| Wednesday, 21st February 2024, 12:02 pm

ബി.ജെ.പി കൈയൊഴിഞ്ഞു? പിന്നാലെ കോൺഗ്രസ്‌ യോഗത്തിൽ പങ്കെടുത്ത് കമൽ നാഥ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദൽഹി: കമൽ നാഥ് ബി.ജെ.പിയിൽ ചേർന്നാൽ സിഖ് വിരുദ്ധനെ സ്വീകരിച്ചെന്ന പ്രചാരണമുണ്ടാകുമെന്നതിനാൽ അദ്ദേഹത്തെ പാർട്ടിയിലെടുക്കുന്നതിനോട് ബിജെപിക്ക് അതൃപ്തിയുണ്ടെന്ന് റിപ്പോർട്ടുകൾ.

ഈ പശ്ചാത്തലത്തിലാണ് ഭാരത് ജോഡോ യാത്ര വിജയിപ്പിക്കുന്നതിനുള്ള കൂടിയാലോചന യോഗത്തിൽ കമൽ നാഥ് പങ്കെടുത്തത് എന്നാണ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.

സിഖ് കൂട്ടക്കൊലയിൽ കമൽ നാഥിന് പങ്കുണ്ടെന്ന് ബി.ജെ.പി നേതാക്കൾ ആരോപിച്ചിരുന്നു. കർഷക സമരം കൂടെ നടക്കുന്ന പശ്ചാത്തലത്തിൽ കമൽ നാഥിനെ സ്വീകരിക്കുന്നത് ബുദ്ധിയല്ലെന്നാണ് ബി.ജെ.പി കരുതുന്നത്. പഞ്ചാബിൽ ശിരോമണി അകാലി ദളുമായി സഖ്യം പുനസ്ഥാപിക്കാനുള്ള നീക്കങ്ങൾ നടക്കുകയാണ്. അതിനെയും മധ്യപ്രദേശ് മുൻ മുഖ്യമന്ത്രിയുടെ പാർട്ടി പ്രവേശനം ബാധിക്കുമെന്നാണ് ബി.ജെ.പി വിലയിരുത്തുന്നത്.

അതേസമയം കമൽ നാഥും മകൻ നകുൽ നാഥും ബി.ജെ.പിയിലേക്ക് പോകുമെന്ന പ്രചരണം അടിസ്ഥാനരഹിതമാണെന്ന് കോൺഗ്രസസിന്റെ മധ്യപ്രദേശ് ജനറൽ സെക്രട്ടറി ഭൻവർ ജിതേന്ദ്ര പറഞ്ഞു.

ഭാരത് ജോഡോ യാത്രയിൽ കമൽ നാഥ് പങ്കെടുക്കുമെന്നും ജിതേന്ദ്ര അറിയിച്ചു. മധ്യപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസ്‌ ദയനീയമായി പരാജയപ്പെട്ടപ്പോൾ പി.സി.സി അധ്യക്ഷ സ്ഥാനത്ത് നിന്ന് കമൽ നാഥിനെ നീക്കിയിരുന്നു.

രാജ്യസഭാ സീറ്റ് ആവശ്യപ്പെട്ടെങ്കിലും നൽകിയിരുന്നുമില്ല. ദിഗ്‌വിജയ് സിങ്ങിന്റെ വിശ്വസ്തനായ അശോക് സിങ്ങിനാണ് സീറ്റ് ലഭിച്ചത്.

ഈ സാഹചര്യത്തിലാണ് അദ്ദേഹം ബി.ജെ.പിയിലേക്ക് പോകുകയാണെന്ന അഭ്യൂഹങ്ങൾ ശക്തമായത്. കമൽ നാഥിന്റെ മകൻ നകുൽ നാഥ് സാമൂഹ്യ മാധ്യമ അക്കൗണ്ടുകളിൽ നിന്ന് പേരിനൊപ്പമുണ്ടായിരുന്ന കോൺഗ്രസ്‌ നീക്കം ചെയ്തിരുന്നു.

നിലവിൽ ചിന്ദ്‌വാഡയിൽ എം.പിയായ നകുൽ നാഥ് അവിടെ നിന്ന് തന്നെ മത്സരിക്കുമെന്ന് ജിതേന്ദ്ര പറഞ്ഞു.

Content Highlight: Kamalnath participated in Congress meeting after reports came BJP not interested in him

We use cookies to give you the best possible experience. Learn more