കോഴിക്കോട്: “മീശ” വിഷയത്തില്‍ ഗാന്ധിജിയുടെ പാരമ്പര്യം പറയുന്ന മാതൃഭൂമി ചില ഗ്രൂപ്പുകള്‍ക്ക് വേണ്ടി നിലപാടില്‍ നിന്ന് വ്യതിചലിച്ചുവെന്ന് മാതൃഭൂമി ആഴ്ചപതിപ്പ് മുന്‍ എഡിറ്റര്‍ കമല്‍റാം സജീവ്. ദേശീയ തലത്തില്‍ സംഘപരിവാര്‍ പത്രാധിപ സമിതിയെ പോലും റാഞ്ചുന്ന സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്. കേരളത്തിലെ സംഘപരിവാറിന്റെ കടന്നുകയറ്റത്തിന്റെ ആദ്യ സംഭവമാണ് മീശ വിഷയത്തില്‍ ഉണ്ടായതെന്നും കമല്‍റാം സജീവ് പറയുന്നു.
“കേരളം മീശയ്ക്ക് ശേഷം” എന്ന വിഷയത്തില്‍ എസ്. ഹരീഷിനൊപ്പം കോഴിക്കോട് ലിറ്ററേച്ചര്‍ ഫെസ്റ്റിവലില്‍ സംസാരിക്കുകയായിരുന്നു കമല്‍റാം സജീവ്.
മീശ പ്രസിദ്ധീകരിക്കാമെന്നത് ഞാന്‍ ഒറ്റയ്‌ക്കെടുത്ത തീരുമാനമായിരുന്നില്ല. മീശ ഒരു മികച്ച കൃതി ആണെന്ന് എനിക്കും എന്റെ കൂടെ ജോലി എടുത്തവര്‍ക്കും മനസിലായിരുന്നു. കമല്‍റാം സജീവ് പറഞ്ഞു.
മീശയ്ക്ക് അനുകൂലമായ കോടതി വിധി അതേ “അര്‍ത്ഥത്തില്‍ ചര്‍ച്ച ചെയ്തില്ല. എഴുത്തുകാരന്റെ സ്വാതന്ത്യം ഉറപ്പ് വരുത്തിയ ഈ വിധി വേണ്ട വിധത്തില്‍ കേരളീയ സമൂഹത്തില്‍ എത്തിയിട്ടില്ലെന്നും കമല്‍ റാം പറഞ്ഞു.
“മീശ” വിധി മനോരമ 5 സെന്റിമീറ്ററില്‍ ഒതുക്കിയപ്പോള്‍ മാതൃഭൂമിക്ക് അത് ബോക്‌സ് വാര്‍ത്തയായിരുന്നു എന്നാല്‍ ദേശീയ മാധ്യമങ്ങള്‍ പലതും ആ വാര്‍ത്ത ലീഡ് ആക്കി. മലയാളത്തിലെ ടെലിവിഷന്‍ ചാനലുകളും വാര്‍ത്ത മുക്കി. ഉച്ചക്ക് വന്ന വിധി സ്‌ക്രോള്‍ ആക്കിയതല്ലാതെ ടെലിവിഷനുകള്‍ അത് കൊടുത്തില്ല. പ്രൈംടൈം ചര്‍ച്ചയില്‍ അത് വിഷയമായില്ല. കാമുകി കാമുകന്‍മാര്‍ പിരിഞ്ഞ വാര്‍ത്തയടക്കം ചര്‍ച്ചയാക്കുന്ന ചാനലുകള്‍ക്ക് ഈ സുപ്രധാന വിധി വാര്‍ത്തയല്ലായിരുന്നു. ഏറ്റവും ആപത്കരമായ അവസ്ഥയാണ് ഇപ്പോള്‍ കടന്ന് പോകുന്നത്. ശബരിമല പ്രശ്‌നത്തില്‍ നിന്ന് മാതൃഭൂമി എടുത്ത നിലപാട് എന്താണെന്ന് നമുക്ക് അറിയാമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
“”രാജി വെച്ചതിലൂടെ എനിക്ക് പ്രത്യേകിച്ച് ഒന്നും സംഭവിച്ചിട്ടില്ല. മാതൃഭൂമിയെ കുറ്റപ്പെടുത്തുന്നില്ല കാരണം സംഘപരിവാറുകാര്‍ കോര്‍പ്പറേറ്റുകളെ സ്വാധീനിച്ച് പരസ്യം പിന്‍വലിക്കുകയായിരുന്നു. പരസ്യം ഉപയോഗിച്ച് ഒരു മാധ്യമത്തെ അരികുവല്‍ക്കരിച്ച ആദ്യ സംഭവമാണിത്.
മീശ വിഷയത്തില്‍ സര്‍ക്കുലേഷന്‍ കുറയും എന്നതായിരുന്നു പറഞ്ഞ പ്രധാനകാര്യം. പക്ഷേ 2018 ജനുവരി മുതല്‍ 2018 ജൂലായ് വരെ 85000 കോപ്പികളുടെ കുറവാണ് മാതൃഭൂമിക്ക് ഉണ്ടായത്. അതിന് ശേഷമുള്ള കണക്കുകള്‍ വന്നിട്ടില്ല. പക്ഷേ അതിന് കാരണം മീശയല്ല. മീശ വന്നത് ജൂലായിലാണ്. “” കമല്‍ റാം സജീവ് പറഞ്ഞു.
എഴുത്തുകാരനേക്കാള്‍ എഡിറ്റര്‍ കൂടുതല്‍ വിലങ്ങ് അണിഞ്ഞിരിക്കുന്ന കാലമാണിതെന്നും അദ്ദേഹം പറഞ്ഞു.