|

കമല്‍ റാം സജീവ് മാതൃഭൂമിയില്‍ നിന്നും രാജിവെച്ചു; കോപ്പി എഡിറ്റര്‍ സ്ഥാനം രാജിവെക്കുകയാണെന്ന് മനില സി.മോഹനും

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: മാതൃഭൂമി ആഴ്ചപതിപ്പ് അസിസ്റ്റന്റ് എഡിറ്ററായിരുന്ന കമല്‍ റാം സജീവ് മാതൃഭൂമിയില്‍ നിന്നും രാജിവെച്ചു. ആഴ്ചപതിപ്പ് ചുമതലയില്‍ നിന്ന് നീക്കിയതിനു പിന്നാലെയാണ് രാജി.

കമല്‍റാമിനു പുറമേ ആഴ്ചപതിപ്പ് കോപ്പി എഡിറ്ററായിരുന്ന മനില സി. മോഹനും സ്ഥാപനത്തില്‍ നിന്ന് രാജിവെക്കുകയാണ്. രാജിക്കത്ത് നാളെ കൈമാറുമെന്ന് മനില പറഞ്ഞു. കമല്‍റാമിനെ ആഴ്ചപതിപ്പിന്റെ ചുമതലയില്‍ നിന്ന് നീക്കിയ നടപടിയില്‍ പ്രതിഷേധിച്ചാണ് രാജിയെന്നും ഇത് തന്റെ വ്യക്തിപരമായ തീരുമാനമാണെന്നും അവര്‍ ഡൂള്‍ന്യൂസിനോടു പറഞ്ഞു.

ദിവസങ്ങള്‍ക്കുമുമ്പാണ് കമല്‍റാം സജീവിനെ മാതൃഭൂമി ആഴ്ചപതിപ്പിന്റെ ചുമതലയില്‍ നിന്ന് നീക്കിയത്. സുഭാഷ് ചന്ദ്രനാണ് പുതിയ ചുമതല. എസ് ഹരീഷിന്റെ മീശ നോവലുമായി ബന്ധപ്പെട്ട് ഉയര്‍ന്ന വിവാദത്തിന് പിന്നാലെയാണ് കമല്‍ റാം സജീവിനെ ആഴ്ചപ്പതിപ്പിന്റെ ചുമതലയില്‍ നിന്നു നീക്കിയത്.

Also Read:നിങ്ങള്‍ പറഞ്ഞ ഗോള്‍ഡന്‍ ഓപ്പര്‍ച്യുനിറ്റി കേരളത്തില്‍ അട്ടര്‍നോണ്‍സണ്‍സാണ്; ശ്രീധരന്‍പിള്ളയെ ചാനല്‍ചര്‍ച്ചയില്‍ വലിച്ചുകീറി ശ്രീചിത്രന്‍

സംഘപരിവാര്‍ ശക്തികളുടേയും എന്‍.എസ്.എസിന്റെയും സമ്മര്‍ദ്ദമാണ് നടപടിക്ക് പിന്നിലെന്നാണ് റിപ്പോര്‍ട്ട്. ശബരിമല വിഷയത്തില്‍ ആഴ്ചപ്പതിപ്പ് സംഘപരിവാര്‍ വിരുദ്ധ കാമ്പയിന്‍ നടത്തും എന്ന ഭയവും ഇത്തരമൊരു നീക്കത്തിന് പിന്നിലുണ്ടെന്നാണ് അറിയുന്നത്.

മാതൃഭൂമിയുടെ എഡിറ്റോറിയല്‍ സമീപനത്തില്‍ നിന്ന് വ്യത്യസ്തമായി സംഘപരിവാര്‍ രാഷ്ട്രീയത്തിന് എതിരെ നിലപാട് എടുത്തതിന്റെ പേരില്‍ ഏറെ ശ്രദ്ധേയനായിരുന്ന പത്രാധിപരായിരുന്നു കമല്‍റാം സജീവ്.

മീശ വിവാദത്തില്‍ നോവലിസ്റ്റ് എസ്. ഹരീഷിനെ പിന്തുണച്ചും മീശയെ ന്യായീകരിച്ചും കമല്‍റാം സജീവ് രംഗത്തെത്തിയിരുന്നു. സാഹിത്യം ആള്‍ക്കൂട്ട കൊലപാതകത്തിന് ഇരയായിരിക്കുന്നെന്നും കേരളത്തിന്റെ സാംസ്‌ക്കാരിക ചരിത്രത്തിലെ ഇരുണ്ട ദിനം എന്നായിരുന്നു മീശ പിന്‍വലിച്ച ദിവസം കമല്‍റാം സജീവ് ട്വിറ്ററില്‍ കുറിച്ചത്.

കഴിഞ്ഞ 15 വര്‍ഷമായി മാതൃഭൂമി ആഴ്ചപ്പതിപ്പിനെ നയിക്കുന്നത് കമല്‍റാം സജീവാണ്. മാതൃഭൂമി ആഴ്ചപതിപ്പിനെ കെട്ടിലും മട്ടിലും മാറ്റിയത് കമല്‍റാമിന്റെ നേതൃത്വത്തിലുള്ള പത്രാധിപ സമിതിയാണ്. ന്യൂസ് ഡസ്‌ക്കിലെ കാവി രാഷ്ട്രീയത്തെ കുറിച്ചുള്ള കമല്‍ റാം സജീവിന്റെ പുസ്തകം വലിയ ചര്‍ച്ചയായിരുന്നു.