സാംസ്‌കാരിക നായകര്‍ക്ക് കേരളത്തിന്റെ നവോത്ഥാന ചരിത്രത്തില്‍ പങ്കുണ്ടെന്ന അഭിപ്രായമില്ല: കമല്‍റാം സജീവ്
ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: സാംസ്‌കാരിക നായകര്‍ക്ക് കേരളത്തിന്റെ നവോത്ഥാന ചരിത്രത്തില്‍ പങ്കുണ്ടെന്ന അഭിപ്രായമില്ലെന്ന് മാധ്യമപ്രവര്‍ത്തകന്‍ കമല്‍റാം സജീവ്. കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവെലില്‍ മീശയ്ക്കുശേഷമുള്ള കേരളം എന്ന സംവാദത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

മാതൃഭൂമി ആഴ്ചപ്പതിപ്പിന്റെ എഡിറ്റര്‍ സ്ഥാനത്തുനിന്നും പുറത്താക്കപ്പെട്ടപ്പോള്‍ കേരളത്തിലെ സാംസ്‌കാരിക വ്യക്തിത്വങ്ങളില്‍ നിന്നും മതിയായ പിന്തുണയുണ്ടായോയെന്ന ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

സമീകരണ സിദ്ധാന്തത്തിന്റെ ആള്‍ക്കാരാണ് ഈ സാംസ്‌കാരിക സമൂഹം. ഇടതുപക്ഷത്തും ഫാസിസമുണ്ട്, വലതുപക്ഷത്തും ഫാസിസമുണ്ട് എന്ന സമീകരണത്തിന്റെ ആളുകള്‍. അവരില്‍ നിന്നും മറ്റൊന്നും പ്രതീക്ഷിക്കാനില്ലെന്നും കമല്‍റാം സജീവ് പറഞ്ഞു.

സാംസ്‌കാരിക നായകര്‍ക്ക് കേരളത്തിന്റെ നവോത്ഥാന ചരിത്രത്തില്‍ പങ്കുണ്ടെന്ന് തോന്നുന്നില്ല. അടിയന്തരാവസ്ഥക്കാലം തൊട്ട് ഇങ്ങോട്ടുള്ള കാര്യങ്ങള്‍ പരിശോധിച്ചാല്‍ അത് ബോധ്യമാകും. അതുകൊണ്ട് അത്തരത്തിലുള്ള പ്രതീക്ഷകളും സങ്കടങ്ങളുമില്ലെന്നും അദ്ദേഹം പറഞ്ഞു.

താനറിയാത്ത, തന്നെയറിയാത്ത ഒരുപാടു പേര്‍ പിന്തുണ അറിയിച്ചിട്ടുണ്ട്. ആ വായനക്കാരിലാണ് പ്രതീക്ഷയെന്നും അദ്ദേഹം വ്യക്തമാക്കി.

അയച്ചുകിട്ടുന്ന രചനകള്‍ മാത്രം പ്രസിദ്ധീകരിക്കണമെന്ന് തീരുമാനിക്കുന്നയാളല്ല ഇന്നത്തെ കാലത്ത് എഡിറ്റര്‍. അയാള്‍ മാധ്യമസ്ഥാപനത്തിന്റെ നിലപാട് സൂക്ഷിക്കുന്നയാള്‍ കൂടിയാണ്. ആ എഡിറ്ററെ തോല്‍പ്പിക്കുകയെന്നതാണ് സംഘപരിവാര്‍ ശക്തികള്‍ ചെയ്തുകൊണ്ടിരിക്കുന്നത്. ഇപ്പോള്‍ കേരളത്തിലെ വലിയൊരു പത്രസ്ഥാപനത്തിലാണ് ഇത് സംഭവിച്ചിരിക്കുന്നത്. സുപ്രീം കോടതി വിധിയുടെ പിന്‍ബലമുണ്ടായിരുന്നിട്ടുകൂടി ആ തോല്‍വി ഒരു പത്രസ്ഥാപനത്തിനു ഏറ്റുവാങ്ങേണ്ടി വന്നിട്ടുണ്ടെങ്കില്‍ ഇനിയങ്ങോട്ട് എല്ലാ വരികളും അങ്ങനെ തന്നെയായിരിക്കും. അതില്‍ ഭയചകിതരാകണമെന്നും അദ്ദേഹം പറഞ്ഞു.

പുരോഗമന സമൂഹമെന്ന് നമ്മള്‍ പറയുന്ന കേരളീയ സമൂഹത്തില്‍ ഇനിയുള്ള കാലം എത്ര നല്ല എഴുത്തുകള്‍ ഉണ്ടായാലും അത് പ്രസിദ്ധീകരിക്കാന്‍ ആളുണ്ടാവില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.