ന്യൂസിലാന്‍ഡ്-ശ്രീലങ്ക പരമ്പരയിലെരണ്ടാം ടെസ്റ്റ് ഗല്ലെയില്‍ തുടരുകയാണ്. മത്സരത്തിന്റെ രണ്ടാം ദിനം അവസാനിക്കുമ്പോള്‍ കിവികള്‍ ആദ്യ ഇന്നിങ്സ് ബാറ്റിങ് തുടരുകയാണ്. 14 ഓവറില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 22 റണ്‍സുമായാണ് പര്യടനത്തിനെത്തിയ ന്യൂസിലാന്‍ഡ് രണ്ടാം ദിനം പൂര്‍ത്തിയാക്കിയത്.
നേരത്തെ മത്സരത്തില്‍ ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത ശ്രീലങ്ക ആദ്യ ഇന്നിങ്സില്‍ പടുകൂറ്റന്‍ സ്‌കോറാണ് പടുത്തുയര്‍ത്തിയത്. അഞ്ച് വിക്കറ്റ് നഷ്ടപ്പെട്ട് ആദ്യ ഇന്നിങ്സ് ഡിക്ലയര്‍ ചെയ്യും മുമ്പേ 602 റണ്‍സാണ് ലങ്കന്‍ സിംഹങ്ങള്‍ അടിച്ചുകൂട്ടിയത്.
സൂപ്പര്‍ താരങ്ങളായ കാമിന്ദു മെന്‍ഡിസ്, ദിനേഷ് ചണ്ഡിമല്‍, കുശാല്‍ മെന്‍ഡിസ് എന്നിവര്‍ നേടിയ സെഞ്ച്വറികളുടെ കരുത്തിലാണ് ലങ്ക തകര്‍പ്പന്‍ സ്‌കോര്‍ പടുത്തുയര്‍ത്തിയത്.
കാമിന്ദു മെന്‍ഡിസ് 250 പന്തില്‍ പുറത്താകാതെ 182 റണ്‍സ് നേടി. 16 ഫോറും നാല് സിക്സറും അടങ്ങുന്നതായിരുന്നു താരത്തിന്റെ ഇന്നിങ്സ്. ചണ്ഡിമല്‍ 116 റണ്‍സ് നേടിയപ്പോള്‍ പുറത്താകാതെ 106 റണ്‍സാണ് കുശാല്‍ മെന്‍ഡിസ് അടിച്ചുനേടിയത്.
ന്യൂസിലാന്‍ഡിനെതിരെ സെഞ്ച്വറി പൂര്‍ത്തിയാക്കിയതിന് പിന്നാലെ പല റെക്കോഡുകളും താരം സ്വന്തമാക്കിയിരുന്നു. കരിയറില്‍ 1,000 ടെസ്റ്റ് റണ്‍സ് എന്ന നേട്ടമാണ് ഇതില്‍ പ്രധാനം. കളത്തിലിറങ്ങിയ 13ാം ഇന്നിങ്‌സിലാണ് മെന്‍ഡിസ് ഈ നാഴികക്കല്ല് മറികടന്നത്.
ടെസ്റ്റില്‍ ഏറ്റവും വേഗത്തില്‍ 1,000 റണ്‍സ് പൂര്‍ത്തിയാക്കുന്ന താരങ്ങളുടെ പട്ടികയില്‍ നിലവില്‍ രണ്ടാം സ്ഥാനത്താണ് മെന്‍ഡിസ്. ഇതിഹാസ താരം ഡൊണാള്‍ഡ് ബ്രാഡ്മാനൊപ്പമാണ് താരം രണ്ടാം സ്ഥാനത്ത് ഇരിപ്പുറപ്പിച്ചിരിക്കുന്നത്. 13ാം ഇന്നിങ്‌സിലാണ് ഇരുവരും 1,000 എന്ന മാജിക്കല്‍ നമ്പര്‍ പിന്നിട്ടത്.
12ാം ഇന്നിങ്‌സില്‍ ഈ നേട്ടത്തിലെത്തിയ ഇംഗ്ലണ്ട് താരം ഹെര്‍ബര്‍ട്ട് സട്ക്ലിഫും വിന്‍ഡീസ് സൂപ്പര്‍ താരം എവര്‍ട്ടണ്‍ വീക്‌സുമാണ് ഒന്നാമതുള്ളത്.
ന്യൂസിലാന്‍ഡിനെതിരെ പുറത്തെടുത്ത അപരാജിത ഇന്നിങ്‌സിന് പിന്നാലെ മറ്റൊരു നേട്ടവും താരം സ്വന്തമാക്കി. ടെസ്റ്റില്‍ 1000 റണ്‍സ് പൂര്‍ത്തിയാക്കിയ താരങ്ങളില്‍ ഏറ്റവും മികച്ച രണ്ടാമത് ബാറ്റിങ് ശരാശരി എന്ന നേട്ടമാണ് താരം സ്വന്തമാക്കിയത്.
രണ്ടാം ടെസ്റ്റിലെ ആദ്യ ഇന്നിങ്‌സിന് പിന്നാലെ താരത്തിന്റെ ടെസ്റ്റ് ശരാശരി 74.72ല്‍ നിന്നും 91.27 ആയി ഉയര്‍ന്നു. ഇന്ത്യന്‍ സൂപ്പര്‍ താരം യശസ്വി ജെയ്‌സ്വാളിനെ പിന്തള്ളിയാണ് മെന്‍ഡിസ് രണ്ടാം സ്ഥാനത്തേക്ക് കുതിച്ചത്.
ടെസ്റ്റ് ഫോര്‍മാറ്റിലെ മികച്ച ബാറ്റിങ് ശരാശരി (മിനിമം 1000 റണ്‍സ്)
(താരം – ടീം – ശരാശരി എന്നീ ക്രമത്തില്‍)
സര്‍ ഡൊണാള്‍ഡ് ബ്രാഡ്മാന്‍ – ഓസ്‌ട്രേലിയ – 99.94
കാമിന്ദു മെന്‍ഡിസ് – ശ്രീലങ്ക – 91.27
യശസ്വി ജെയ്‌സ്വാള്‍ – ഇന്ത്യ – 68.53
സ്റ്റിയൂവി ഡെംസ്റ്റര്‍ – ന്യൂസിലാന്‍ഡ് – 65.72
സിഡ്‌നി ബാര്‍നെസ് – ഇംഗ്ലണ്ട് – 63.05
ശ്രീലങ്കന്‍ താരങ്ങളുടെ വ്യക്തിപരമായ പ്രകടനങ്ങളേക്കാള്‍ ശ്രീലങ്കന്‍ ക്രിക്കറ്റിന്റെ ഉയിര്‍ത്തെഴുന്നേല്‍പ് കൂടിയാണ് ചര്‍ച്ചയാകുന്നത്. രണ്ട്-മൂന്ന് വര്‍ഷം മുമ്പ് നാശോന്മുഖമായ ഒരു ക്രിക്കറ്റ് ബോര്‍ഡാണ് ടീമിനുണ്ടായിരുന്നത്. ക്രിക്കറ്റ് ബോര്‍ഡിനെ ഗ്രസിച്ച ദുരാത്മാവ് ടീമിന്റെ പ്രകടനത്തെയും വിടാതെ പന്തുടര്‍ന്നു. ടീമിന്റെ ഗ്രാഫ് കുത്തനെ താഴേക്ക് വീണു.
എന്നാല്‍ പതിയെ ശ്രീലങ്ക ആ തകര്‍ച്ചയില്‍ നിന്നും കരകയറാന്‍ ആരംഭിച്ചു. അവിടെ നിന്നുള്ള കുതിപ്പാണ് ഇപ്പോള്‍ ഗല്ലെയില്‍ ന്യൂസിലാന്‍ഡിനെതിരെയും തുടരുന്നത്.
ന്യൂസിലാന്‍ഡിനെതിരെ നടക്കുന്ന രണ്ടാം ടെസ്റ്റ് ഉള്‍പ്പെടെ അഞ്ച് മത്സരങ്ങളാണ് ഈ സൈക്കിളില്‍ ശ്രീലങ്കക്ക് മുമ്പുള്ളത്. ഇതില്‍ അഞ്ചിലും വിജയിച്ചാല്‍ വേള്‍ഡ് ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്റെ ഫൈനലിനുള്ള വാതിലും ലങ്കക്ക് മുമ്പില്‍ തുറന്നേക്കും. കാലങ്ങളായി അന്യമായ ഐ.സി.സി കിരീടം തന്നെയാണ് ഇപ്പോള്‍ ലങ്കയുടെ ലക്ഷ്യം.
Content Highlight: Kamindu Mendis surpassed Yashasvi Jaiswal in test average