല്‍. മത്സരത്തിന്റെ അവസാന ഓവര്‍ എറിയാന്‍ ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മ അര്‍ഷ്ദീപ് സിങ്ങിനെ ഏല്‍പിച്ചതിന് പിന്നാലെയാണ് മാച്ച് അനലിസ്റ്റ് കൂടിയായ കമ്രാന്‍ അക്മല്‍ സിഖ് വംശത്തിനെതിരെ അധിക്ഷേപ പരാമര്‍ശം നടത്തിയത്.

അര്‍ഷ്ദീപ് അവസാന ഓവര്‍ എറിയാന്‍ ഒരുങ്ങവെ ‘ഇപ്പോള്‍ എന്തും സംഭവിക്കാം. ഇപ്പോള്‍ തന്നെ സമയം 12 മണി ആയി. അര്‍ധ രാത്രി 12 മണിക്ക് ഒരു സിഖുകാരന് പോലും ഓവര്‍ നല്‍കരുത്,’ എന്നായിരുന്നു പരിഹാസ പൂര്‍വം ചിരിച്ചുകൊണ്ട് കമ്രാന്‍ അക്മല്‍ പറഞ്ഞത്.

താരത്തിന്റെ പരാമര്‍ശം സോഷ്യല്‍ മീഡിയല്‍ വന്‍ കോലാഹലങ്ങള്‍ക്ക് വഴിവെച്ചിരുന്നു. അധിക്ഷേപ പരാമര്‍ശങ്ങള്‍ക്ക് പിന്നാലെ പിന്നാലെ മുന്‍ ഇന്ത്യന്‍ താരം ഹര്‍ഭജന്‍ സിങ് കമ്രാന്‍ അക്മലിനെതിരെ പരസ്യമായി തന്നെ രംഗത്തുവന്നിരുന്നു.

ഇത്തരം അധിക്ഷേപ പരമാര്‍ശം നടത്തുന്നതിന് മുമ്പായി സിഖ് വംശത്തിന്റെ ചരിത്രമറിയണമെന്നും നിങ്ങളുടെ അമ്മമാരെയും സഹോദരിമാരെയും ആക്രമണകാരികള്‍ തട്ടിക്കൊണ്ടുപോയപ്പോള്‍ രക്ഷിച്ചത് സിഖുകാരായിരുന്നു എന്നും ഹര്‍ഭജന്‍ പറഞ്ഞു.

‘നിന്റെ വൃത്തികെട്ട ആ വായ തുറക്കുന്നതിന് മുമ്പ് നീ സിഖ് വംശത്തിന്റെ ചരിത്രമറിയണം. നിങ്ങളുടെ അമ്മപെങ്ങന്‍മാരെ ആക്രമണകാരികള്‍ തട്ടിക്കൊണ്ടുപോയപ്പോള്‍ രക്ഷപ്പെടുത്തിയത് ഞങ്ങള്‍ സിഖുകാരാണ്. അന്നും സമയം 12 മണി തന്നെയായിരുന്നു. നിന്നെയോര്‍ത്ത് ലജ്ജിക്കുന്നു. അല്‍പമെങ്കിലും നന്ദി കാണിക്കൂ,’ എന്നാണ് ഹര്‍ഭജന്‍ എക്‌സില്‍ കുറിച്ചത്.

ഹര്‍ഭജന്റെ വാക്കുകള്‍ക്ക് പിന്നാലെ സിഖ് സമൂഹത്തോടും ഹര്‍ഭജനോടും കമ്രാന്‍ അക്മല്‍ മാപ്പുപറഞ്ഞിരുന്നു.

‘ഈയിടെ പങ്കുവെച്ച എന്റെ ചില അഭിപ്രായങ്ങള്‍ തെറ്റാണെന്ന് ഞാന്‍ മനസിലാക്കുകയും ഹര്‍ഭജന്‍ സിങ്ങിനോടും സിഖ് സമൂഹത്തോട് ഒന്നടങ്കവും ക്ഷമ ചോദിക്കുകയും ചെയ്യുന്നു. എന്റെ വാക്കുകള്‍ അങ്ങേയറ്റം മര്യാദയില്ലാതിരുന്നതും അനുചിതവുമായിരുന്നു എന്ന് ഞാന്‍ മനസിലാക്കുന്നു.

ലോകമെമ്പാടുമുള്ള സിഖ് വംശജരോട് എനിക്ക് ബഹുമാനമുണ്ട്. ആരെയും വേദനിപ്പിക്കാന്‍ ഞാന്‍ ഉദ്ദേശിച്ചിരുന്നില്ല. ഞാന്‍ ആത്മാര്‍ത്ഥമായി ക്ഷമ ചോദിക്കുന്നു.’ കമ്രാന്‍ അക്മല്‍ പറഞ്ഞു.

അതേസമയം, അവസാന ഓവര്‍ പന്തെറിഞ്ഞ അര്‍ഷ്ദീപ് സിങ് പാകിസ്ഥാന് വിജയിക്കാന്‍ വേണ്ടിയിരുന്ന 18 റണ്‍സ് മികച്ച രീതിയില്‍ ഡിഫന്‍ഡ് ചെയ്യുകയും ചെയ്തിരുന്നു. അവസാന ഓവറില്‍ 11 റണ്‍സ് മാത്രം വഴങ്ങി ഇമാദ് വസീമിന്റെ വിക്കറ്റും താരം സ്വന്തമാക്കി.

ജസ്പ്രീത് ബുംറയെറിഞ്ഞ 19ാം ഓവറില്‍ പാകിസ്ഥാന്റെ അവസാന പ്രതീക്ഷയായ ഇഫ്തിഖര്‍ അഹമ്മദിനെ ഒരു തകര്‍പ്പന്‍ ക്യാച്ചിലൂടെ പുറത്താക്കിയതും അര്‍ഷ്ദീപായിരുന്നു.

Content Highlight: Kamran Akmal apologize to Harbhajan Singh and Sikh community over abusive remarks

Latest Stories

We use cookies to give you the best possible experience. Learn more