തന്റെ ചേട്ടന്റെ ത്യാഗമാണ് തനിക്കു ലഭിച്ച ഈ സിനിമാ കരിയറെന്ന് “കമ്മട്ടിപ്പാടം” എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ നടന്‍ മണികണ്ഠന്‍. തന്റെ രണ്ടാമത്തെ ചേട്ടന്‍ കലയൊക്കെ ഉപേക്ഷിച്ച് ഓട്ടോ ഓടിക്കാന്‍ നടന്നതുകൊണ്ടാണ് തനിക്ക് ഇങ്ങനെ നടക്കാന്‍ സാധിച്ചതെന്നും മണികണ്ഠന്‍ വിശദീകരിക്കുന്നു.
“നാടകവുമായി നടന്ന കാലത്ത് വല്ല പണിക്കും പോടാ ചെക്കാ എന്നു പറഞ്ഞ് നാട്ടുകാരൊക്കെ കളിയാക്കുമായിരുന്നു. വലിയ കഷ്ടപ്പാടിന്റെ കാലമായിരുന്നു അതൊക്കെ. മൂന്ന് ചേട്ടന്മാരുണ്ട്. അമ്മയുമുണ്ട്. ചേട്ടന്മാരും കലാകാരന്മാരാണ്. അതില്‍ രണ്ടാമത്തെ ചേട്ടന്‍ കലയൊക്കെ ഉപേക്ഷിച്ച് ഓട്ടോ ഓടിക്കാന്‍ നടന്നതുകൊണ്ടാണ് എനിക്കു ഇങ്ങനെ നടക്കാന്‍ സാധിച്ചത്.” മാതൃഭൂമിക്കു നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം വ്യക്തമാക്കി.
അനുഭവങ്ങളാണ് തന്റെ ഗുരു. താനിപ്പോള്‍ സംസാരിക്കുന്ന ഭാഷപോലും സ്‌കൂള്‍ വിദ്യാഭ്യാസത്തില്‍ നിന്ന് കിട്ടിയതല്ല. അനുഭവത്തില്‍ നിന്ന് നേടിയെടുത്തതും തിയേറ്റര്‍ തന്നതുമൊക്കെയാണ്.
“കമ്മട്ടിപ്പാടം” എന്ന ചിത്രം കണ്ട് ഒരുപാടുപേര്‍ വിളിച്ച് അഭിനന്ദിക്കുന്നുണ്ട്. ഈ ചിത്രത്തില്‍ നല്ല കഥാപാത്രത്തെ അവതരിപ്പിച്ചതുകൊണ്ടാണ് ആളുകള്‍ വിളിക്കുന്നത്. അടുത്ത സിനിമയില്‍ മോശം പെര്‍ഫോമെന്‍സാണെങ്കില്‍ അവര്‍ ചവിട്ടി പുറത്താക്കും. അതുകൊണ്ട് തന്നെ നവാസുദ്ദീന്‍ സിദ്ധിഖി പോലുള്ള വിശേഷണങ്ങളൊക്കെ വലിയ ഉത്തരവാദിത്തമാണെന്നും മണികണ്ഠന്‍ വ്യക്തമാക്കി.