| Thursday, 19th September 2024, 2:55 pm

ലങ്കയെ രക്ഷിച്ചവനെ രണ്ട് വര്‍ഷം ടീമിലെടുത്തില്ല; വെളിപ്പെടുത്തലുമായി മെന്‍ഡിസ്!

സ്പോര്‍ട്സ് ഡെസ്‌ക്

ശ്രീലങ്കയും ന്യൂസിലാന്‍ഡും തമ്മിലുള്ള രണ്ട് ടെസ്റ്റ് മത്സരങ്ങള്‍ അടങ്ങുന്ന പരമ്പരയിലെ ആദ്യ മത്സരം നടന്നുകൊണ്ടിരിക്കുകയാണ്. ഗല്ലെ ഇന്റര്‍നാഷണല്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ ടോസ് നേടിയ ശ്രീലങ്ക ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു. ആദ്യ ഇന്നിങ്‌സില്‍ 305 റണ്‍സിനാണ് ലങ്ക ഓള്‍ ഔട്ട് ആയത്.

ലങ്കയ്ക്ക് വേണ്ടി സ്‌കോര്‍ ടോപ് ഓര്‍ഡര്‍ ബാറ്റര്‍മാര്‍ കഷ്ടപ്പെട്ടപ്പോള്‍ അഞ്ചാമനായി ഇറങ്ങിയ കമിന്ദു മെന്‍ഡിസിന്റെ മിന്നും പ്രകടനത്തിലാണ് ടീം സ്‌കോര്‍ ഉയര്‍ത്തിയത്. 173 പന്തില്‍ നിന്ന് 114 റണ്‍സാണ് താരം നേടിയത്. 11 ഫോര്‍ ഉള്‍പ്പെടെയാണ് 25 വയസുകാരന്‍ ഇടിവെട്ട് പ്രകടനം കാഴ്ചവെച്ച് ലങ്കയുടെ രക്ഷകനായി അവതരിച്ചത്.

ആദ്യ ദിവസം മത്സരം അവസാനിച്ച ശേഷം മെന്‍ഡിസ് സംസാരിച്ചിരുന്നു. 2022ലാണ് താരം ആദ്യ ടെസ്റ്റ് മത്സരം കളിക്കുന്നത്. എന്നാല്‍ തന്റെ അരങ്ങേറ്റത്തിന് ശേഷം രണ്ട് വര്‍ഷം തനിക്ക് ടീമില്‍ ഇടം നേടാന്‍ സാധിച്ചില്ലെന്നാണ് താരം പറഞ്ഞത്. അതിന്റെ കാരണവും താരം എടുത്ത് പറഞ്ഞു.

‘എന്റെ അരങ്ങേറ്റത്തിന് ശേഷം, എനിക്ക് രണ്ട് വര്‍ഷത്തോളം പുറത്ത് ഇരിക്കേണ്ടി വന്നു. എന്തുകൊണ്ടാണ് ഇത് സംഭവിച്ചതെന്ന് എനിക്ക് നന്നായി മനസിലാക്കാന്‍ കഴിയുമായിരുന്നു. ധനഞ്ജയയ്ക്ക് (ഡി സില്‍വ) കൊവിഡ് ബാധിച്ചതിനാലാണ് ഞാന്‍ ടീമില്‍ എത്തിയത്. എന്നാല്‍ അവന്‍ തിരിച്ചെത്തിയപ്പോള്‍ എനിക്ക് പുറത്തുപോകേണ്ടിവന്നു.

ആ രണ്ട് വര്‍ഷം ഞാന്‍ കളിച്ചില്ലെങ്കിലും എല്ലാ സീനിയേഴ്സുമൊത്തുള്ള സമയം നല്ല പഠനാനുഭവമായിരുന്നു. പിന്നെ വ്യക്തമായും ഹൈ പെര്‍ഫോമന്‍സ് സെന്ററില്‍ എല്ലാ പരിശീലകരില്‍ നിന്നും ലഭിച്ച പിന്തുണ എന്റെ കളിയുടെ കുതിപ്പും അതിരുകളും മെച്ചപ്പെടുത്താന്‍ സഹായിച്ചു. അവയെല്ലാം സംഭവിച്ചത് നല്ല കാര്യങ്ങളായിരുന്നു,’ മെന്‍ഡിസ് പറഞ്ഞു.

ഇത് താരത്തിന്റെ ഏഴാം ടെസ്റ്റിലെ 11ാം ഇന്നിങ്സാണ്, എന്നാല്‍ എല്ലാവരേയും അമ്പരപ്പിച്ചുകൊണ്ട് നാലാം സെഞ്ച്വറിയാണ് ഫോര്‍മാറ്റില്‍ താരം ഇതുവരെ നേടിയത്. താരത്തിന് പുറമെ കുശാല്‍ മെന്‍ഡിസ് 50 റണ്‍സ് നേടി പുറത്താകുകയായിരുന്നു.

ക്യാപ്റ്റന്‍ ധനഞ്ജയ ഡി സില്‍വ 11 റണ്‍സിനും കൂടാരം കയറി. കിവീസിന്റെ വില്‍ ഒറൗര്‍ക്ക് അഞ്ച് വിക്കറ്റുകള്‍ നേടി മിന്നും പ്രകടനം കാഴ്ചവെച്ചിരുന്നു. നിലവില്‍ ഒന്നാം ഇന്നിഹ്‌സില്‍ ബാറ്റ് ചെയ്യുന്ന ന്യൂസിലാന്‍ഡ് ഒരു വിക്കറ്റ് നഷ്ടത്തില്‍ 128 റണ്‍സാണ് നേടിയത്.

Content Highlight: Kamindu Mendis Talking About His Carrier Break

We use cookies to give you the best possible experience. Learn more