ഹിന്ദു മഹാസഭാ നേതാവിനെ ബി.ജെ.പി നേതാവ് ആസൂത്രണം ചെയ്ത് കൊന്നു; ആരോപണവുമായി അമ്മ
national news
ഹിന്ദു മഹാസഭാ നേതാവിനെ ബി.ജെ.പി നേതാവ് ആസൂത്രണം ചെയ്ത് കൊന്നു; ആരോപണവുമായി അമ്മ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 19th October 2019, 12:47 pm

ലഖ്‌നൗ: ഹിന്ദു മഹാസഭാ നേതാവ് കമലേഷ് തിവാരിയുടെ കൊലപാതകത്തില്‍ ലഖ്‌നൗവിലെ ഒരു ബി.ജെ.പി നേതാവിനു പങ്കുണ്ടെന്ന ആരോപണവുമായി അദ്ദേഹത്തിന്റെ അമ്മ രംഗത്ത്. മഹ്മുദാബാദിലെ ഒരു ക്ഷേത്രത്തിന്റെ നിര്‍മ്മാണവുമായി ബന്ധപ്പെട്ട് ശിവ്കുമാര്‍ ഗുപ്തയെന്ന ബി.ജെ.പി നേതാവ് മകനെ ഭീഷണിപ്പെടുത്തിയതായും കൊലയ്ക്കു പിന്നിലും ഗുപ്ത തന്നെയാണെന്ന് ഉറപ്പുണ്ടെന്നും അമ്മ ആരോപിച്ചു.

‘ബി.ജെ.പി നേതാവായ ശിവ്കുമാര്‍ ഗുപ്തയാണു കൊലയ്ക്കു പിന്നില്‍. എനിക്കെന്റെ മകന്റെ മൃതദേഹം കാണണം. അവനു നീതി കിട്ടണം. ഞാന്‍ മരിച്ചാലും അതു ഞാനവനു വാങ്ങിനല്‍കും. ഗുപ്തയെ വിളിച്ചുവരുത്തി ചോദ്യം ചെയ്യണം. അതാരും കേള്‍ക്കുന്നതില്ല.’- അമ്മ ആരോപിച്ചു.

തത്തേരി എന്ന സ്ഥലത്തെ മാഫിയാ തലവനാണ് ഗുപ്തയെന്നും അഞ്ഞൂറ് കേസെങ്കിലും അയാള്‍ക്കെതിരെ ഉണ്ടെന്നും അമ്മ പറഞ്ഞു.

സ്ഥലത്തെ ഒരു ക്ഷേത്രത്തിന്റെ പ്രസിഡന്റായ അയാള്‍ അതിന്റെ നിര്‍മ്മാണവുമായി ബന്ധപ്പെട്ട തര്‍ക്കത്തിന്റെ പേരില്‍ തന്റെ മകനെ ആസൂത്രണം ചെയ്തു കൊല്ലുകയായിരുന്നുവെന്നും അവര്‍ ആരോപിച്ചു.

തിവാരിയെ വെടിവെച്ചു കൊന്ന സംഭവത്തില്‍ ഉത്തര്‍പ്രദേശിലെ ബിജ്നോര്‍ സ്വദേശിയായ മൗലാന അന്‍വറുള്‍ ഹഖ് അറസ്റ്റിലായിരുന്നു. തിവാരിയുടെ തല വെട്ടുന്നവര്‍ക്ക് 51 ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചയാളാണ് ഹഖ്.

ഇന്നലെ ലഖ്നൗവില്‍ വെച്ചായിരുന്നു തിവാരിയെ അജ്ഞാതര്‍ വെടിവെച്ചു കൊലപ്പെടുത്തിയത്. തുടര്‍ന്ന് അദ്ദേഹത്തിന്റെ ഭാര്യ നല്‍കിയ പരാതിയിലാണ് ഹഖിനെ അറസ്റ്റ് ചെയ്തത്.

2016-ല്‍ ബിജ്നോറില്‍ നിന്നുള്ള രണ്ടു മൗലാനമാര്‍ തന്റെ ഭര്‍ത്താവിനെ കൊല്ലുമെന്നു ഭീഷണിപ്പെടുത്തിയതായി പരാതിയില്‍ ആരോപിക്കുന്നുണ്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ പൊലീസ് എഫ്.ഐ.ആര്‍ ഫയല്‍ ചെയ്തിട്ടുണ്ട്. തിവാരിയുടെ കൊലയുമായി ഗുജറാത്തിലെ സൂറത്തിലുള്ള ഏഴു പേര്‍ക്കു ബന്ധമുണ്ടെന്നും അവരെ അറസ്റ്റ് ചെയ്തതായും ഭീകരവിരുദ്ധ സ്‌ക്വാഡ് അറിയിച്ചു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

തിവാരിയെ കൊലപ്പെടുത്താന്‍ ഉപയോഗിച്ച ആയുധങ്ങള്‍ കൊണ്ടുവന്ന മിഠായിപ്പെട്ടി വാങ്ങിയ കടയുടെ പരിസരത്തുണ്ടെന്ന് സി.സി.ടി.വി ദൃശ്യങ്ങളില്‍ കണ്ടതോടെയാണ് ഏഴുപേരെയും അറസ്റ്റ് ചെയ്തത്. ഈ പെട്ടി കൃത്യം നടന്ന സ്ഥലത്തുനിന്നു കണ്ടെത്തിയിരുന്നു.

അതിനിടെ ഇന്നലെ രാത്രി അല്‍ ഹിന്ദ്-ബ്രിഗേഡ് എന്ന സംഘടന കൊലയുടെ ഉത്തരവാദിത്വം ഏറ്റെടുത്തിരുന്നു. എന്നാല്‍ ഇതിന്റെ ആധികാരികത ഇതുവരെ ഉറപ്പുവരുത്താനായിട്ടില്ല.

ഇസ്ലാമിനെയും മുസ്ലിങ്ങളെയും അപകീര്‍ത്തിപ്പെടുത്താനാണ് തിവാരി ശ്രമിച്ചിരുന്നതെന്നും അതിനാലാണു കൊല്ലുന്നതെന്നും ഇനിയും ഇതുപോലെ സംഭവങ്ങളുണ്ടാകാനിരിക്കുന്നുണ്ടെന്നും ഈ സംഘടന വാട്സാപ്പ് വഴി പ്രചരിപ്പിക്കുന്നുണ്ട്. ‘യുദ്ധം തുടങ്ങി’ എന്നും സന്ദേശത്തില്‍ പറയുന്നുണ്ട്.

രണ്ട് പൊലീസ് കോണ്‍സ്റ്റബിള്‍മാരെ തിവാരിയുടെ സുരക്ഷയ്ക്കായി നിയോഗിച്ചിരുന്നെങ്കിലും സംഭവം നടക്കുമ്പോള്‍ ആരും ഒപ്പമുണ്ടായിരുന്നില്ല. ഒരാള്‍ രണ്ടുദിവസമായി ഡ്യൂട്ടിക്കു വരുന്നില്ലെന്ന് ആരോപണമുണ്ട്. മറ്റൊരാള്‍ ഈ സമയം ഉറക്കത്തിലായിരുന്നു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

കയ്യില്‍ രണ്ട് പേര്‍ മധുരപലഹാരങ്ങളുമായി തിവാരിയുടെ ഓഫീസിലേക്ക് പ്രവേശിച്ചതായി പറയപ്പെടുന്നു. ഓഫീസില്‍ എത്തി തിവാരിയുമായി സംസാരിക്കവേ കയ്യില്‍ സൂക്ഷിച്ച തോക്ക് ഉപയോഗിച്ച് വെടിവെക്കുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്.

വെടിവെച്ച ശേഷം അക്രമികള്‍ സംഭവസ്ഥലത്ത് നിന്ന് ഓടി രക്ഷപ്പെട്ടതായാണ് അറിയുന്നത്. കൂടാതെ തിവാരിയുടെ കഴുത്തില്‍ കത്തികൊണ്ട് വരഞ്ഞതായും ശരീരത്തില്‍ ഒട്ടേറെത്തവണ കുത്തിയതായും റിപ്പോര്‍ട്ടുണ്ട്.

ഗുരുതരമായി പരിക്കേറ്റ കമലേഷ് തിവാരിയെ അനന്‍ഫനാനിലെ ട്രോമ സെന്ററിലേക്ക് കൊണ്ടുപോയെങ്കിലും അപ്പോഴേക്കം മരണം സംഭവിച്ചിരുന്നു.

2015 ല്‍ മുഹമ്മദ് നബിയുമായി ബന്ധപ്പെട്ട വിവാദ പരാമര്‍ശത്തിന്റെ പേരില്‍ തിവാരിക്കെതിരെ കേസെടുത്തിരുന്നു. ദേശീയ സുരക്ഷാ നിയമപ്രകാരമാണ് തിവാരിക്കെതിര കേസെടുത്തിരുന്നത്. എന്നാല്‍ അടുത്തിടെ അലഹബാദ് ഹൈക്കോടതിയുടെ ലഖ്‌നൗ ബെഞ്ച് ഇത് റദ്ദാക്കിയിരുന്നു.