| Wednesday, 25th July 2012, 1:32 pm

കാമസൂത്ര നിയമക്കുരുക്കില്‍; ചിത്രീകരണം നിര്‍ത്തിവെച്ചു

ഡൂള്‍ന്യൂസ് ഡെസ്‌ക്

രൂപേഷ് പോള്‍ സംവിധാനം ചെയ്യുന്ന 3 ഡി ചിത്രം കാമസൂത്ര നിയമക്കുരുക്കില്‍. നിയമപരമായ പ്രശ്‌നങ്ങള്‍ കാരണം ചിത്രത്തിന്റെ ഷൂട്ടിങ്  നിര്‍ത്തിവെച്ചെന്ന് സംവിധായകന്‍ അറിയിച്ചു.[]

നടീനടന്‍മാരുടെ മുന്‍ഭാഗം നഗ്‌നമായി ചിത്രീകരിക്കുന്ന തരത്തിലുള്ള രംഗങ്ങള്‍ ഇന്ത്യയില്‍ ഷൂട്ട് ചെയ്യുന്നതിന് നിയമപരമായ വിലക്കുണ്ട്. ഈ വിലക്കാണ് കാമസൂത്രയ്ക്ക് പാരയായത്. ഇതുപോലുള്ള രംഗങ്ങളില്‍ അഭിനയിക്കുന്ന നടീനടന്‍മാര്‍ക്കെതിരെ നിയമപരമായ നടപടിയെടുക്കാനും കഴിയും. അതിനാല്‍ ചിത്രത്തിന്റെ ഷൂട്ടിങ് ഏതെങ്കിലും വിദേശലൊക്കേഷനിലാക്കാനാണ് സംവിധായകന്റെ തീരുമാനം.

തന്റെ ചിത്രത്തില്‍  അഭിനയിക്കുന്ന നടീനടന്‍മാരെ കുഴപ്പത്തിലാക്കാന്‍ ഉദ്ദേശിക്കുന്നില്ല. ചിത്രത്തിന്റെ ഷൂട്ടിങ് വിദേശ രാജ്യത്തേയ്ക്ക് മാറ്റാനാണ് തീരുമാനം- രൂപേഷ് പോള്‍ പറഞ്ഞു.

ഇത്തരം ചിത്രങ്ങളില്‍ അഭിനയിക്കുന്ന നടീനടന്‍മാര്‍ക്കെതിരെ വര്‍ഗ്ഗീയ ശക്തികള്‍ രംഗത്തെത്താനുള്ള സാധ്യത തള്ളിക്കളയാനാവില്ലെന്നും സംവിധായകന്‍ പറയുന്നു.

ബാല്യത്തില്‍ വിവാഹിതയായ ഒരു രാജകുമാരി യൗവനയുക്തയായ ശേഷം തന്റെ ഭര്‍ത്താവിനെ തേടി  നടത്തുന്ന യാത്രയാണ് കാമസൂത്രയുടെ പശ്ചാത്തലം. യാത്രയ്ക്കിടെ കാമസൂത്രകലയില്‍ അതിനിപുണനായ ഒരാള്‍ രാജകുമാരിക്കൊപ്പം കൂടുന്നു. സഹയാത്രികന്റെ വരവോട് കൂടി രാജകുമാരിയുടെ ശരീരത്തിനും മനസിനും പല മാറ്റങ്ങളും സംഭവിയ്ക്കുകയാണ്.

നിഹാരിക സോഥിയെന്ന പുതുമുഖമാണ് ചിത്രത്തില്‍ രാജകുമാരിയായി വേഷമിടുന്നത്. ഡാനി ഷെയ്‌ലര്‍, ബില്‍ ഹട്ട്‌ചെന്‍സ്, അന്ന പാസെ എന്നിവരും ഒട്ടേറെ ബോളിവുഡ് താരങ്ങളും അണിനിരക്കും.

ചിത്രം വിതരണത്തിനെടുത്തിരിക്കുന്നത് മോഷന്‍ പിക്‌ചേഴ്‌സ് അസോസിയേഷന്‍ ഓഫ് അമേരിക്കയാണ്. അതുകൊണ്ടു തന്നെ ഇതിന് യു.എസ് സെന്‍സര്‍ ബോര്‍ഡിന്റെ സര്‍ട്ടിഫിക്കറ്റ് മതിയാവും.

എന്നാല്‍ ഇന്ത്യയില്‍ പ്രദര്‍ശിപ്പിക്കുന്നതിന് മുമ്പ് ഇന്ത്യന്‍ സെന്‍സര്‍ ബോര്‍ഡ് ചിത്രം പരിശോധിക്കും. സഭ്യതയ്ക്ക് നിരക്കാത്ത രംഗങ്ങള്‍ ചിത്രത്തിലുള്ളതായി കണ്ടാല്‍ അവ നീക്കം ചെയ്യുകയും ചെയ്യും.

1996ല്‍ പുറത്തിറങ്ങിയ മീര നായരുടെ “കാമസൂത്ര”യും ഷൂട്ടിങ്ങിന്റെ പേരില്‍ നിയമപ്രശ്‌നങ്ങളില്‍ അകപ്പെട്ടിരുന്നു. ഇതിനെ തുടര്‍ന്ന് ചിത്രം വിദേശത്ത് ഷൂട്ട് ചെയ്തതെന്നതിന്റെ രേഖ നിര്‍മ്മാതാവ് ഹാജരാക്കുകയാണുണ്ടായത്.

We use cookies to give you the best possible experience. Learn more