| Wednesday, 18th September 2024, 5:39 pm

ഇടിമിന്നല്‍ മെന്‍ഡിസ്, ലങ്കയുടെ ഭാവി സൂപ്പര്‍ സ്റ്റാര്‍; ന്യൂസിലാന്‍ഡിനെതിരെയുള്ള ആദ്യ ടെസ്റ്റില്‍ ട്വിസ്റ്റ്

സ്പോര്‍ട്സ് ഡെസ്‌ക്

ശ്രീലങ്കയും ന്യൂസിലാന്‍ഡും തമ്മിലുള്ള രണ്ട് ടെസ്റ്റ് മത്സരങ്ങള്‍ അടങ്ങുന്ന പരമ്പരയിലെ ആദ്യ മത്സരം നടന്നുകൊണ്ടിരിക്കുകയാണ്. ഗല്ലെ ഇന്റര്‍നാഷണല്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ ടോസ് നേടിയ ശ്രീലങ്ക ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു. നിലവില്‍ 82 ഓവര്‍ പിന്നിടുമ്പോള്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 297 റണ്‍സാണ് ടീം നേടിയത്.

എന്നാല്‍ കിവീസ് പടയ്ക്ക് മുന്നില്‍ ലങ്കയുടെ ടോപ് ഓര്‍ഡര്‍ തകര്‍ന്ന് വീഴുകയായിരുന്നു. ഓപ്പണര്‍ പാത്തും നിസങ്ക 25 പന്തില്‍ 27 റണ്‍സ് നേടി നില്‍ക്കെ വില്‍ ഒറോര്‍ക്ക് ബൗള്‍ഡ് ചെയ്താണ് വിക്കറ്റ് വേട്ടയ്ക്ക് തുടക്കം കുറിച്ചത്.

പിന്നീട് വെറും രണ്ട് റണ്‍സിന് ദിമുത് കരുണകത്‌നയെയും വില്‍ പറഞ്ഞയച്ചു. പിന്നീട് ദിനേശ് ചണ്ടിമലിനെ (30) ടിം സൗത്തി പറഞ്ഞയച്ചതോടെ 36 റണ്‍സ് നേടിയ എയ്ഞ്ചലോ മാത്യൂസിനെ പുറത്താക്കിക്കൊണ്ട് വില്‍ വീണ്ടും കരുത്ത് കാണിച്ചു. എന്നാല്‍ കിവീസിന് പിഴച്ചത് മറ്റൊരിടത്തായിരുന്നു.

ലങ്കയുടെ അഞ്ചാം നമ്പറില്‍ ഇറങ്ങിയ കമിന്ദു മെന്‍ഡിസ് തകര്‍പ്പന്‍ പ്രകടനമാണ് കാഴ്ചവെച്ചത്. മത്സരം പുരോഗമിക്കുമ്പോള്‍ 168 പന്തില്‍ നിന്ന് 113 റണ്‍സാണ് താരം നേടിയത്. 11 ഫോര്‍ അടക്കമാണ് 25 വയസുകാരന്‍ ഇടിവെട്ട് പ്രകടനം കാഴ്ചവെച്ച് ലങ്കയുടെ രക്ഷകനായി അവതരിച്ചത്.

ഇത് താരത്തിന്റെ ഏഴാം ടെസ്റ്റിലെ 11ാം ഇന്നിങ്‌സാണ് എന്നാല്‍ എല്ലാവരേയും അമ്പരപ്പിച്ചുകൊണ്ട് നാല് സെഞ്ച്വറിയാണ് ഫോര്‍മാറ്റില്‍ താരം ഇതുവരെ നേടിയത്. തന്റെ നാലാം സെഞ്ച്വറിയാണ് മെന്‍ഡിസ് നേടിയത്. താരത്തിന് പുറമെ കുശാല്‍ മെന്‍ഡിസ് 50 റണ്‍സ് നേടി പുറത്താകുകയായിരുന്നു. ക്യാപ്റ്റന്‍ ധനഞ്ജയ ഡി സില്‍വ 11 റണ്‍സിനും കൂടാരം കയറി.

കിവീസിന് വേണ്ടി വില്‍ മൂന്ന് വിക്കറ്റും ഗ്ലെന്‍ ഫിലിപ്‌സ് രണ്ട് വിക്കറ്റും ടിം സൗത്തി ഒരു വിക്കറ്റുമാണ് നിലവില്‍ നേടിയത്.

Content Highlight: Kamindu Mendis Great Performance Against New Zealand

We use cookies to give you the best possible experience. Learn more