പാകിസ്ഥാനും സിംബാബ്‌വേയും തമ്മിലുള്ള മൂന്നാമത്തെയും അവസാനത്തെയും ഏകദിന മത്സരം ക്വീന്‍സ് സ്‌പോര്‍ട്‌സ് ക്ലബ്ബില്‍ നടക്കുകയാണ്. പരമ്പരയിലെ മുന്‍ മത്സരങ്ങളില്‍ 1-1ന് സമനില പിടിച്ച ഇരു ടീമുകളും നിര്‍ണായകമായ അവസാന മത്സരത്തില്‍ വാശിയേറിയ പോരാട്ടത്തിലാണ്.
മത്സരത്തില്‍ ടോസ് നേടിയ പാകിസ്ഥാന്‍ ബാറ്റിങ് തെരഞ്ഞെടുത്തപ്പോള്‍ നിശ്ചിത ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 303 റണ്‍സ് ആണ് നേടിയത്. പാകിസ്ഥാന് വേണ്ടി ഓപ്പണര്‍ സൈം അയ്യൂബ് 31 റണ്‍സും അബ്ദുള്ള ഷഫീഖ് 50 റണ്‍സും നേടി മികച്ച തുടക്കമാണ് ടീമിന് നല്‍കിയത്.
എന്നാല്‍ ഇരുവരും പുറത്തായതോടെ ടീമിനുവേണ്ടി കളത്തിലിറങ്ങിയത് കമ്രാന്‍ ഗുലാമും മുഹമ്മദ് റിസ്വാനുമാണ്. പാക്ക് സ്റ്റാര്‍ ബാറ്റര്‍ ബാബര്‍ അസമിന് പകരക്കാരനായി ഇറങ്ങി തന്റെ കന്നി സെഞ്ച്വറി നേടിയാണ് ഗുലാം അന്താരാഷ്ട്ര ഏകദിനത്തില്‍ വരവ് അറിയിച്ചത്.
99 പന്തില്‍ നിന്നും നാല് സിക്‌സും 10 ഫോറും ഉള്‍പ്പെടെ 103 റണ്‍സാണ് താരം സ്വന്തമാക്കിയത്. 104.4 എന്നാല്‍ സ്‌ട്രൈക്ക് റേറ്റിലാണ് താരം ബാറ്റ് വീശിയത്. പാകിസ്ഥാന്‍ ക്രിക്കറ്റ് ടീമില്‍ വമ്പന്‍ പ്രകടനമാണ് താരം കാഴ്ചവെക്കുന്നത്. തന്റെ ആദ്യ ടെസ്റ്റില്‍ തന്നെ സെഞ്ച്വറി നേടി തുടങ്ങിയ ഗുലാം ഇംഗ്ലണ്ടിനെതിരെയുള്ള ടെസ്റ്റ് പരമ്പര വിജയിച്ചാണ് മുന്നോട്ടുവന്നത്.
ഇപ്പോള്‍ സിംബാബ്‌വേയോട് അന്താരാഷ്ട്ര ഏകദിന മത്സരത്തില്‍ വെറും മൂന്ന് ഇന്നിങ്‌സില്‍ നിന്നുമാണ് ഗുലാം സെഞ്ച്വറി കണ്ടെത്തിയത്. പാകിസ്ഥാന്‍ ക്രിക്കറ്റ് ടീമിന്റെ പ്രതീക്ഷ ഉയര്‍ത്തുന്ന താരമാണ് കമ്രാന്‍ ഗുലാം.
മത്സരത്തില്‍ പാകിസ്ഥാന്‍ വിക്കറ്റ് കീപ്പറും ക്യാപ്റ്റനുമായ 37 റണ്‍സ് നേടിയപ്പോള്‍ സല്‍മാന്‍ അലി ആഘ 30 റണ്‍സും നേടി. മാത്രമല്ല തയ്യബ് താഹിര്‍ 29 റണ്‍സ് നേടി പുറത്താകാതെ നിന്നു. സിംബാബ്‌വേക്ക് വേണ്ടി സിക്കന്ദര്‍ റാസ, റിച്ചാര്‍ഡ് ഇഗര്‍വാ എന്നിവര്‍ രണ്ട് വിക്കറ്റുകള്‍ നേടിയപ്പോള്‍ ബ്ലെസിങ് മുസാരബാനിയും ഫറാസ് അക്രമവും ഓരോ വിക്കറ്റു വീതം നേടി.