| Saturday, 21st May 2016, 3:43 pm

കമ്മട്ടിപ്പാടം; രാജീവ് രവിയുടെയും വിനായകന്റെയും പ്രതിഭയുടെ കയ്യൊപ്പ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

സിനിമയെ ഗൗരവമായി കാണുന്നവര്‍ക്കും, ചലച്ചിത്ര വിദ്യാര്‍ഥികള്‍ക്കും ഒരു പാഠപുസ്തകമാണ് കമ്മട്ടിപ്പാടം. മായാമോഹിനിയെയും, ജോസഫ് അലക്‌സിനെയും, മംഗലശ്ശേരി നീലകണ്ഠന്‍മാരെയും മാത്രം ആസ്വദിക്കാനാവുന്നവര്‍ ഈ സിനിമയെ വിട്ടേക്കുക..! നെഗറ്റീവ് റിവ്യൂ പരസ്യപ്പെടുത്തി പുതുമയുള്ള ചലച്ചിത്ര ശ്രമങ്ങളെ തളര്‍ത്താതിരിക്കുക..!


ഫിലിം റിവ്യൂ | ജഹാംഗീര്‍ റസാഖ് പാലേരി

ഡൂള്‍ തിയറ്റര്‍ റേറ്റിങ്: ★★★★☆

ചിത്രം: കമ്മട്ടിപ്പാടം
സംവിധാനം:  രാജീവ് രവി
നിര്‍മ്മാണം:  പ്രേം മേനോന്‍
ക്യാമറ: മധു നീലകണ്ഠന്‍
എഡിറ്റിങ്: ബി. അജിത് കുമാര്‍
സംഗീതം: പി.വര്‍ക്കി, വിനായകന്‍.

അഭിനേതാക്കള്‍:ദുല്‍ഖര്‍ സല്‍മാന്‍, വിനായകന്‍, വിനയ് ഫോര്‍ട്ട്, ഷൈന്‍ ടോം ചാക്കോ


സിമന്റും കമ്പിയും കൊണ്ട് തീര്‍ക്കുന്ന അംബരചുംബികളെ “വികസനം” എന്ന് പേരിട്ടുവിളിക്കുന്ന ഒരു സമൂഹവും ഭരണകൂടവുമാണ് നമ്മുടേത്. അതില്‍ ഇടതും വലതും  കോണ്‍ഗ്രസ്സും ബി.ജെ.പിയും തമ്മിലൊന്നും ഒരു വ്യത്യാസങ്ങളുമില്ല എന്നത് നമ്മുടെ നേരനുഭവങ്ങളാകുന്നു.

നഗരാഡംബരങ്ങളുടെ പാര്‍ശ്വങ്ങളില്‍ ജീവിക്കുന്ന മനുഷ്യരെ വികസനത്തിന്റെ പേര് പറഞ്ഞു കുടിയൊഴിപ്പിച്ചു ഒടുവില്‍ തലചായ്ക്കാന്‍ ഇടത്തിനായി അവര്‍ പോരിനിറങ്ങുന്ന  കാഴ്ച മൂലമ്പിള്ളി അടക്കം മലയാളിയുടെ മുന്നില്‍ വിഹ്വലതയായി അടയാളപ്പെടുത്തപ്പെട്ടിട്ടുണ്ട്.

വികസന ഭാവനകളുടെ പാര്‍ശ്വങ്ങളില്‍ പോലും ഇടം ലഭിക്കാത്ത മനുഷ്യരുടെ അതിജീവനശ്രമങ്ങളുടെയും സൗഹൃദ സ്‌നേഹവായ്പ്പിന്റെയും പകയുടെയും ആസുരതയുടെയും കഥയാണ് കമ്മട്ടിപ്പാടം.

ഇതൊരു ദുല്‍ഖര്‍ സല്‍മാന്‍ സിനിമയേ അല്ല; എന്നല്ല ഈ സിനിമയിലെ ഏറ്റവും മോശം കാസ്റ്റിംഗ് ദുല്‍ഖറിന്റെതാണ് എന്ന് ആമുഖമായി പറയട്ടെ. അതെ സമയം വിനായകനും മറ്റനവധി പുതുമുഖങ്ങളും നമ്മെ  മികവുറ്റ അഭിനയ ചാതുരികൊണ്ട് വിസ്മയിപ്പിക്കുന്നുമുണ്ട്..!

സിനിമാകൊട്ടകയില്‍ പ്രതീക്ഷിക്കുന്ന സ്ഥിരം ക്ലീഷേ കാഴ്ചകളും കോമഡി ഡാന്‍സ് പാട്ട് സ്റ്റണ്ട് സമന്വയങ്ങളും പ്രതീക്ഷിച്ചു ഈ സിനിമയ്ക്ക് പോകരുത്. നല്ല സിനിമകളെയൊന്നും മലയാളി വിജയിപ്പിക്കാറില്ല. മലയാളത്തിലെ ഏറ്റവും വലിയ അശ്ലീല സിനിമകളില്‍ ഒന്നായ “മായാമോഹിനിയെ” കളക്ഷന്‍ റെക്കോര്‍ഡില്‍  ഒന്നാമതെത്തിച്ച ആ ആസ്വാദന മനസ്സുകൊണ്ട് കമ്മട്ടിപ്പാടം കാണുവാന്‍ പോയി റിവ്യൂ എഴുതുന്നവരെ തെറി വിളിക്കണ്ട. ഈ സിനിമ അത്തരക്കാര്‍ക്കുള്ളതല്ല; ഈ റിവ്യൂ വായനയും ഇവിടെ അവസാനിപ്പിക്കാം..!


Read More:ചേരിയിലെ തെറി തിയേറ്ററുകളില്‍ കേള്‍ക്കാന്‍ പ്രേക്ഷകര്‍ക്ക് താല്‍പര്യമില്ല: ‘പുലയന്‍’ വെട്ടിയതിനെ ന്യായീകരിച്ച് സെന്‍സര്‍ബോര്‍ഡ്


1970കള്‍  മുതല്‍ 2015 വരെയുള്ള കൊച്ചിയുടെ കഥയാണ് കമ്മട്ടിപ്പാടം. കേരളത്തിന്റെ വ്യാവസായിക വളര്‍ച്ചയുടെയും ഐ.ടി വ്യവഹാരങ്ങളുടെയും തലസ്ഥാനമായി കൊച്ചി മാറിയിട്ടുണ്ട് എന്നത് വസ്തുതയാണ്. എഴുപതുകളിലെ വയല്‍ വഴികള്‍ ഇപ്പോള്‍ ഒരു സൈക്കിളുമായി പോകുവാന്‍ പോലും സാധിക്കാത്ത രൂപത്തിലേക്ക്  ഫ്‌ളേറ്റ്  ഭൂ മാഫിയകള്‍ ഭൂമിക്കു മുകളിലുള്ള ആധിപത്യത്തെ അരക്കിട്ടുറപ്പിച്ച, അവിടെങ്ങളിലെ ഒരു പറ്റം മനുഷ്യരെ നിരാലംബരാക്കുന്ന  കാഴ്ചയാണ് കമ്മട്ടിപ്പാടം പറയുന്നത്. ആ അവസ്ഥയില്‍ അവര്‍ നടത്തുന്ന അതിജീവന ശ്രമങ്ങളുമാണ് സിനിമയുടെ പ്രമേയം. ആ നിലയില്‍ ഭൂമിയുടെ രാഷ്ട്രീയം സംവദിക്കുന്ന സിനിമ എന്ന  നിലയില്‍ ഇതിന്റെ പ്രമേയം കാലികപ്രസക്തമാണ്.

കാലിലെ മന്ത് വളരുന്നത് പോലെ വികലമായി വളരുന്ന ഒരു നഗരമാണ് കൊച്ചി. ബീന  കണ്ണനും ലുലു യൂസഫലിയ്ക്കും അരികുവല്‍ക്കരിക്കപ്പെട്ട ജനതയ്ക്കും ഭിന്ന നീതികളുള്ള നഗരം. നാല് ഫ്‌ളൈഓവറുകള്‍ കൊണ്ട് തീര്‍ക്കാവുന്ന ഗതാഗത പ്രശ്‌നം മെട്രോ എന്ന  തീവെട്ടിക്കൊള്ള പ്രോജക്റ്റ് കൊണ്ടുവന്നു ഗതാഗതം നരകമാക്കപ്പെട്ട നഗരം.

അനവധി മനുഷ്യരുടെ ചോരയും കണ്ണീരും വിയര്‍പ്പും വകവയ്ക്കാതെ മനുഷ്യരെ കുടിയൊഴിപ്പിച്ചു “വികസനം”  സാധ്യമാക്കിയ കപട ഫൈവ് സ്റ്റാര്‍ സിറ്റി. അതിന്റെ നേര്‍ക്കാഴ്ചകള്‍ തന്നെയാണ് കമ്മട്ടിപ്പാടം. എറണാകുളം സൗത്തിലെ കെ.എസ്.ആര്‍.ടി.സി സ്റ്റാന്റിനു പിറകില്‍  ഉണ്ടായിരുന്ന ഒരു ദരിദ്ര കോളനിയായിരുന്നു കമ്മട്ടിപ്പാടം  എന്ന്  പറഞ്ഞു കേട്ടിട്ടുണ്ട് .

അടുത്തപേജില്‍ തുടരുന്നു

ഒരു ഗ്യാങ്ങ്സ്റ്റര്‍ സിനിമാ ശൈലിയിലാണ് ഇതിന്റെ ദൃശ്യ പരിസരം ഒരുക്കിയിരിക്കുന്നത് രാജീവ് രവി. എന്നാല്‍ അധോലോക കഥ പറയുന്ന സിനിമയുമല്ല ഇത്. മികച്ച വിദ്യാഭ്യാസമോ ശാസ്ത്രീയ തൊഴില്‍ പരിശീലനമോ ലഭിക്കാത്ത ഒരു കോളനിയിലെ യുവാക്കളുടെ ജീവിതങ്ങളിലൂടെയാണ് കഥ വികസിക്കുന്നത്.

ചാരായം വാറ്റും, ക്വട്ടേഷന്‍ ജോലികളും ഉപജീവന മാര്‍ഗ്ഗമായി സ്വീകരിച്ച കൃഷ്ണന്‍, ഗംഗ, ബാലന്‍ തുടങ്ങിയ യുവാക്കളുടെ ജീവിതത്തിലൂടെ ക്യാമറ സഞ്ചരിക്കുന്നു. അതിസൂക്ഷ്മമായ രീതിയില്‍ ഹോം വര്‍ക്ക് നടത്തിയിരിക്കുന്ന ഓരോ ഷോട്ടിലും രാജീവ് രവി എന്ന പ്രതിഭയുടെ കയ്യൊപ്പ് കാണുവാനാകും. ആ നിലയില്‍ ഇത് ഒരു പക്കാ രാജീവ് രവി സിനിമയാണ്. അഭിനേതാക്കളില്‍ വിനായകന്‍ വിസ്മയിപ്പിക്കുന്നു എന്ന് പറയാതെ വയ്യ.

വികസനത്തിന്റെ പുതു മാതൃകകള്‍ അവരുടെ ജീവിത പരിസരങ്ങളെ കയ്യടക്കുന്നതിനാലും ചെയ്തിരുന്ന നിയമവിരുദ്ധ തൊഴിലുകളുമായി മുന്നോട്ട് പോകാന്‍ സാധിക്കാതെ വരുന്നതിനാലും ഇവര്‍ ജീവിതത്തിന്റെ ഒരു ഘട്ടത്തില്‍ പലവഴിക്ക് പിരിയുന്നു.

ദുല്‍ഖര്‍ അവതരിപ്പിക്കുന്ന കൃഷ്ണന്‍ മുംബൈയിലേക്ക് സെക്യൂരിറ്റി ജോലി ചെയ്യുവാന്‍ നാടുവിടുന്നു. വിനായകന്‍ അവതരിപ്പിക്കുന്ന ഗംഗ നാട്ടില്‍ നില്‍ക്കുമ്പോഴും മദ്യപിച്ചു തീരുകയാണ് അയാളുടെ ജീവിതം. ആത്മസംഘര്‍ഷങ്ങളുടെ  വലിയ തിരച്ചുഴികളില്‍ പെട്ട് ഗംഗയുടെ ജീവിതം വേച്ചുപോകുമ്പോഴും കൃഷ്ണനുമായുള്ള ഒരു ഫോണ്‍ സംഭാഷണം പോലും അയാള്‍ക്ക് ആശ്വാസമാകുന്നു.

ഒടുവില്‍ ഒരുനാള്‍ ഗംഗയുടെ തിരോധാനം കൃഷ്ണനെ മുംബൈയില്‍ നിന്ന് കമ്മട്ടിപ്പാടത്തു തിരിച്ചെത്തിക്കുന്നു. ഗംഗയെ തിരഞ്ഞു കൃഷ്ണന്‍ നടക്കുന്ന ദൃശ്യ വഴികളില്‍ സിനിമ നന്നായി ലാഗാവുന്നുണ്ട്  എന്നതാണ് ഈ സിനിമയുടെ പോരായ്മ. ഒരു ഇരുപത് മിനിറ്റ് കൂടി വെട്ടിചുരുക്കിയാലും ഒതുക്കമുണ്ടാകുമായിരുന്നു.

ഈ സിനിമയിലെ ഒരനാവശ്യ കഥാപാത്രമാണ് ദുല്‍്ഖര്‍ സല്‍മാന്റെ കൃഷ്ണന്‍. അയാള്‍ക്ക് ഒരു അരികുവല്‍ക്കരിക്കപ്പെട്ട കീഴാളന്റെ ജീവിതപരിസരങ്ങളോട് ഭാവം കൊണ്ട് നീതി ചെയ്യുവാന്‍ കഴിഞ്ഞിട്ടില്ല. ദുല്‍ഖര്‍ സല്‍മാനെപ്പോലെ തൊലി വെളുത്ത ഒരു താരം കിടക്കട്ടെ എന്ന് രാജീവ് രവി ചിന്തിച്ചത് സിനിമയുടെ വാണിജ്യ വിജയം കരുതിയായിരിക്കാം.

പ്രിഥ്വിരാജോ ഫഹദ് ഫാസിലോ ചെയ്തിരുന്നെങ്കില്‍ കൂടുതല്‍ മികവാര്‍ന്ന ചലച്ചിത്ര അനുഭവമായേനെ എന്ന് പലതവണ തോന്നിപ്പോയി..! ആ നിലയില്‍ മമ്മൂട്ടിയുടെ മകന്‍ പ്രേക്ഷകന് ബാധ്യതയാകുന്നുണ്ട്.

വിനായകന്‍ എന്ന  അതുല്ല്യഅഭിനയ പ്രതിഭയുടെ കാമ്പ് കണ്ടെടുക്കാന്‍ നമ്മുടെ ചലച്ചിത്രകാരന്മാര്‍ക്ക് ഇതുവരെ കഴിഞ്ഞില്ല എന്നൊരു ദുഖവും ഈ സിനിമ സൂചിപ്പിക്കുന്നുണ്ട്. ഒരു ചേരിയില്‍ ജീവിക്കുന്ന സാമൂഹ്യ വിരുദ്ധനായ ഒരു യുവാവിന്റെ മുഴുവന്‍ ഭാവങ്ങളും പകര്‍ന്നു ജീവിക്കുകയാണ് വിനായകന്‍ ഈ സിനിമയില്‍. നായകനേക്കാള്‍ പ്രാധാന്യമുള്ള കഥാപാത്രവും വിനായകന്റെ ഗംഗയാണ്. മൂന്നു കാലഘട്ടത്തിലെ കഥ പറയുമ്പോള്‍, ആ കാലഘട്ടത്തിന്റെ അടയാളങ്ങള്‍ ഫ്രെയിമില്‍ വരുന്നതില്‍ പുലര്‍ത്തിയ സൂക്ഷ്മതയെല്ലാം തികച്ചും ഒരു രാജീവ് രവി ടച്ച് നല്‍കുന്നുണ്ട് ദൃശ്യങ്ങള്‍ക്ക്.

ബാലന്‍ എന്ന  കഥാപാത്രത്തെ അവതരിപ്പിച്ച മണികണ്ടന്‍ എന്ന അഭിനേതാവും മികച്ചു നിന്നു. ഷൈന്‍ ടോം ചാക്കോ അവതരിപ്പിച്ച നെഗറ്റീവ് ടച്ചുള്ള കഥാപാത്രവും അയാളുടെ കരിയറില്‍ മികച്ചത് തന്നെ. അനിത എന്ന നായികാ കഥാപാത്രത്തെ അവതരിപ്പിച്ച ഷോണ്‍ റോമിയും പുതുമയുള്ള പ്രകടനം കാഴ്ച വച്ചു. അമല്‍ദ ലിസ്, തിരക്കഥകൃത്ത് കൂടിയായ പി. ബാലചന്ദ്രന്‍, കോമഡി ട്രാക്ക് വിട്ടു സുരാജ് വെഞ്ഞാറംമൂട്, അലന്‍സിയര്‍, അനില്‍ എന്നിവരും തങ്ങളുടെ റോളുകള്‍ ഭദ്രമാക്കി.

തപസ് നായിക്ക് എന്ന ശബ്ദ സംവിധായകന്റെ മികവും, എഡിറ്റര്‍ ആയ ബി. അജിത് കുമാറിന്റെ പ്രതിഭയും സിനിമ വരച്ചുകാട്ടുന്നുണ്ട്. മധു നീലകണ്ഠന്റെ ക്യാമറയും ചിത്രത്തിന്റെ പ്രമേയത്തിനോപ്പം മനോഹരമായി ചലിച്ചു. ചില നാടന്‍പാട്ടുകള്‍ രംഗത്തിനൊപ്പം  ഭംഗിയായി ഉള്‍പ്പെടുത്തി എന്നതൊഴിച്ചാല്‍ സംഗീത വിഭാഗത്തില്‍ പറയത്തക്കതായി ഒന്നുമില്ല. സഹോദരങ്ങളായ കഥാപാത്രങ്ങളുടെ മുഖസാദൃശ്യം അടക്കം സൂക്ഷ്മമായി  സാക്ഷാത്ക്കരിക്കുന്നതില്‍ വിജയിച്ച കഥാപാത്ര കാസ്റ്റിംഗ് തന്നെയാണ് ഈ സിനിമയുടെ ഹൈലൈറ്റ്.

സിനിമയെ ഗൗരവമായി കാണുന്നവര്‍ക്കും, ചലച്ചിത്ര വിദ്യാര്‍ഥികള്‍ക്കും ഒരു പാഠപുസ്തകമാണ് കമ്മട്ടിപ്പാടം. മായാമോഹിനിയെയും, ജോസഫ് അലക്‌സിനെയും, മംഗലശ്ശേരി നീലകണ്ഠന്‍മാരെയും മാത്രം ആസ്വദിക്കാനാവുന്നവര്‍ ഈ സിനിമയെ വിട്ടേക്കുക..! നെഗറ്റീവ് റിവ്യൂ പരസ്യപ്പെടുത്തി പുതുമയുള്ള ചലച്ചിത്ര ശ്രമങ്ങളെ തളര്‍ത്താതിരിക്കുക..!

We use cookies to give you the best possible experience. Learn more