'കമലേഷ് തിവാരിയ്ക്ക് 15 തവണ വെട്ടേറ്റതായി പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്; വെടിയുണ്ട തലയോട്ടി തകര്‍ത്തു'
India
'കമലേഷ് തിവാരിയ്ക്ക് 15 തവണ വെട്ടേറ്റതായി പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്; വെടിയുണ്ട തലയോട്ടി തകര്‍ത്തു'
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 23rd October 2019, 12:17 pm

ന്യദൂല്‍ഹി: കൊല്ലപ്പെട്ട ഹിന്ദു സമാജ്‌വാദി പാര്‍ട്ടി നേതാവ് കമലേഷ് തിവാരിയുടെ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്. ഒക്ടോബര്‍ 18 ന് ലഖ്നൗവിലെ വസതിയില്‍ വെച്ചായിരുന്നു അദ്ദേഹത്തെ ഒരു സംഘം വരുന്ന അക്രമികള്‍ കൊലപ്പെടുത്തിയത്.

കമലേഷ് തിവാരിക്ക് 15 തവണ കുത്തേറ്റതായി പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നുണ്ട്. എല്ലാ കുത്തുകളും ശരീരത്തിന്റെ മുകള്‍ ഭാഗത്തായിട്ടാണ് കണ്ടെത്തിയത്. 100 സെന്റിമീറ്റര്‍ മാത്രം വ്യത്യാസത്തിലാണ് ഓരോ മുറിവും.

കഴുത്തില്‍ രണ്ട് ആഴത്തിലുള്ള മുറിവുകള്‍ കണ്ടെത്തി. കഴുത്ത് മുറിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് ഇത്രയും ആഴത്തിലുള്ള മുറിവെന്നാണ് പ്രാഥമിക നിഗമനം. മരണം ഉറപ്പാക്കാനായി അക്രമികള്‍ വെടിവെച്ചിരുന്നു. തലയോട്ടിക്ക് പുറകില്‍ പോയിന്റ് 32 ബുള്ളറ്റും കണ്ടെത്തിയിട്ടുണ്ട്.

അതേസമയം, കമലേഷ് തിവാരി കൊലപാതകക്കേസില്‍ രണ്ട് പ്രതികളെ കൂടി അറസ്റ്റ് ചെയ്തു. ഗുജറാത്ത് തീവ്രവാദ വിരുദ്ധ സ്‌ക്വാഡാണ് (എടിഎസ്) പ്രതികളെ അറസ്റ്റ് ചെയ്തത്.

ഗുജറാത്തിലെ സൂറത്ത് ജില്ലയിലെ താമസക്കാരായ അഷ്ഫാക്ക് ശൈഖ് (34), മൊയ്നുദ്ദീന്‍ പത്താന്‍ (27) എന്നിവരേയാണ് അറസ്റ്റ് ചെയ്തത്. കമലേഷ് തിവാരിയുടെ കൊലപാതകം മുതല്‍ ഇവര്‍ ഒളിവിലായിരുന്നു.

കമലേഷ് തിവാരിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് ഇതുവരെ ആറ് പേരെയാണ് അറസ്റ്റ് ചെയ്തിട്ടുണ്ട്. മൂന്നു പേരെ സൂറത്തില്‍ നിന്നും മറ്റൊരാളെ മഹാരാഷ്ട്രയിലെ നാഗ്പൂരില്‍ നിന്നുമാണ് അറസ്റ്റ് ചെയ്തത്.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഹിന്ദു മഹാസഭയുടെ സജീവ പ്രവര്‍ത്തകനായിരുന്നു കമലേഷ് തിവാരി. എന്നാല്‍ ഹിന്ദു മഹാസഭയിലെ നേതാക്കളുമായുണ്ടായ അഭിപ്രായവ്യത്യാസത്തെ തുടര്‍ന്ന് ഇദ്ദേഹം സംഘടന വിടുകയും സ്വന്തമായി ഹിന്ദു സമാജ്‌വാദി എന്ന പേരില്‍ സംഘടന ആരംഭിക്കുകയുമായിരുന്നു.

2015 ല്‍ ഹിന്ദു മഹാസഭയില്‍ പ്രവര്‍ത്തിക്കുന്ന കാലത്ത് മുഹമ്മദ് നബിയെക്കുറിച്ച് ആക്ഷേപകരമായ പരാമര്‍ശം നടത്തിയതിന് ഇയാള്‍ക്കെതിരെ ദേശീയ സുരക്ഷാ നിയമപ്രകാരം കേസെടുത്തിരുന്നു. പിന്നീട് അലഹബാദ് ഹൈക്കോടതി ജാമ്യം അനുവദിക്കുകയും പിന്നീട് കേസ് റദ്ദാക്കുകയുമായിരുന്നു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ