കാംബ്ലി ആശുപത്രി വിട്ടു
DSport
കാംബ്ലി ആശുപത്രി വിട്ടു
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 4th December 2013, 12:55 am

[]മുംബൈ: ഹൃദയാഘാതത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന മുന്‍ ദേശീയ ക്രിക്കറ്റ് താരം വിനോദ് കാംബ്ലി ആശുപത്രി വിട്ടു.

ഇപ്പോള്‍ പൂര്‍ണ ആരോഗ്യവാനാണെന്നും വീട്ടില്‍ തിരിച്ചെത്തിയെന്നും കാംബ്ലി ആരാധകരെ അറിയിച്ചു. നവംബര്‍ 29നാണ് 41കാരനായ താരത്തെ മുംബൈയിലെ ലീലാവതി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

കഴിഞ്ഞ നവംബര്‍ 29ന് ചെമ്പൂരില്‍നിന്ന് ബാന്ദ്രയിലേക്ക് കാറോടിച്ച് പോകുന്നതിനിടയിലാണ് കാംബ്ലിക്ക് നെഞ്ചുവേദന അനുഭവപ്പെട്ടത്.

ഈ സമയം ജോലിയിലുണ്ടായിരുന്ന വനിതാ ട്രാഫിക് ഓഫീസറാണ് കാംബ്ലിയെ ആശുപത്രിയിലെത്തിച്ചത്. 2012ല്‍ ഹൃദയ ധമനിയില്‍ തടസ്സമുണ്ടായതിനെ തുടര്‍ന്ന് കാംബ്ലിയെ ആന്‍ജിയോപ്ലാസ്റ്റിക്ക് വിധേയനാക്കിയിരുന്നു.

ജനുവരി 18ന് 42 വയസ് പൂര്‍ത്തിയാകാനിരിക്കുന്ന കാംബ്ലി 17 ടെസ്റ്റ് മത്സരങ്ങളും 104 ഏകദിനങ്ങളും ഇന്ത്യക്ക് വേണ്ടി കളിച്ചിട്ടുണ്ട്.

ഏകദിനത്തില്‍ 32.59 ശരാശരിയില്‍ രണ്ട് സെഞ്ച്വറികളും 14 അര്‍ദ്ധ സെഞ്ച്വറികളും നേടിയിട്ടുണ്ട്.

1995 നവംബറില്‍ ന്യൂസിലണ്ടിനെതിരായായിരുന്നു കാംബ്ലിയുടെ അവസാന ടെസ്റ്റ് മത്സരം. 2000 ഒക്ടോബറില്‍ ഷാര്‍ജയിലായിരുന്നു അവസാന ഏകദിനം.

1990ല്‍ മുംബൈയിലെ സെന്റ് സേവിയര്‍ സ്‌കൂളിന് വേണ്ടി സച്ചിനും കാംബ്ലിയും ചേര്‍ന്ന് 644 റണ്‍സിന്റെ റെക്കോഡ് കൂട്ടുകെട്ട് പടുത്തുയര്‍ത്തിയിരുന്നു. എന്നാല്‍ സച്ചിന്റെ വിടവാങ്ങല്‍ മത്സരങ്ങളില്‍ കാംബ്ലിയുടെ അസാന്നിധ്യം ശ്രദ്ധേയമായിരുന്നു.