Sports News
ഇര്‍ഫാന്‍ പത്താനില്‍ തുടങ്ങിയത് ഇന്നെത്തി നില്‍ക്കുന്നത് ശ്രീലങ്കയുടെ ഭാവി താരത്തിന്റെ കൈക്കുമ്പിളില്‍; മെന്‍ഡിസ് യൂ ബ്യൂട്ടി
സ്പോര്‍ട്സ് ഡെസ്‌ക്
2025 Jan 26, 10:20 am
Sunday, 26th January 2025, 3:50 pm

ഐ.സി.സി മെന്‍സ് എമേര്‍ജിങ് ക്രിക്കറ്റര്‍ ഓഫ് ദി ഇയര്‍ 2024 പുരസ്‌കാരം സ്വന്തമാക്കി ശ്രീലങ്കന്‍ സൂപ്പര്‍ താരം കാമിന്ദു മെന്‍ഡിസ്. റെഡ് ബോള്‍ ഫോര്‍മാറ്റിലടക്കം പുറത്തെടുത്ത മികച്ച പ്രകടനത്തിന് പിന്നാലെയാണ് ലങ്കയുടെ ഭാവി വാഗ്ദാനത്തിന് ഐ.സി.സി അര്‍ഹിച്ച അംഗീകാരം നല്‍കിയത്.

പാകിസ്ഥാന്റെ സയീം അയ്യൂബ്, വിന്‍ഡീസ് സൂപ്പര്‍ താരം ഷമര്‍ ജോസഫ്, ജെയിംസ് ആന്‍ഡേഴ്‌സണിന്റെ പിന്‍ഗാമിയായ ഗസ് ആറ്റ്കിന്‍സണ്‍ എന്നിവരെ മറികടന്നുകൊണ്ടാണ് മെന്‍ഡിസ് പുരസ്‌കാരത്തിന് അര്‍ഹനായത്.

കഴിഞ്ഞ വര്‍ഷം റെഡ് ബോള്‍ ഫോര്‍മാറ്റില്‍ മികച്ച പ്രകടനമാണ് താരം കാഴ്ചവെച്ചത്. 2024 കലണ്ടര്‍ ഇയറില്‍ 16 ഇന്നിങ്‌സില്‍ നിന്നും 1,049 റണ്‍സാണ് മെന്‍ഡിസ് നേടിയത്. ഏറ്റവുമധികം ടെസ്റ്റ് റണ്‍സ് നേടിയ താരങ്ങളുടെ പട്ടികയില്‍ അഞ്ചാമനായ മെന്‍ഡിസ്, 1000 റണ്‍സ് മറികടന്ന് ആറ് താരങ്ങളില്‍ ഒരാള്‍ കൂടിയാണ്.

ഒരുവേള ശ്രീലങ്കയുടെ വേള്‍ഡ് ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് പ്രതീക്ഷകള്‍ സജീവമാക്കി നിര്‍ത്തുന്നതില്‍ പ്രധാന പങ്ക് വഹിച്ച താരങ്ങളില്‍ പ്രധാനിയായിരുന്നു മെന്‍ഡിസ്. സ്വന്തം തട്ടകത്തില്‍ ന്യൂസിലാന്‍ഡിനെ വൈറ്റ് വാഷ് ചെയ്യുന്നതില്‍ മെന്‍ഡിസിന്റെ പങ്ക് ഏറെ നിര്‍ണായകമായിരുന്നു.

ഈ പരമ്പരയിലാണ് മെന്‍ഡിസ് തന്റെ കരിയര്‍ ബെസറ്റ് സ്‌കോറായ 182* കണ്ടെത്തിതത്.

നേരത്തെ ഐ.സി.സി തെരഞ്ഞെടുത്ത ടെസ്റ്റ് ടീം ഓഫ് ദി ഇയറിലും മെന്‍ഡിസ് ഇടം പിടിച്ചിരുന്നു. ടെസ്റ്റ് ടീമിലെ ഏക ലങ്കന്‍ സാന്നിധ്യവും മെന്‍ഡിസ് മാത്രമായിരുന്നു.

ICC Men’s Test Team of The Year 2024

യശസ്വി ജെയ്‌സ്വാള്‍, ബെന്‍ ഡക്കറ്റ്. കെയ്ന്‍ വില്യംസണ്‍, ജോ റൂട്ട്, ഹാരി ബ്രൂക്ക്. കാംമിന്ദു മെന്‍ഡിസ്, ജെയ്മി സ്മിത് (വിക്കറ്റ് കീപ്പര്‍), രവീന്ദ്ര ജഡേജ, പാറ്റ് കമ്മിന്‍സ് (ക്യാപ്റ്റന്‍), മാറ്റ് ഹെന്‌റി, ജസ്പ്രീത് ബുംറ.

ഐ.സി.സി എമേര്‍ജിങ് ക്രിക്കറ്റര്‍ ഓഫ് ദി ഇയര്‍ പുരസ്‌കാരം ലഭിക്കുന്ന 20ാം താരമാണ് മെന്‍ഡിസ്. മുന്‍ ഇന്ത്യന്‍ സൂപ്പര്‍ താരം ഇര്‍ഫാന്‍ പത്താനാണ് 2004ല്‍ ആരംഭിച്ച പുരസ്‌കാരത്തിലെ ആദ്യ ജേതാവായത്. ശേഷം ചേതേശ്വര്‍ പൂജാരയും റിഷബ് പന്തും അടക്കമുള്ള ഇന്ത്യന്‍ താരങ്ങള്‍ ഭാവി വാഗ്ദാനങ്ങളായി ഉയര്‍ന്നുവന്നു.

കാമിന്ദു മെന്‍ഡിസിന് മുമ്പ് ഒരേയൊരു ശ്രീലങ്കന്‍ താരമാണ് ഈ പുരസ്‌കാരത്തില്‍ മുത്തമിട്ടത്. 2008ല്‍ അജന്‍ന്ത മെന്‍ഡിസാണ് ഇതിന് മുമ്പ് ഐ.സി.സി എമേര്‍ജിങ് ക്രിക്കറ്ററായ ലങ്കന്‍ താരം.

ICC Men’s Emerging Cricket Of The Year (All Winners)

(വര്‍ഷം – താരം – ടീം എന്നീ ക്രമത്തില്‍)

2004 – ഇര്‍ഫാന്‍ പത്താന്‍ – ഇന്ത്യ

2005 – കെവിന്‍ പീറ്റേഴ്‌സണ്‍ – ഇംഗ്ലണ്ട്

2006 – ഇയാന്‍ ബെല്‍ – ഇംഗ്ലണ്ട്

2007 – ഷോണ്‍ ടൈറ്റ് – ഓസ്‌ട്രേലിയ

2008 – അജന്ത മെന്‍ഡിസ് – ശ്രീലങ്ക

2009 – പീറ്റര്‍ സിഡില്‍ – ഓസ്‌ട്രേലിയ

2010 – സ്റ്റീവന്‍ ഫിന്‍ – ഇംഗ്ലണ്ട്

2011 – ദേവേന്ദ്ര ബിഷൂ – വെസ്റ്റ് ഇന്‍ഡീസ്

2012 – സുനില്‍ നരെയ്ന്‍ – വെസ്റ്റ് ഇന്‍ഡീസ്

2013 – ചേതേശ്വര്‍ പൂജാര – ഇന്ത്യ

2014 – ഗാരി ബല്ലാന്‍സ് – ഇംഗ്ലണ്ട്

2015 – ജോഷ് ഹെയ്‌സല്‍വുഡ് – ഓസ്‌ട്രേലിയ

2016 – മുസ്തഫിസുര്‍ റഹ്‌മാന്‍ – ബംഗ്ലാദേശ്

2017 – ഹസന്‍ അലി – പാകിസ്ഥാന്‍

2018 – റിഷബ് പന്ത് – ഇന്ത്യ

2019 – മാര്‍നസ് ലബുഷാന്‍ – ഓസ്‌ട്രേലിയ

2020 –

2021 – ജാനെമന്‍ മലന്‍ – സൗത്ത് ആഫ്രിക്ക

2022 – മാര്‍കോ യാന്‍സെന്‍ – സൗത്ത് ആഫ്രിക്ക

2023 – രചിന്‍ രവീന്ദ്ര – ന്യൂസിലാന്‍ഡ്

2024 – കാമിന്ദു മെന്‍ഡിസ് – ശ്രീലങ്ക

ഇതിന് പുറമെ ഐ.സി.സി ടെസ്റ്റ് പ്ലെയര്‍ ഓഫ് ദി ഇയറിലും മെന്‍ഡിസിന്റെ പേര് നോമിനേറ്റ് ചെയ്യപ്പെട്ടിട്ടുണ്ട്. ഇന്ത്യന്‍ സൂപ്പര്‍ പേസര്‍ ജസ്പ്രീത് ബുംറ, ഇംഗ്ലണ്ട് ലെജന്‍ഡ് ജോ റൂട്ട്, റൂട്ടിന്റെ ക്രൈം പാര്‍ട്ണര്‍ ഹാരി ബ്രൂക്ക് എന്നിവരാണ് മത്സരരംഗത്തുള്ള മറ്റ് താരങ്ങള്‍. വിജയികളെ നാളെ പ്രഖ്യാപിക്കും.

 

Content highlight: Kamindu Mendis wins ICC Men’s Emerging Cricketer Of The Year